Tuesday, 21 July 2026

കാലം ഞങ്ങളിലൂടെ 💜

 

സത്യമാണ്..
എന്റെ വഴിയിലെത്ര മുറിവേറ്റിട്ടും എവിടെയും  ഞാൻ വീണു പോകാഞ്ഞത് എന്താണെന്ന് അറിയാമോ..
ഇവരൊക്കെ  കൂടെ ഉണ്ടായത് കൊണ്ടാണ്...
ജീവിതത്തിന്റെ മൂർച്ചയിൽ  ഞാൻ മറന്നു പോയ  ഊഷ്മളതയും മുദുത്വവും,  എന്നോട് കാണിച്ചതിവരായിരുന്നു .മൃദുവാർന്ന മനസ്സു കൊണ്ടെന്നെ ചേർത്ത് പിടിച്ചവർ  രണ്ടും എന്നോടത് പറയാതെ പറയുമായിരുന്നു..
ഇല്ലെങ്കിൽ അതൊക്കെ എന്നേക്കുമായി ഞാൻ മറന്നേനെ!

 ഈ ഫോട്ടോ നോക്കി കണ്ണുകൾ എത്രവട്ടം നനഞ്ഞുവെന്ന് എനിക്ക് ഓർമ്മയില്ല. കാരണം എന്റെ വഴിയിൽ ഏറെ പേര് കടന്നു വരികയും വന്നവരിൽ അധികവും അവരുടെ ആവശ്യം കഴിയുമ്പോൾ പറഞ്ഞോ പറയാതെയോ അവരവരുടെ ഇടത്താവളങ്ങളിൽ ഇറങ്ങി പോകുകയോ ചെയ്യാറുണ്ട്.. ഒന്നുറപ്പാണ്  എന്റെ അടുത്തെത്തിയതിനെക്കാൾ മികച്ച ഒരാളായിട്ടായിരിക്കും  അവർ അവരുടെ പുതിയ താവളത്തിലേക്ക് കാലെടുത്തു വെച്ചിട്ടുണ്ടാവുക. അവരിറങ്ങി പോകുമ്പോൾ ഞാൻ കരയുകയോ വിഷമിക്കുകയോ ചെയ്യാറില്ല കാരണം എനിക്ക് ഇവരുണ്ടല്ലോ എന്നെന്നേക്കുമായി..എനിക്ക് എന്തിനാണ് അധികം പേർ!!. എത്രയോ അധികമാണ് ഇവരെനിക്ക്!!!..

 കടന്നുവരുന്ന  ഓരോരുത്തർക്കും വേണ്ടി ഞാൻ മാറ്റിവെക്കുന്നത് പലപ്പോഴും ഇവരുടെ കൂടെ സമയമായിരുന്നു..ഒരു പരാതിയും കൂടാതെ അവരത് വിട്ടുതരാറുണ്ട്.   എന്നിട്ട് ഞാൻ തിരിച്ചെത്തുമ്പോൾ പഴയപോലെതന്നെ സ്വീകരിക്കുകയും,
 എവിടെ നിർത്തിയോ അവിടെനിന്ന് ഞങ്ങൾ തുടങ്ങകയും ചെയ്യും.

 ഇവരെങ്ങനെയാണ് കോളേജിലെ ഏറ്റവും തല്ലിപ്പൊളിയായ എന്നെ കൂടെ കൂട്ടിയതെന്ന്  എനിക്ക് ഇന്നും അതിശയമാണ്. 
ആരോടും കഠിനമായി പെരുമാറാത്ത അവരും അതിന്റെ വിപരീതമായ ഞാനും, എങ്ങനെ ഒത്തു പോയോ എന്തോ? 
.ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ ഒന്നും  കാര്യമായി അറിയാത്ത പാവം രണ്ടു ജന്മങ്ങൾ ആയിരുന്നു അന്നവർ..
ആരെങ്കിലും സങ്കടം പറഞ്ഞു കണ്ണ് നിറയ്ക്കുന്നത് കണ്ടാൽ ഒപ്പം കണ്ണ് നിറഞ്ഞിരുന്ന രണ്ട് ആത്മാക്കൾ. 
 അപ്പോഴൊക്കെ ഞാൻ അത്ഭുതത്തോടെയും പുച്ഛത്തോടെയും അവരെ നേരിടും.  ഇതൊന്നും മനസ്സിൽ വെക്കുന്ന പതിവ് പണ്ടേ ഇല്ല. അതികഠിനമായി ഞാൻ അവരെ പുച്ഛിച്ചു തള്ളുമായിരുന്നു, പരിഹസിക്കും, അതേപോലെതന്നെ  അവരെ മറ്റുള്ളവരിൽ നിന്ന് പ്രതിരോധിക്കുന്നതും പതിവായിരുന്നു. അവരുടെ ഗുണ്ട ഞാനാണെന്ന് അവർ അഭിമാനിക്കുകയും ചെയ്യും  എത്ര കളിയാക്കിയിട്ടും അവർ രണ്ടും എന്നെ എന്തുമാത്രം സ്നേഹിക്കുന്നുവെന്ന് ഓർക്കുമ്പോൾ അത്ഭുതം തന്നെയാണ്.

 എഴുത്തും വായനയും, വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള പങ്കുവെക്കലുകളും എല്ലാമായി എന്തൊരു സുന്ദരമായിരുന്നു ആ കാലഘട്ടം. നേരം അവർക്കൊപ്പമായിരിക്കുമ്പോൾ പറന്നു പോകുമായിരുന്നു.. എനിക്കതു പിടിച്ചു നിർത്താൻ തോന്നും വിധം മനോഹരമായിരുന്നു അത്.

ഞാനല്ലായിരുന്നു എഴുത്തുകാരി അവരായിരുന്നു, അവർ രണ്ടുപേരും ആയിരുന്നു മനോഹരമായ മലയാളം കൊണ്ട് മാജിക്കുകൾ കാണിച്ചിരുന്നത്. എന്റെ കയ്യിൽ ഉണ്ടായിരുന്നത് കുറെയേറെ ദുരിതം നിറഞ്ഞ അനുഭവങ്ങൾ മാത്രമായിരുന്നു. അതും അവരോട് പോലും വളരെ വൈകി പങ്കു വെച്ചവ. 

 പ്രിയപ്പെട്ടതുങ്ങളെ നിങ്ങൾ എനിക്ക് തന്ന സ്നേഹം നിറഞ്ഞ,  വഴക്കുകളില്ലാത്ത എത്രയോ നല്ല ലോകമാണെന്ന് അറിയാമോ?  ഇപ്പറഞ്ഞതെല്ലാംഎനിക്ക്  എത്ര വലിയ മരീചിക ആയിരുന്നെന്നറിയാമോ..  നിങ്ങളിലൂടെയാണ് ഞാൻ അതെല്ലാം കണ്ടെത്തിയിരുന്നത്,  അത്ഭുതലോകത്തെ ആലീസിനെ പോലെ അതെല്ലാം അറിഞ്ഞിരുന്നത്!

 വാക്കുകൾക്കതീതമായി നിൽക്കുകയാണ് നിങ്ങളോടുള്ള സ്നേഹം.. എത്ര പറഞ്ഞിട്ടും തീരുന്നില്ലല്ലോ...
എന്റെ ജീവിതത്തിലെ എല്ലാ വഴിത്തിരിവുകളിലും അവരുണ്ടായിരുന്നു അവരുടെ വഴിത്തിരിവുകൾ ഞാനും!  അവരുടെ മക്കൾ എന്റേതായിരുന്നു എന്റേത് അവരുടേതും..
അതിന്നും തുടരുന്നു, ഞങ്ങളുടെ മക്കളിലൂടെ കൂടുതൽ ഉറപ്പോടെ തുടരുകയും ചെയ്യും..
മരിക്കുംവരെ എന്റെ ഒപ്പമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്ന അപൂർവം ചിലരെ ജീവിതത്തിൽ ഒള്ളൂ.. അതിൽ രണ്ടു പേരിവരാണ്. ഒരു വഴിയിലും അവർ പറയാതെ ഇറങ്ങി പോകില്ലെന്ന് എനിക്കുറപ്പുണ്ട്. ഏതെങ്കിലും സ്റ്റോപ്പിൽ ഇറങ്ങുന്നുണ്ടെങ്കിൽ അത് എന്റെയും കൂടെ കൈപിടിച്ച് ആയിരിക്കും എന്നുള്ള  ഉറപ്പെനിക്ക് തന്ന  രണ്ടുപേരാണ്. 

 സ്നേഹം കൊണ്ടെനിക്ക് കരച്ചിൽ നിർത്താനാകുന്നില്ലല്ലോ എന്റെ ഹൃദയമേ.💜

Wednesday, 1 July 2026

തെളിവാർന്ന ഞാൻ

 


പണ്ടൊക്കെ ചില ദിനങ്ങളിൽ കണ്ണും തിരുമ്മി ചൊറിഞ്ഞു നില്കുന്നത് കാണുമ്പോൾ അമ്മ പിടിച്ചു നിർത്തും.. എന്നിട്ട്,  അഗ്രഭാഗം മൂർച്ചയുള്ള സ്റ്റീൽ  കിണ്ണം ഒരെണ്ണം എടുക്കും.  അതിൽ നല്ല തെളിവാർന്ന അരിച്ചെടുത്ത വെള്ളവും കൊണ്ട് അമ്മ വരും പൊടിയിലും മണ്ണിലും കളിച്ചു തളർന്ന എന്നെ പിടിച്ചു കിടത്തും പിന്നെ പോയി കശുമാവിന്റെ പച്ചില പറിച്ചെടുത്ത്  കുമ്പിൾ കുത്തും.. പിന്നെയാ കുമ്പിളിന്റെ ഒത്ത നടുവിൽ ഒരു ചെറിയ ഓട്ടയിട്ടു കൊടുക്കും. ശേഷം ഈ കിണ്ണം  മലർന്നു കിടക്കുന്ന എന്റെ കൺകോണിനോട്  ചേർത്തുപിടിച്ച് അതിൽ നിന്ന് ഓരോ കുമ്പിൾ വെള്ളം കോരിയെടുത്ത് എന്റെ കടക്കണ്ണിലേക്ക് 'കണ്ണ് തുറന്നു പിടിക്കണേ' എന്നും പറഞ്ഞു ഒഴിക്കും. 

കടകണ്ണിലൂടെ ജലം ഒഴുകി വാൽകണ്ണിലൂടെ കിണ്ണത്തിലേക്ക് തന്നെ എത്തും.. ജലത്തിന്റെ തണുത്ത ഒഴുക്ക് ഇത്രയും കാലം ഒളിച്ചു കിടന്നിരുന്ന അഴുക്കിനെയും കരടുകളെയും കണ്ടെത്തും .. പിന്നെയവയും കൊണ്ട് പുറത്തേക്ക് ഒഴുകും..കണ്ണുകൾ ആദ്യം വേദനിക്കും.. പ്രതിഷേധിക്കും.. പിന്നെ പതുക്കെ ആ ജലധാരയിൽ അലിയും..


 അമ്മ നിർത്താതെയപ്പോഴും ധാര കോരും..  കണ്ണറിയാതെ ധാര ഒഴുകാൻ  തുടങ്ങും, അപ്പോൾ കരയാതെ പിടിച്ചുനിന്ന എല്ലാ ഞരമ്പുകളും ഉയിർത്തെഴുന്നേൽക്കും. പിടഞ്ഞെണീറ്റ് ജീവൻ വെക്കും.. അത്രയും നാൾ കരയാതെ പിടിച്ചു വച്ച കണ്ണുനീർ ആ വെള്ളമൊഴുക്കിലൂടെ ഒട്ടും വിതുമ്പാതെ കിണ്ണത്തിൽ അഭയം പ്രാപിക്കും..

 കണ്ണിൽനിന്ന് കരടും പൊടിയും എല്ലാം പോയി തെളിഞ്ഞെന്ന് അമ്മ അവകാശപ്പെടും.   തെളിഞ്ഞ സ്റ്റീൽ കിണ്ണത്തിലെ വെള്ളത്തിൽ എന്റെ കണ്ണിൽ ഒളിച്ചിരുന്നിരുന്ന പൊടിയും കരടുകളും ഒഴുകി നടക്കുന്നുണ്ടായിരിക്കും ഒപ്പം അതിൽ എന്റെ കണ്ണുനീരും ഉണ്ടായിരുന്നു.


ധാര കഴിഞ്ഞാൽ കണ്ണിനും തലയ്ക്കും   ചുറ്റും കാണുന്ന  എല്ലാ കാഴ്ചക്കും തണുപ്പുണ്ടാകും   സമാധാനത്തിന്റെ പൊടി തടയാത്ത തെളിഞ്ഞ കാഴ്ചകൾ ചുറ്റും കാണും.

അതുപോലെയാണ് ഇപ്പോൾ ജീവിതവും, കരടും പൊടിയും ഇല്ലാത്ത തെളിഞ്ഞ കാഴ്ചകളുടെ ജീവിതം. 

 ആവശ്യമില്ലാത്തതെല്ലാം ധാര കോരി കളഞ്ഞ് തെളിവാക്കിയ ജീവിതം. 


 ആരുടെയും നിബന്ധനകൾക്ക് വഴങ്ങാതെ സമാധാനത്തോടെ  പതുക്കെ ജീവിച്ചു തുടങ്ങിയിരിക്കുന്നു

 ആരുടെയും നിർവചനങ്ങൾക്കുള്ളിൽ നിന്ന് സ്നേഹം പ്രകടിപ്പിക്കാനോ അവർക്ക് വേണ്ടി സ്നേഹിക്കാനോ എനിക്ക് വയ്യ. മാത്രമല്ല എനിക്ക് എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറുന്നവരെ പിടിച്ചു മാറ്റാനും കയറിയവരിൽ ഇറക്കി വിടേണ്ടവരെ ഇറക്കി വിടാനും,  എന്നെ ഇഷ്ടമില്ലാത്തവരെ അതിലും അരമണിക്കൂർ മുൻപേ ഇഷ്ടം കളയാനും, അതിൽ വേദനിക്കാതെ മുന്നോട്ട് നടക്കാനുമെല്ലാം ഞാൻ പഠിച്ചുകഴിഞ്ഞിരിക്കുന്നു.

വന്നു കയറിയവരോടും പോയവരോടും കൂടെ നിന്നവരോടും സ്നേഹിച്ചവരോടും വെറുത്തവരോടും ഉപദ്രവിച്ചവരോടും നന്ദി.. നിങ്ങൾ എല്ലാവരും എന്നെ ചിലത് പഠിപ്പിച്ചിരുന്നു.. നിങ്ങളെല്ലാം എന്റെ പാഠപുസ്തകങ്ങളായിരുന്നു. ആരോടും ദേഷ്യമോ പരിഭവമോ ഇല്ല. മറിച്ച് നന്ദിയുണ്ട്..നല്ലതും ചീത്തയുമായ എല്ലാ നിമിഷങ്ങൾക്കും. 


കിടക്കയിലേക്ക് തല വെക്കുമ്പോഴേ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സുന്ദര സ്വപ്‌നങ്ങൾ തരുന്ന എന്റെ മനസ്സാണ് ഞാനിപ്പോൾ നേടിയിരിക്കുന്നത്..  നാല്പത്തി ഒൻപതാമത്തെ വയസ്സിൽ ഏറ്റവും വലിയ നേട്ടമായി ആ ഉറക്കത്തെ കണക്കാക്കുന്നു.. ഈ പിറന്നാൾ രാത്രിയിലും ഞാൻ എന്നത്തേയും പോലെ സുന്ദര സ്വപ്നങ്ങൾ കാണുമായിരിക്കും എന്ന പ്രതീക്ഷയോടെ .  


49 not out..

ആാാ അത് തന്നെ ചത്തിട്ടില്ല മക്കളെ...