സത്യമാണ്..
എന്റെ വഴിയിലെത്ര മുറിവേറ്റിട്ടും എവിടെയും ഞാൻ വീണു പോകാഞ്ഞത് എന്താണെന്ന് അറിയാമോ..
ഇവരൊക്കെ കൂടെ ഉണ്ടായത് കൊണ്ടാണ്...
ജീവിതത്തിന്റെ മൂർച്ചയിൽ ഞാൻ മറന്നു പോയ ഊഷ്മളതയും മുദുത്വവും, എന്നോട് കാണിച്ചതിവരായിരുന്നു .മൃദുവാർന്ന മനസ്സു കൊണ്ടെന്നെ ചേർത്ത് പിടിച്ചവർ രണ്ടും എന്നോടത് പറയാതെ പറയുമായിരുന്നു..
ഇല്ലെങ്കിൽ അതൊക്കെ എന്നേക്കുമായി ഞാൻ മറന്നേനെ!
ഈ ഫോട്ടോ നോക്കി കണ്ണുകൾ എത്രവട്ടം നനഞ്ഞുവെന്ന് എനിക്ക് ഓർമ്മയില്ല. കാരണം എന്റെ വഴിയിൽ ഏറെ പേര് കടന്നു വരികയും വന്നവരിൽ അധികവും അവരുടെ ആവശ്യം കഴിയുമ്പോൾ പറഞ്ഞോ പറയാതെയോ അവരവരുടെ ഇടത്താവളങ്ങളിൽ ഇറങ്ങി പോകുകയോ ചെയ്യാറുണ്ട്.. ഒന്നുറപ്പാണ് എന്റെ അടുത്തെത്തിയതിനെക്കാൾ മികച്ച ഒരാളായിട്ടായിരിക്കും അവർ അവരുടെ പുതിയ താവളത്തിലേക്ക് കാലെടുത്തു വെച്ചിട്ടുണ്ടാവുക. അവരിറങ്ങി പോകുമ്പോൾ ഞാൻ കരയുകയോ വിഷമിക്കുകയോ ചെയ്യാറില്ല കാരണം എനിക്ക് ഇവരുണ്ടല്ലോ എന്നെന്നേക്കുമായി..എനിക്ക് എന്തിനാണ് അധികം പേർ!!. എത്രയോ അധികമാണ് ഇവരെനിക്ക്!!!..
കടന്നുവരുന്ന ഓരോരുത്തർക്കും വേണ്ടി ഞാൻ മാറ്റിവെക്കുന്നത് പലപ്പോഴും ഇവരുടെ കൂടെ സമയമായിരുന്നു..ഒരു പരാതിയും കൂടാതെ അവരത് വിട്ടുതരാറുണ്ട്. എന്നിട്ട് ഞാൻ തിരിച്ചെത്തുമ്പോൾ പഴയപോലെതന്നെ സ്വീകരിക്കുകയും,
എവിടെ നിർത്തിയോ അവിടെനിന്ന് ഞങ്ങൾ തുടങ്ങകയും ചെയ്യും.
ഇവരെങ്ങനെയാണ് കോളേജിലെ ഏറ്റവും തല്ലിപ്പൊളിയായ എന്നെ കൂടെ കൂട്ടിയതെന്ന് എനിക്ക് ഇന്നും അതിശയമാണ്.
ആരോടും കഠിനമായി പെരുമാറാത്ത അവരും അതിന്റെ വിപരീതമായ ഞാനും, എങ്ങനെ ഒത്തു പോയോ എന്തോ?
.ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ ഒന്നും കാര്യമായി അറിയാത്ത പാവം രണ്ടു ജന്മങ്ങൾ ആയിരുന്നു അന്നവർ..
ആരെങ്കിലും സങ്കടം പറഞ്ഞു കണ്ണ് നിറയ്ക്കുന്നത് കണ്ടാൽ ഒപ്പം കണ്ണ് നിറഞ്ഞിരുന്ന രണ്ട് ആത്മാക്കൾ.
അപ്പോഴൊക്കെ ഞാൻ അത്ഭുതത്തോടെയും പുച്ഛത്തോടെയും അവരെ നേരിടും. ഇതൊന്നും മനസ്സിൽ വെക്കുന്ന പതിവ് പണ്ടേ ഇല്ല. അതികഠിനമായി ഞാൻ അവരെ പുച്ഛിച്ചു തള്ളുമായിരുന്നു, പരിഹസിക്കും, അതേപോലെതന്നെ അവരെ മറ്റുള്ളവരിൽ നിന്ന് പ്രതിരോധിക്കുന്നതും പതിവായിരുന്നു. അവരുടെ ഗുണ്ട ഞാനാണെന്ന് അവർ അഭിമാനിക്കുകയും ചെയ്യും എത്ര കളിയാക്കിയിട്ടും അവർ രണ്ടും എന്നെ എന്തുമാത്രം സ്നേഹിക്കുന്നുവെന്ന് ഓർക്കുമ്പോൾ അത്ഭുതം തന്നെയാണ്.
എഴുത്തും വായനയും, വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള പങ്കുവെക്കലുകളും എല്ലാമായി എന്തൊരു സുന്ദരമായിരുന്നു ആ കാലഘട്ടം. നേരം അവർക്കൊപ്പമായിരിക്കുമ്പോൾ പറന്നു പോകുമായിരുന്നു.. എനിക്കതു പിടിച്ചു നിർത്താൻ തോന്നും വിധം മനോഹരമായിരുന്നു അത്.
ഞാനല്ലായിരുന്നു എഴുത്തുകാരി അവരായിരുന്നു, അവർ രണ്ടുപേരും ആയിരുന്നു മനോഹരമായ മലയാളം കൊണ്ട് മാജിക്കുകൾ കാണിച്ചിരുന്നത്. എന്റെ കയ്യിൽ ഉണ്ടായിരുന്നത് കുറെയേറെ ദുരിതം നിറഞ്ഞ അനുഭവങ്ങൾ മാത്രമായിരുന്നു. അതും അവരോട് പോലും വളരെ വൈകി പങ്കു വെച്ചവ.
പ്രിയപ്പെട്ടതുങ്ങളെ നിങ്ങൾ എനിക്ക് തന്ന സ്നേഹം നിറഞ്ഞ, വഴക്കുകളില്ലാത്ത എത്രയോ നല്ല ലോകമാണെന്ന് അറിയാമോ? ഇപ്പറഞ്ഞതെല്ലാംഎനിക്ക് എത്ര വലിയ മരീചിക ആയിരുന്നെന്നറിയാമോ.. നിങ്ങളിലൂടെയാണ് ഞാൻ അതെല്ലാം കണ്ടെത്തിയിരുന്നത്, അത്ഭുതലോകത്തെ ആലീസിനെ പോലെ അതെല്ലാം അറിഞ്ഞിരുന്നത്!
വാക്കുകൾക്കതീതമായി നിൽക്കുകയാണ് നിങ്ങളോടുള്ള സ്നേഹം.. എത്ര പറഞ്ഞിട്ടും തീരുന്നില്ലല്ലോ...
എന്റെ ജീവിതത്തിലെ എല്ലാ വഴിത്തിരിവുകളിലും അവരുണ്ടായിരുന്നു അവരുടെ വഴിത്തിരിവുകൾ ഞാനും! അവരുടെ മക്കൾ എന്റേതായിരുന്നു എന്റേത് അവരുടേതും..
അതിന്നും തുടരുന്നു, ഞങ്ങളുടെ മക്കളിലൂടെ കൂടുതൽ ഉറപ്പോടെ തുടരുകയും ചെയ്യും..
മരിക്കുംവരെ എന്റെ ഒപ്പമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്ന അപൂർവം ചിലരെ ജീവിതത്തിൽ ഒള്ളൂ.. അതിൽ രണ്ടു പേരിവരാണ്. ഒരു വഴിയിലും അവർ പറയാതെ ഇറങ്ങി പോകില്ലെന്ന് എനിക്കുറപ്പുണ്ട്. ഏതെങ്കിലും സ്റ്റോപ്പിൽ ഇറങ്ങുന്നുണ്ടെങ്കിൽ അത് എന്റെയും കൂടെ കൈപിടിച്ച് ആയിരിക്കും എന്നുള്ള ഉറപ്പെനിക്ക് തന്ന രണ്ടുപേരാണ്.
സ്നേഹം കൊണ്ടെനിക്ക് കരച്ചിൽ നിർത്താനാകുന്നില്ലല്ലോ എന്റെ ഹൃദയമേ.💜

No comments:
Post a Comment