Saturday, 13 June 2020

ജാർഗൻ



തലനിറച്ച്  ബുദ്ധി ഉണ്ടെന്ന അറിവിൽ അല്പമൊന്നഹങ്കരിച്ച്, അത് കൂടെയുള്ള ഏവർക്കും മനസ്സിലാക്കി കൊടുക്കണമെന്ന വാശിയോടെ, ബുദ്ധിയുടെ ആഴങ്ങളിൽ നിന്നും കണ്ടെടുത്ത പദങ്ങൾ കൊണ്ടാലങ്കരിച്ചായിരുന്നു അവളുടെ സുഹൃത്ത് സംസാരിച്ചിരുന്നത്. ചെറുപ്പത്തിന്റെ വിവരമില്ലായ്മയിൽ അവളാ ഭാഷാധൂർത്തിൽ അലിഞ്ഞു പോകുമായിരുന്നു, പിന്നെ ആ വാക്കുകളുടെ ശടാ ശടാ ശബ്ദത്തിന്റെ അലയൊലികൾ ആസ്വദിച്ചിരുന്നു. പലപ്പോഴും തുടങ്ങിയതെവിടെയാണെന്ന് അവൾക്ക് ഓർത്തെടുക്കാനാവാത്ത  അത്രയും നീളമുള്ള വാചകങ്ങൾ ആയിരുന്നു അയാൾ പറഞ്ഞിരുന്നത്. അവൾ കേട്ടിട്ട് പോലുമില്ലാത്ത കടുപ്പം നിറഞ്ഞ വാക്കുകൾ ആയിരുന്നു അയാൾ ഉപയോഗിച്ചിരുന്നത്. അവൾക്ക് അതുണ്ടാക്കിയെടുക്കുന്ന, ഒരു തീവണ്ടിയുടെ ചാരുതയോടെ കൂട്ടി ചേർക്കുന്ന അയാളോട് കടുത്ത ആരാധന തോന്നാറുണ്ടായിരുന്നു. അവയിലൊന്നും അവൾക്ക് പ്രണയം ദർശിക്കാനോ, മണക്കാനോ തോന്നിയിട്ടേ ഇല്ലായിരുന്നു.
പ്രണയിക്കാൻ അവൾക്ക് വക്രതയില്ലാത്ത, ഇറ്റിറ്റു വീഴുന്ന തെളിഞ്ഞ വെള്ളം പോലെ എളിമയാർന്ന, കരുണയുള്ള വാക്കുകൾ ആയിരുന്നു ആവശ്യം. അവളുടെ കാമുകനാകട്ടെ  ആവശ്യത്തിന് വേണ്ട വാക്കുകൾ പോലും ഓർത്തെടുക്കേണ്ടിയിരുന്നു. അതാകട്ടെ പതിഞ്ഞ കാറ്റിൽ അപ്പൂപ്പൻ താടികൾ പറന്നു വന്ന് സ്നേഹത്തോടെ നിലം തൊടും പോലെയായിരുന്നു അവൾക്ക് മേൽ തൊട്ടുരുമ്മിയത്.അതിൽ മുഴുവൻ അവൾ പ്രണയത്തെ ദർശിച്ചു. അവ കരുണയോടെ അവളോട് സംവദിക്കുമ്പോൾ ഹൃദയം നെഞ്ചിടം വേദനിക്കും വിധം തുടിച്ചു ചാടി.. അടങ്ങെന്റെ ഹൃദയമേ എന്നു പറഞ്ഞിട്ടും അതയാൾക്ക് മുൻപിൽ ഒരു നാണവും കൂടാതെ വെളിപ്പെട്ടു.

അവനൊപ്പം ഇറങ്ങി തിരിക്കുമ്പോൾ ആദ്യം ചുളിഞ്ഞത് സുഹൃത്തിന്റെ മുഖമായിരുന്നു. അന്നാദ്യമായി കടിച്ചാൽ പൊട്ടാത്ത പദപ്രയോഗങ്ങൾ ഒന്നുമില്ലാതെ സുഹൃത്ത് അവളെ ഉപദേശിച്ചു, ഏതൊരു ഉപദേശിയെയും പോലെ " ഇതല്ല, നിനക്ക് ചേരാത്ത ആളാ, നിറച്ചും ശബ്ദമുണ്ടാക്കുന്ന ഒരാൾ ആയിരുന്നു നിനക്ക് വേണ്ടിയിരുന്നത്"

അവളാദ്യമായി ചുറ്റുമുള്ളവരുടെ വിലാപങ്ങളിലേക്ക് ഇറങ്ങി ചെന്ന സമയത്തായിരുന്നു നിസ്സംഗതയോടെ നിന്നിരുന്ന കാമുകനെ ആദ്യമായി കണ്ടെത്തിയത്. നിസ്സംഗതയിലെ ഹൃദയത്തെ ചൂണ്ടു വിരൽ കൊണ്ട് കുത്തി പുറത്തെടുത്തവൾ അയാളെ ഓർമ്മിപ്പിച്ചു " അതാ നോക്ക് നിന്റെ ഹൃദയം ആ വിലാപങ്ങൾക്ക് കരയുന്നത് കണ്ടോ"

അസ്വസ്ഥതയുടെ വേലിയേറ്റങ്ങൾ അയാളിൽ ഉണ്ടാവുകയും അസഹ്യതയോടെ അതിനെ നിരാകരിക്കാൻ അയാൾ ശ്രമിച്ചെങ്കിലും.. പിന്നെ പതുക്കെ പതുക്കെ വിലപിക്കുന്നവരെ കരുണ നിറഞ്ഞ ഹൃദയത്തോടെ കാമുകൻ ചേർത്തു പിടിച്ചു.  എന്നിട്ടും കാലം പോകെ ചേർത്ത് പിടിക്കലിൽ നിസ്സംഗത പാറി വീഴുന്നത് അവൾ കാണുന്നുണ്ടായിരുന്നു. നീ അത് അറിയുന്നില്ലേ എന്ന അവളുടെ ചോദ്യത്തിന് കാമുകൻ അറിയുന്നുണ്ട്, ഞാനതിന്റെ കാരണം തിരക്കട്ടെ എന്ന് പറഞ്ഞു അവളിൽ ആശ്വാസം നിറച്ചു.

വിലാപങ്ങളുടെ കാരണവും ഉറവിടങ്ങളും തേടി അയാൾ പൊയ്കൊണ്ടിരുന്നു. തുടങ്ങിയാൽ അറ്റം കാണാത്ത പുസ്തകങ്ങളിൽ, വല നെയ്തു കൂട്ടി വെച്ച അറിവുകളിൽ അയാൾ എഴുന്നേൽക്കാനാകാത്ത വിധം  ഉരുണ്ടു വീണു കിടക്കുന്നത് കണ്ടവൾ  വ്രണപ്പെട്ടു.

പരസ്‌പരം കാണുമ്പോഴെല്ലാം കാമുകൻ കട്ടിയുള്ള പദങ്ങൾ കൂട്ടി വെച്ച് തിയറികൾ പറഞ്ഞു തുടങ്ങി.. ദാരിദ്യത്തിന്റെ, സഹനത്തിന്റെ, ദുഃഖത്തിന്റെ  തിയറികൾ.. ആ വാക്കുകളുടെ ശബ്ദത്തിൽ ആത്മരതി പൂണ്ട, അയാളെ കണ്ട് അവൾ വഴിമറന്ന കടൽ പക്ഷിയെ പോലെ പ്രാണൻ തല്ലി.

അവളുടെ ചോദ്യങ്ങളെ 'അറിവില്യായ്മ'  എന്ന് പേരിട്ടു. ഇതാണ് ജാർഗൻസ്, ഇത്തരം പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കാൻ ഇതിലും നല്ല വാക്കുകൾ ഇല്ലന്ന് ആണയിട്ടു.അത് മനസ്സിലാകാത്ത ജനങ്ങളെ അയാൾ വിവരമില്ലാത്തവർ എന്ന് വിശേഷിപ്പിച്ചു ചിരിച്ചു.

അപ്പൂപ്പൻ താടികൾ വളക്കൂറുള്ള മണ്ണിൽ വീണ് മുളച്ചു പൊങ്ങി ആകാശത്തേക്ക് പൊങ്ങി കരിഞ്ഞു തുടങ്ങിയെന്ന് തോന്നിയ സന്ധ്യയിൽ, എവിടെ നിന്നെന്നറിയാതെയാണ് അവളുടെ സുഹൃത്ത് കാമുകനെ തേടി വരാൻ തുടങ്ങിയത്.

അവർ രണ്ട് പേരും ജെ സി ബി കൊണ്ട് കൽക്ഷ്ണങ്ങൾ ചൊരിയും പോലെ അവളുടെ ഇടം ജാർഗൻ കൊണ്ട് നിറച്ചു.  അവളാകട്ടെ  അവിടം   മുഴുവൻ വിലാപം കൊണ്ട് നിറച്ചു. വിലപിക്കുന്നവർക്ക് മുൻപിൽ ജാർഗൻ വിളമ്പുന്നവർക്ക് മുൻപിൽ വിലാപം കൊണ്ട് കടൽ തീർത്തതറിയാതെ  അവരപ്പോഴും പറഞ്ഞു കൊണ്ടിരുന്നു.

Sunday, 29 March 2020

ഉയിർത്തെഴുന്നേൽപ്പ്



ഥാർ മരുഭൂമി തീപിടിപ്പിക്കുന്ന വേനൽക്കാലത്ത്‌ മനുഷ്യൻ വരെ ഉണങ്ങി പോകാറുണ്ട്.എന്നിട്ടും ജാനദേസർ ഗ്രാ‍മത്തിനും ഹിംഗോളക്കും ഇടക്കുള്ള ആ സ്ഥലത്ത് മാത്രം ഋതുക്കൾ നോക്കാതെ മരങ്ങൾ മനസ്സ് നിറയ്ക്കും വിധം, ഇറുകെ പൂക്കുകയും കായ്ക്കുകയും ചെയ്തു പോന്നു. ആ വളപ്പിനപ്പുറം മറ്റെല്ലാം ജ്വലിക്കുന്ന അഗ്നിയിലൂടെ കാണുന്ന കാഴ്ച പോലെ വിറച്ചും മങ്ങിയും പ്രതീക്ഷയറ്റതുമായി മരവിച്ചു കിടന്നു.
അതായിരുന്നു മേരിക്കുട്ടി സിസ്റ്ററുടെ പി എച്ച് സി.സിസ്റ്ററുടെ മിഴി മുന കൊണ്ടാണ് ഇലകൾ കാണാത്ത രീതിയിൽ , കാലം തെറ്റി അവ പൂക്കുന്നതും കായ്ക്കുന്നതും എന്ന് ആ രണ്ട് ഗ്രാമങ്ങളിലേയും മനുഷ്യർ അടക്കം പറഞ്ഞിരുന്നു. അത്രമേൽ മനോഹരങ്ങളായ കൂമ്പിയ വലിയ കണ്ണുകൾ തന്നെ ആയിരുന്നു അവരുടേത്. ഒറ്റനോട്ടത്തിൽ ഹൃദയങ്ങളെ പ്രണയത്താൽ പൊള്ളിക്കാൻ ശേഷിയുള്ള നോട്ടവും ആയിരുന്നു.
എല്ലാമാസവും വീടുകൾ സന്ദർശിക്കാനെത്തുമ്പോഴാകട്ടെ മദിരാശിക്കാരി കാലിപീലി എന്നൊരു ചെറു പുച്ഛം മുഖത്തൊട്ടിച്ച് രണ്ട് ഗ്രാമങ്ങളിലെയും ജനങ്ങൾ അവരുടെ ഉപദേശം സ്വീകരിച്ചു പോന്നു. നാട്ടിലെ പെണ്ണുങ്ങൾ ആകട്ടെ കാലിപീലിയുടെ പ്രണയം നീറി കിടക്കുന്ന നോട്ടത്തിൽ അവരവരുടെ പുരുഷന്മാർ പൂത്തുലയാതിരിക്കട്ടെ എന്നും പ്രാർത്ഥിച്ചിരുന്നു.
ഇതൊന്നും അറിയാതെയോ, അറിയാത്ത മട്ടിലോ കൂസലന്യേ മേരിക്കുട്ടി സിസ്റ്റർ മാർവാഡുകാരിയെ പോലെ, സാരി തലപ്പ് ഖൂംഘട്ടാക്കി തലയിൽ വലിച്ചിട്ട്, മനോഹരങ്ങളായ കണ്ണുകൾ മറച്ചു വെച്ചു. അവർ ഓരോ വീട്ടിലും കുത്തി വെപ്പ് എടുക്കേണ്ടതിനെ കുറിച്ച്, ഗർഭ ശുശ്രൂഷയെ കുറിച്ച്, ഗർഭനിരോധന മാർഗ്ഗങ്ങളെ കുറിച്ച് വൃഥാ വിശദീകരിച്ചു പോന്നു. ആ ഗ്രാമത്തിൽ ഇതിനെ കുറിച്ചെല്ലാം പറയാൻ സാധിക്കുന്ന ഏക വനിത എന്നും പറയ്യാം.
പണ്ട് മദിരാശിയിൽ നിന്നും മേരിക്കുട്ടി സിസ്റ്റർ ഗ്രാമത്തിലെ പി എച്ച് സി യിൽ ചാർജ്ജെടുക്കുമ്പോൾ ചെറുപ്പമായിരുന്നു. ഇരുണ്ട നിറത്തിൽ, കൂമ്പിയ കണ്ണുള്ള അവരെ ഗ്രാമത്തിലെ പുരുഷന്മാർ രഹസ്യമായി ആരാധിച്ചിരുന്നു. മേരിക്കുട്ടി സിസ്റ്ററുടെ കണ്ണൊന്ന് തുറന്നു കാണാൻ അവരിൽ പലരും അതിയായി ആഗ്രഹിച്ചിരുന്നു. 
പി എച്ച് സി ക്ക് ചുറ്റും ഉള്ള മാവുകൾ നിറയെ കായ്ച മാങ്ങയിലേക്ക് നോക്കി, കൊതി കൊണ്ട് പതിവിലും വിടർന്ന കണ്ണുകൾ ആയിരുന്നു അന്ന്. തല മറ്യ്ക്കാൻ മറന്ന് സിസ്റ്റർ മുറ്റത്തേക്കിറങ്ങിയ ആ നിമിഷത്തിൽ ആയിരുന്നു ഭാനു സിംങ്ങ് അവരുടെ വിടർന്ന കണ്ണുകൾ കണ്ടത്. പിന്നീട് കുറേ കാലത്തേക്ക് മറ്റൊരു കണ്ണിനേയോ കാഴ്ചകളെയോ അയാൾ കണ്ടില്ലെന്ന് പറയുന്നതായിരിക്കണം ശരി.
പ്രണയച്ചൂടിൽ മാർവാഡ് കരിഞ്ഞു നിൽക്കുന്ന വേനലിൽ ആയിരുന്നു ഭാനുസിംങ്ങിന്റെ അമ്മ ഭവർ കൌർ മാർവാഡിയിൽ ചീത്ത വാക്കുകൾ ഉച്ചരിച്ചു കൊണ്ട് മേരിക്കുട്ടി സിസ്റ്ററിനെ പരസ്യമായി അടിച്ചു വീഴ്ത്തിയത്.ഒത്തൊരാണിന്റെ വലുപ്പമുള്ള അവരോടും അവരുടെ ശബ്ദത്തോടും പേടിച്ചോടുക മാത്രമേ, മേരിക്കുട്ടി സിസ്റ്ററിന് വഴിയുണ്ടായിരുന്നൊള്ളൂ.
മൂന്നാം നാൾ പ്രണയം ഉയിർത്തെഴുനേൽപ്പിച്ച സിസ്റ്റർ ജോദ്പൂർ നിന്നും  ബസിന് മുകളിലേറി ഭാനുസിംങ്ങിന്റെ കയ്യ് പിടിച്ച് ഗ്രാമത്തിലിറങ്ങി. വേവുന്ന പകലിനെ വെല്ലുവിളിച്ച് അവർ രണ്ടും പിച്ച് സി ലക്ഷ്യമാക്കി നടന്നു പോയി.
മുറ്റത്തെ ആൽമരചുവട്ടിലെ ചാർപൈറിൽ സ്വസ്ഥതയോടെ, സാമധാനത്തോടെ ഭവർ കൌർ ഉറങ്ങിയതും ആ ദിവസം തന്നെയായിരുന്നു. ഉരുളിന്റെ ചങ്ങലപ്പൂട്ടിൽ പെടുത്തി മദിരാശിക്കാരിയുടെ പ്രാണനെടുക്കാൻ അഞ്ചംഗസംഘം പോയത് കൊണ്ടായിരുന്നു അവരുടെ സമാധാനം. ഭാനു സിംങ്ങിന്റെ അച്ഛൻ ഭവാനി സിംങ്ങ്, അമ്മാവൻ, അമ്മാവന്റെ മകൻ, ഭാനു സിങ്ങിന്റെ രണ്ട് അനിയന്മാർ കൂടി സിസ്റ്ററിനെ കടിച്ചു കുടഞ്ഞ് , അർദ്ധപ്രാണയാക്കി വിട്ടു.
മാസത്തിലൊരിക്കൽ മലയാളം പത്രങ്ങളും, വാരികകളും സിസ്റ്റർക്ക് എത്തിച്ചു കൊടുക്കുന്ന, ഗ്രാമമുഖ്യന്റെ മകനായ ടിടിആർ ഗഹ്‌ലോത്ത് ആണ് മരണത്തിൽ നിന്നും സിസ്റ്ററിന്റെ കയ്യ് പിടിച്ചുയർത്തിയത്.  അവർ ബോധത്തിന്റെ പാതയിലേക്ക് കടക്കുന്നതിന് മുൻപേ ബലാത്സംഗ വാർത്ത നാടുകളേറെ കടന്ന് മദിരാശി അഥവാ കേരളത്തിൽ എത്തിയിരുന്നു. മലയാളി നേഴ്സുമാരെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മലയാളി നേഴ്സുമാർ സമരം നടത്തിയെങ്കിലും പ്രത്യേകിച്ചു ഫലം ഒന്നുമുണ്ടായില്ല.
ഒരായുസ്സ് മുഴുവൻ താങ്ങി കൊണ്ട് നടക്കേണ്ട ‘മാനം’ കളഞ്ഞു കുളിച്ച സിസ്റ്ററിനെ നാട്ടിൽ കടത്താൻ ആകില്ലന്ന് രണ്ട് ഗ്രാമത്തിലേയും മുഖ്യന്മാരും ജനങ്ങളും പ്രഖ്യാപിച്ചിരുന്നു. ഉറ്റപ്പെടൽ കൊണ്ട് ഉശിരു കൂടിയ സിസ്റ്റർ ഗ്രാമത്തിലേക്ക് തന്നെ തിരിച്ചു. ഗ്രാമാതിർത്തി കടക്കും മുൻപേ മുഖ്യന്മാരും ഗ്രാമവാസികളുമവരെ തടഞ്ഞു വെച്ചു. ഉശിരു കൊണ്ട് മാത്രം അവരെ നേരിടാകാനാവാതെ സിസ്റ്റർ തിരിച്ചു പോയി.
പിന്നീടവർ വന്നത് രണ്ട് പോലീസുകാർക്ക് ഒപ്പമായിരുന്നു. ഗ്രാമമുഖ്യനും , സിംങ്ങ് കുടുംബത്തിനും ഒപ്പം കള്ളു കുടിച്ചു കൊണ്ടിരിക്കുന്ന പോലീസുകാർ നോക്കി നിൽക്കേ ഗ്രാമവാസികൾ പി എച്ച് സി ക്ക് തീയിട്ടു. മാറ്റി ഉടുക്കാൻ ഉടുപുടവകൾ ഇല്ലാതെ, കരിഞ്ഞു പോയ പൂക്കളിലും കായ്കളിലും നീണ്ടു നിവർന്ന മിഴികൾ അർപ്പിച്ച്, മരങ്ങൾക്ക് താഴെ സിസ്റ്റർ മുട്ടുക്കുത്തി നിന്നു.. തീ പ്രണയം പോലെ ആളിക്കത്തുകയും , പിന്നീട് അണയുകയും ചെയ്തു.
അന്ന് വൈകീട്ട് നാട്ടിലെത്തിയ ടി ടി ആർ ഗഹ്‌ലോത്ത് ആണ് സിസ്റ്ററിനോട് ആ കാര്യം പറഞ്ഞത്. ഇന്നാട്ടിൽ പോലിസിന് ഒന്നും ചെയ്യാനാകില്ല, പോയി മഹാരാജാവിനെ കണ്ടാൽ പരിഹാരം കിട്ടുമെന്ന്.. നഗരത്തിലെ രാജാവിന്റെ കൊട്ടാരത്തിലേക്ക് കാലിപീലികൾ ആയ നിരവധി സിസ്റ്റർമാർ ഒന്നിച്ചായിരുന്നു പോയത്, അവരൊന്നിച്ച് രാജാവിന്റെ കാൽക്കൽ കണ്ണീരോടെ വീണു.
സ്വർണ്ണക്കോളാമ്പിയേന്തിയ എം ബി എ ക്കാരൻ അസിസ്റ്റന്റുമൊത്ത്, സ്വർണം കെട്ടിയ ജൂത്തയും , ഷെർവാണിയുമണിഞ്ഞ് പി എച്ച് സിയിൽ എത്തിയ രാജാവിന്റെ കാൽ തൊട്ട് വണങ്ങാൻ ആൺപ്രജകൾ മാല പോലെ നിലത്ത് കിടന്നു. മുഖം മറച്ച് സ്ത്രീകൾ ഷാമിയാ‍ന കൊണ്ട് കെട്ടി മറച്ചതിനുള്ളിൽ അടങ്ങി ഇരുന്നു. രാജാവ് മേരികുട്ടി സിസ്റ്ററിനെ കുറിച്ച് പറയാൻ ആരംഭിച്ചു. “പിച്ച് സിയും മേരിക്കുട്ടി സിസ്റ്ററും നമ്മുടേതാണ്.നമ്മുക്ക് വേണ്ടിയാണ് ഈ മരുഭൂമിയിലേക്ക് കേരളമെന്ന സുന്ദരമായ നാട്ടിൽ നിന്നും വന്നത്. ഞാനാണ് ഇവിടെ പീച്ച്സി വേണമെന്ന് സർക്കാരിനെ നിർബന്ധിച്ചത്, അതായത് ഇതെല്ലാം എന്റേതാണ്. എന്റേത് നിങ്ങൾ എങ്ങനെ ആണോ നോക്കേണ്ടത് അതു പോലെ നിങ്ങൾ സിസ്റ്ററെ നോക്കിക്കൊള്ളണം. ഇന്ന് തന്നെ സിസ്റ്ററിന്റെ കാര്യത്തിൽ തീരുമാനം ആയിരിക്കണം”
ഗ്രാമവാസികളുടെ കണ്ണിൽ ആനന്ദാശ്രു പൊഴിഞ്ഞു.രാജാവിനെ പ്രകീർത്തിച്ച് അവർ പാട്ടുകൾ പാടി, കൈകൊട്ടി. 
അന്ന് തന്നെ ഗ്രാമമുഖ്യൻ, ഭാനുസിംങ്ങിന്റെ അച്ഛൻ ഭവാനി സിംങ്ങിനോടും കുടുബത്തിനോടും എന്താണ് പ്രതിവിധി എന്ന് പഞ്ചായത്ത് കൂടി അന്വേഷിച്ചു. ഗ്രാമവാസികൾ ഏവരും കാതുകൂർപ്പിച്ച് ശ്വാസം പിടിച്ചിരുന്നു. സിസ്റ്ററിനെ വിവാഹം കഴിച്ച് കുടുംബത്തിലേക്ക് കൂട്ടാൻ തീരുമാനിച്ച വിവരം ഭവാനി സിംങ്ങ് അഭിമാനപൂർവ്വം അറിയിച്ചു.ജനങ്ങൾ ആവേശത്തോടെ കയ്യടിച്ചു. ഭാനു സിങ്ങിന്റെ അച്ഛനായ ഭവാനി സിങ്ങും , അമ്മാവൻ ഡൂംങ്കർ സിംങ്ങും വരന്മാർ ആകാൻ തയ്യാറായി. അവരിൽ ആരെ വേണമെന്ന് സിസ്റ്ററിന് തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഗ്രാമമുഖ്യൻ സന്തോഷത്തോടെ സിസ്റ്ററെ അറിയിച്ചു.
സാരിതലപ്പിൽ മറച്ചു വെച്ചിരുന്ന മുഖം പൊടുന്നനെ പുറത്തേക്കിട്ട് സിസ്റ്റർ, വിവാഹം കഴിക്കാൻ വെമ്പി നിൽക്കുന്ന വൃദ്ധന്മാരെ എരിയുന്ന നോട്ടം നോക്കി. പിന്നെ മുറിഞ്ഞ ഹിന്ദിയിൽ , ഉറച്ച ശബ്ദത്തിൽ പറഞ്ഞു. “അവരുടെ കഴിവുകൾ ഞാൻ അനുഭവിച്ചതാണല്ലോ, ആ കുടുംബത്തിൽ ഞാൻ രുചി നോക്കാത്ത ഒരാൾ കൂടെ ബാക്കി ഉണ്ട്, ഭാനു സിംങ്ങ്, എനിക്ക് അവനെ കെട്ടിയാൽ മതി”
മേരിക്കുട്ടി സിസ്റ്ററുടെ വിടർന്ന കണ്ണുകളിലെ ആഴങ്ങളിലേക്ക് നോക്കി തന്നെ ഭാനുസിംങ്ങ് ഒരു ഉറച്ച നഹി പറഞ്ഞ് , കുനിഞ്ഞ ശിരസ്സോടെ സദസ്സ് വിട്ടു. ആളുകളുടെ പരിഹാസചിരികളുടെ മുകളിലൂടെ വായിൽ കനത്ത തുപ്പൽ ഭവർ കൌറിന്റെ മുഖത്തിട്ട് മേരിക്കുട്ടി സിസ്റ്റർ സ്വർണ്ണമണൽ ചവുട്ടി അരച്ച് മുന്നോട്ട് നടന്നു. അവരുടെ കാലടികളിൽ ആയിരം സ്ത്രീകളുടെ അഭിമാനം വസന്തം വിരിച്ചു. അന്നു മുതലാ‍ണ് അവരുടെ വളപ്പിൽ മാത്രം ഋതുക്കൾ നോക്കാതെ മരങ്ങൾ പൂക്കാനും കായ്ക്കാനും തുടങ്ങിയത്.

Tuesday, 17 March 2020

റാഗിംങ്ങ് കാല ഓർമ്മകൾ


റാഗിംങ്ങ് എന്ന് കേട്ടിട്ടുപൊലുമില്ലാത്ത കാലത്താണ് വിമല കോളേജിന്റെ ദീപ്തി ഹോസ്റ്റലിലേക്ക് ജീവിതം പറിച്ചു നടുന്നത്.മിക്സഡ് കോളേജിൽ നിന്ന് ചെന്നത് കൊണ്ടോ, പെൺ ലോകം ഇങ്ങനെ ഉണ്ടാകും എന്ന അറിവില്യായ്മ കൊണ്ടോ വളരെ എളുപ്പത്തിൽ പുലികളുടെ മടയിൽ തല വെച്ചെന്ന് പറഞ്ഞാൽ മതിയല്ലോ!. എന്റെ ഉറക്കെ ഉറക്കെ ഉള്ള ചിരിയും, ഒന്ന് ചോദിച്ചാൽ പത്തായി തിരിച്ചു കൊടുക്കുന്ന ഉദാരതയും എന്നെ ശരിക്കും സ്ഥലത്തെ പ്രധാന റാഗിംങ്ങ് ഇരയാക്കി എന്ന് പ്രത്യേകം പറയേണ്ടല്ലൊ. സാധാരണ ആദ്യ മൂന്നുമാസമാണ് റാഗിംങ്ങ് കാലം, ആ കാലം കഴിഞ്ഞും എന്റെ മാത്രം റാഗിംങ്ങ് കാലം നീണ്ട് പോയത് സീനിയേർസിനു ഉണ്ടായ ഒരു തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു. അപ്പനും അമ്മക്കും വിളിക്കാൻ റാങ്ക് മേടിക്കുന്ന പെണ്ണുങ്ങളും മോശമല്ലെന്ന് തെളിയിക്കപ്പെട്ട കാലം! സുന്ദരികൾ റാഗ് ചെയ്യുമ്പോൾ പഞ്ചസാര പൊഴിയില്ലെന്ന തിരിച്ചറിവുണ്ടായ കാലം!
സീനിയേർസിൽ ഒരാൾക്ക് ചീത്ത പറഞ്ഞു കൊണ്ട് എഴുത്ത് എഴുതിയത് അടുത്തറിയുന്ന സുഹൃത്ത് ആയിരുന്നു.അത് ആരോടും പറയില്ലെന്ന് കൊടുത്ത വാക്ക് പാലിക്കാ‍ൻ വേണ്ടീ ഒരു കൊല്ലം ഈ പീഡനങ്ങൾ സഹിക്കേണ്ടി വന്നത്. 
ഏറെ മനപ്രയാസങ്ങലിലൂടെ കടന്നു പോയ ഇടമാണെങ്കിലും, 8 കെട്ടിന്റെ സകല നിഗൂഡതയും പേറി, പാലമരങ്ങൾക്ക് നടുവിൽ നിൽക്കുന്ന ആ സ്ഥലം ഇന്നും എനിക്കേറെ പ്രിയപ്പെട്ടതാണ്.
 ആ തരുണീമണികളോട് തീർത്താൽ തീരാത്ത കടപ്പാടും ഉണ്ട്. കാരണം അവിടെ നിന്നാണ് റാഗിങ്ങിൽ നിന്ന് എങ്ങനെ രക്ഷപെടാം എന്ന പാഠം പഠിച്ചെടുത്തത്. 
അപേക്ഷാ ഫോം വാങ്ങിക്കാൻ പൊയപ്പോഴേ റാഗിംങ്ങിന് തുടക്കമിട്ട ലോ കോളേജ് സീനിയർമാരെ കണ്ടപ്പോഴേ ഞാൻ പാവമാകാൻ തീരുമാനിച്ചിരുന്നു.
വിമലയിലെ എല്ലാ സുന്ദരീമണികളെയും മനസ്സിൽ ധ്യാനിച്ച്, നരച്ചതിൽ നരച്ചതായ പഴയ ചുരിദാർ തന്നെ ഇട്ട് ആദ്യദിനം ധന്യമാക്കാൻ ഇറങ്ങി പുറപ്പെട്ടത്.( പാഠം നമ്പർ 1: പുതിയ ഉടുപ്പുകൾ ശ്രദ്ധയാകർഷിക്കും). നെറ്റിയിലേക്കിറക്കി മുറിച്ചിട്ടിരുന്ന മുടി വെളിച്ചെണ്ണ തേച്ച്, ഈർക്കിളി സ്ലൈഡ് ഉപയോഗിച്ച് ഒതുക്കി കുത്തി, മുടി മൊത്തം ചെർത്ത്‌ ഒരു ഓഞ്ഞ പോണി ടെയിൽ കെട്ടി. ( പാഠം 2: ഒരു ഫാഷനും അരുത്) പിന്നെ പഴകി നിറം കെട്ട ഒരു ചെരിപ്പും, തനി വെളിച്ചെണ്ണ നായികയായി ഞാൻ ഇറങ്ങുന്നത് കണ്ട് അമ്മ വാ പൊളിച്ചു നിൽക്കുന്നുണ്ടായിരുന്നു.
ലോ കോളേജിന്റെ ഗേറ്റിൽ നിന്ന് തന്നെ തുടങ്ങിയിട്ടുണ്ട് കലാപരിപാടി. കൂട്ടത്തിൽ സുന്ദരികൾ, ഫാഷൻ‌കാരി/കാരന്മമാർ, അൽപ്പം സാമർത്ഥ്യമുണ്ടെന്ന് തോന്നുന്നവരെ അവർ പിടിച്ചു നിർത്തുന്നുണ്ടായിരുന്നു. എന്നെ വളരെ വേഗം ഒഴിവാക്കി വിട്ടു. പ്രമാദം ന്ന് ഉള്ളിൽ ചിരിച്ച് ‘പാവം ഞാൻ‘ എന്ന് മുഖത്തും ഒട്ടിച്ച് ഫസ്റ്റ് ഫ്ലോറിൽ ഉള്ള ക്ലാസ്സിലേക്ക് പാഞ്ഞു.ക്ലാസ്സിനു മുൻപിൽ ഭയങ്കര ബഹളം കേട്ടപ്പോൾ ഒന്നു പതുങ്ങി , വരാന്തയിൽ കെസ് ആർ ട്ടി സിയുടെ സൂപ്പർ ഫാസ്റ്റ് ബസ്സ് ഓടിക്കുകയാണ് ഞങ്ങളുടെ ക്ലാസ്സ്കാർ. ഡ്രൈവറും, കണ്ടക്ടറും, യാത്രാക്കാരും, ഇരിക്കുന്നവരും എല്ലാം സങ്കല്പമാണെന്ന് മാത്രം. സഡൻബ്രേക്കില്ലേഡാ ന്ന് അലറുന്ന സീനിയർമാർക്ക് വേണ്ടി സ്പെഷ്യൽ സഡൻബ്രേക്ക്,അപ്പോൾ വീഴുന്ന യാത്രാക്കാർ. ഇതൊക്കെ കണ്ട് രസിച്ച്, രസിച്ച് ചിരിക്കുന്ന സീനിയർമാരെ കണ്ടപ്പോൾ ഉള്ള ജീവനും കയ്യിലെടുത്ത്, കോണിപ്പടിക്ക് താഴെയുള്ള ഭാഗത്ത് ഒളിച്ചിരിക്കാ‍ൻ ഓടി ചെന്നപ്പോൾ, അവിടെയതാ ഒരു മനുഷ്യൻ!
എന്താടോ ഇവിടെ? ന്ന്, ഒന്നുമില്ല എന്ന് ഷോൾഡർ കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ “വാ എന്റെ കൂടെ പോരെ, ഞാനാ ബസ്സ് ഒന്ന് ഓടി എത്തിയിട്ട് ക്ലാസ്സിൽ കയറിയാൽ മതീന്ന് വെച്ച് നിന്നതാ” എന്ന് അങ്ങേര്
മൂപ്പര് സാറായിരുന്നു, സാറിനെ കണ്ടപ്പോൾ “സാറെന്തൂട്ടാ ഇത്ര വേഗം വന്നേന്ന്” ആയിരുന്നു സീനിയർമാരുടെ ചോദ്യം..
അങ്ങനെ ആദ്യദിവസത്തെ ക്ലാസ്സ് തുടങ്ങി, രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ അന്നത്തെ ക്ലാസ്സും കഴിഞ്ഞു. പിന്നെ മുറ പോലെ ചേട്ടന്മാരും ചേച്ചിമാരും വരുന്നു. പേടിപ്പിക്കുന്നു, ഞാൻ വേഗം വേഗം പേടിക്കുന്നു. അവരെന്ത് പറഞ്ഞാലും ചെയ്യുന്നു. അവർക്ക് പെട്ടെന്ന് ബോറടിക്കുന്നു.  ( പാഠം നമ്പർ 3: അവർ പറയുന്നത് അനുസരിചു അവരെ ബോറടിപ്പിക്കുക)
അവിടത്തെ പേടിപ്പിക്കലിൽ പ്രധാനപ്പെട്ട ഐറ്റങ്ങളിൽ ഒഴിച്ചു കൂടാനാകാ‍ത്ത രണ്ടെണ്ണമാണ്; ചൊറിച്ചു മല്ലലും, തെറികളുടെ അർത്ഥം പറയിക്കലും. യതൊരു മടിയും കൂടാതെ, നിസ്സംഗതയോടെ ഞാൻ ഇതൊക്കെ ആവർത്തിച്ചത് കൊണ്ട് അവർ ബോറടിച്ചു മരിച്ചു. വേഗം എന്നെ അവർ പറഞ്ഞയച്ചത് കണ്ട് എന്റെ ഉള്ളിൽ ഉഗ്രൻ ചോകളേറ്റ് ബോംബുകൾ പൊട്ടി.
പക്ഷെ രണ്ടാം ദിവസം, ഒരു വൃത്തിക്കെട്ടവൻ നടത്തിയ സെക്ഷ്വൽ ഹരാസ്മെന്റ് റാഗിംങ്ങ് എന്ന പേരിൽ നോക്കി നിൽക്കേണ്ടി വന്നു. ഇന്നും ആ ദിവസം ഓർക്കാൻ വയ്യ. അയാളെ പിന്നീടുള്ള കാലം മുഴുവൻ പരിചയം പോലും കാണിക്കാൻ എന്നിലെ പെണ്ണീന് കഴിഞ്ഞിട്ടില്ല.. രണ്ട് പെൺ‌കുട്ടികളെ അയാൾ ഉപദ്രവിക്കുന്നത് കണ്ടിട്ടും സ്വന്തം സുരക്ഷയെ കരുതി പ്രതികരിക്കാതെ നിന്ന എന്നെ എനിക്ക് തന്നെ വെറുപ്പായിരുന്നു.. ആ ഇഷ്യു പിന്നീട് കമ്പ്ലയിന്റ് ആയിട്ടുണ്ടായിരുന്നു. 
പക്ഷേ ഒരാഴ്ചക്കുള്ളിൽ, കോളെജ് ഗേറ്റിനു മുൻപിൽ വെച്ച് അയാളെന്നെ പിടികൂടി, എന്റെ കൂടെ വേറെയും കുട്ടികൾ ഉണ്ടായിരുന്നിട്ടും എന്നെ വിളിച്ചു. നീ ഷഡ്ഡീ ഇട്ടിട്ടുണ്ടൊ, പാഡ് വെച്ചിട്ടുണ്ടൊ എന്നതും കഴിഞ്ഞു വജൈനയുടെ അളവു ചോദ്യങ്ങളിലേക്ക് കടക്കാൻ തുടങ്ങിയപ്പോൾ ഞാനെന്റെ റീജീയണൽ തീവ്രവാദം പുറത്തെടുത്തു. “പല്ലിന്റെ എണ്ണം കുറഞ്ഞും, എല്ലിന്റെ എണ്ണം കൂടിയും കോരി കൊണ്ട് വേണോടാ നിനക്ക് നാട്ടിൽ പൊകേണ്ടത് പട്ടിമനുഷ്യാ, തൃശ്ശൂർക്കാരോട് കളിക്കരുത് ട്ടാ” ന്ന് ഒറ്റ അലർച്ചയായിരുന്നു. അവൻ സ്തംഭിച്ചു നിൽക്കുന്ന സമയം കൊണ്ട് ഞാൻ സ്കൂട്ടായി.
പിറ്റേ ദിവസം കോളേജിൽ പോകാൻ നല്ല ഭയം ഉണ്ടായിട്ടും, അനിയന്റെ ഒരു ഇടിക്കട്ടയും ബാഗിലിട്ട് കോളെജിലേക്ക് പുറപ്പെട്ടു. അയ്യന്തോൾ കോടതിയുടെ മുൻപിൽ എത്തിയപ്പോൾ കലാഭവൻ മഹേഷ് ബൈക്കും കൊണ്ട് നിൽകുന്നു. ഉള്ള ടെൻഷൻ മുഴുവൻ അവനോട് പറഞ്ഞപ്പോൾ പട്ടിമനുഷ്യന് രണ്ടടി കൊടുത്തിട്ടേ ഒള്ളൂ ന്ന് അവൻ ആവേശകമ്മിറ്റി ആയി. അവൻ അയ്യന്തോൾകാരൻ ആണ്, വേണ്ട ഗ്യാംങ്ങും ഉണ്ട്. അവന്റെ ബൈക്കിൽ അന്ന് കോളെജിൽ ചെന്നിറങ്ങി, അവനാകട്ടെ കൊളേജിന്റെ ഉള്ളിൽ കൊണ്ട് പൊയി ബൈക്ക് നിർത്തിയിട്ട് പട്ടി മനുഷ്യന്റെ ഒറിജിനൽ പേരും , അവനെയും കാണിച്ചു കൊടുക്കാ‍ൻ പറഞ്ഞു കൊണ്ടിരുന്നു. ഇനി എന്തെങ്കിലും ഉണ്ടായാൽ മതി അടി എന്നും പറഞ്ഞ് സമാധാനിപ്പിച്ചു വിട്ടു.
എന്തായാലും പട്ടി മനുഷ്യൻ പിന്നീട് ഒരിക്കലും എന്നോട് ഉടക്കാൻ വന്നിട്ടില്ല, മനുഷ്യതമില്ലാത്ത അയാളെ ഞങ്ങളുടെ ബാച്ചുകാർ പട്ടിമനുഷ്യൻ എന്ന് വിളിച്ചു പോന്നു. 
പട്ടിമനുഷ്യന്റെ ടീമിന് പക്ഷേ എന്നോട് ഭയങ്കര ദേഷ്യമായിരുന്നു, അതിലൊരാൾ ഫയർവെൽ പാർട്ടിക്ക് പ്രസംഗിക്കുമ്പോൾ എന്നെ പണ്ട് റാഗ് ചെയ്യാൻ പറ്റാത്ത ഖേദം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അയാൾ നല്ലൊരു വ്യക്തി ആയതിനാലും, മൂന്ന് മാസം കഴിഞ്ഞ് ഞനെന്റെ തൽസ്വരൂപം പുറത്തെടുത്തത് കണ്ടാൽ ഏത് സീനിയറിനും ഇതൊക്കെ തോന്നുമെന്നുള്ളത് കൊണ്ട് ഞാനും അതങ്ങ് എൻ‌ജോയ് ചെയ്തു.

Thursday, 20 February 2020

സമൂഹ മാധ്യമങ്ങളിലെ വായ്നോക്കി ഊളകളെ തിരിച്ചറിയാം

സമൂഹ മാധ്യമങ്ങളിലെ വായ്നോക്കി ഊളകളെ തിരിച്ചറിയാം
( എഫ്.ബി/ വാട്സാപ്പ്)

1. ഇൻബോക്‌സ് മെസ്സേജുകളിൽ കൂടുതൽ താല്പരർ ആയിരിക്കും
2. ഗ്രൂപ്പിൽ ആക്റ്റീവ് ആണെങ്കിലും അല്ലെങ്കിലും ഗ്രൂപ്പിലെ സ്ത്രീകളുടെ പ്രൊഫൈൽ/ ഡി പി നോക്കി ഇടക്കിടെ സുന്ദരി എന്ന് പ്രകീർത്തിച്ചു കൊണ്ടിരിക്കും
3. ഇടക്ക് ചില ഫോട്ടോകൾ കാണാൻ ഭംഗി ഇല്ലാന്നും എനിക്ക് കാണാൻ വേണ്ടി എങ്കിലും അതൊന്നു മാറ്റാനും അഭ്യർത്ഥിക്കും. ഇതൊന്നും ആണ് സുഹൃത്തുക്കളോട് പറയുകയില്ല
4. വിധവ/ സിംഗിൾ ആയ അമ്മമാരെ സഹോദരി ആയി ഇടക്കിടെ പ്രഖ്യാപിച്ചു കളയും
5. ഗ്രൂപ്പുകളിലെ ഏറ്റവും നല്ല മാന്യന് ഉള്ള അവാർഡ് ഒക്കെ കൊടുക്കാൻ തോന്നുന്ന തരം പെരുമാറ്റം ആയിരിക്കും.
6. തെറ്റു പറ്റിയാൽ വളരെ വേഗം മാപ്പ് പറഞ്ഞു ഒഴിയും. എന്നിട്ട് ഇൻബോക്സിൽ പോയി ധാർഷ്ട്യം പറയും . എന്നെ അവൾക്ക്/ അവന് അറിയാഞ്ഞിട്ടാണ് എന്ന മട്ടിൽ
7. നിങ്ങളുടെ പേര് ഉപയോഗിച്ച് അധികം അഭിസംബോധന ചെയ്യില്ല, പകരം സ്വന്തം ഭാര്യയെ പോലും വിളിച്ചിട്ടില്ലാത്ത പുന്നാര പേരുകൾ ഉപയോഗിക്കും
8. സ്വന്തം കുടുംബം പൊതുവെ സ്വകാര്യമായിരിക്കും. ഫോട്ടോ ഇടില്ല, അവരെ കുറിച്ച് അധികം സംസാരിക്കില്ല. ഇനി അഥവാ സംസാരിച്ചാൽ അതിൽ അയാളോട് സഹതാപം ഉണ്ടാകാൻ വേണ്ട എല്ലാം കയറ്റിയിട്ടും ഉണ്ടാകും.
9. പണ്ടത്തെ അയാളുടെ പ്രണയങ്ങൾ അതിന്റെ നിരാശ, ഹൃദയ വേദന, നിർവൃതി ഇടതടവില്ലാതെ ഇൻബോക്സിൽ തന്നു കൊണ്ടിരിക്കും.
10.നിങ്ങൾ അത് കേൾക്കാൻ ഇഷ്ടം കാണിച്ചാൽ പോകെ പോകെ എന്റെ ex. നിങ്ങളുടെ അതേ പോലെ ആയിരുന്നു എന്നും പറഞ്ഞു കളയും
11. ലക്ഷ്യം വെച്ചിരിക്കുന്ന സ്ത്രീ അടുത്ത് ഇടപഴകുന്ന എല്ലാ ആണ്സുഹൃത്തുക്കളെയും അവരുടെ കാമുകന്മാർ ആയി ചിത്രീകരിക്കും.
12. അവർ ഇവർക്ക് വഴങ്ങാത്തവർ ആണെങ്കിൽ പറയണ്ട അവരെ പരദൂഷണം പറഞ്ഞു ബാക്കിയുള്ളവരെ കൊണ്ട് വെറുപ്പിച്ചിരിക്കും
13. ഇവർ ഭയങ്കര റോമന്റിക്ക് ആയിരിക്കും, ഇടക്കിടെ മേമ്പൊടിക്ക് കെയറിങ്ങ് കൂടെ ചേർക്കുന്ന വർത്തമാനം ആയിരിക്കും
14. വായ്നോക്കി ആണ് എന്ന് പറയാൻ വലിയ തെളിവില്ലാത്ത തരം ചാറ്റ് ആയിരിക്കും അവരുടേത്. എന്നാൽ വായിക്കുന്ന പെണ്ണിന് അസ്വസ്ഥത തോന്നുകയും ചെയ്യും. മറ്റൊരാൾ കണ്ടാൽ ഇതാണോ എന്നേ ചോദിക്കൂ.
15. ആദ്യ ചാറ്റിൽ തന്നെ സെക്സ് ചാറ്റിലേക്ക്  ചാടി വീഴുന്ന മണ്ടന്മാർ ആയിട്ടിക്കില്ല. പക്കാ മാന്യൻ ആയിരിക്കും.
 പെണ്ണുങ്ങളോട് രണ്ട് വാക്ക് പറയട്ടെ, അവരുടെ കുടുംബം അവരുടെ മാത്രം ബാധ്യതയാണ്. ഈ അസ്വസ്ഥത സഹിച്ചും ക്ഷമിച്ചും, മനസ്സിൽ ഇട്ട് വേവിച്ചും അവരുടെ കുടുംബത്തെ കാത്തു സൂക്ഷിക്കേണ്ട ഒരു ബാധ്യതയും ഏൽക്കരുത്. പകരം ഇതു പോലുള്ള ഉടായിപ്പുകൾ  കണ്ടാൽ തുടക്കത്തിലേ,അവരുടെ ഭാര്യ 'അമ്മ സഹോദരി അടുത്ത ബന്ധുക്കൾ (അവരെ ആരെയും അറിയില്ലെങ്കിൽ അടുത്ത പെണ്സുഹൃത്തുക്കൾ) എന്നിവർക്ക് കൈമാറുക.
"നീ ചീത്തയായത് കൊണ്ടാണ് എന്റെ അണ്ണൻ ഇത് കാണിച്ചത്"  എന്ന് അവരിൽ ആരെങ്കിലും പറഞ്ഞാൽ സുഹൃത്ത് വലയത്തിൽ നിന്നും ആ പെണ്പ്രജകളെ വെട്ടി കളഞ്ഞേക്കുക. ഏറ്റവും വലിയ അശ്ളീലം ഇത്തരം സ്ത്രീകൾ ആണ്.
കൂടെ നിൽക്കുന്നവരെ ചേർത്ത് പിടിച്ചോളൂ.. കാരണം അവർ കറ തീർന്ന സ്നേഹമാകുന്നു.

Monday, 20 January 2020

മറവിയുടെ പാഠങ്ങൾ പഠിപ്പിക്കുന്നവർ...



അങ്ങനെ നാട്ടിലൊന്ന് പോയി വന്നു. അതെന്താ ഇത്ര പറയാൻ അല്ലേ? ഉണ്ടെന്നേ, അതായത് ഞാൻ ബ്ലോഗിൽ എഴുതിയ ഒരു അനുഭവം ചിലരെ ഒക്കെ വേദനിപ്പിച്ചുവെന്നും അതു കൊണ്ട് ചിലർ എന്നെ വീട്ടിൽ കേറ്റില്ല എന്ന് തീരുമാനിച്ചിട്ടുണ്ടെത്രെ! ഒരു കൂട്ടർ എന്നെ നല്ല പോലെ ചീത്തയും വിളിച്ചു, തിരിച്ച് ചീത്ത വാക്കുകൾ ഒന്നും പറഞ്ഞില്ല എങ്കിലും പറയാൻ ഉള്ളത് സത്യം സത്യമായത് മാത്രം പറഞ്ഞാണ് ഇറങ്ങി പോന്നത്. ആ അനുഭവത്തിലെ ഒരാൾ ഞങ്ങളുടെ ജീവിതത്തിൽ വില്ലനായത് അദ്ദേഹത്തെ മറ്റുള്ളവർ ഉപയോഗിച്ചത് കൊണ്ടാണ് എന്ന് എനിക്ക് ഉറച്ച ബോധ്യം ഉള്ളത് കൊണ്ട് , അദ്ദേഹത്തോട് പരിഭവമോ പിണക്കമോ ഇല്ല. അണിയറയിൽ എനിക്കെതിരെ പതിവ് പോലെ അടവുകൾ ഉണ്ടാകുന്നുണ്ട്. പരിഭവമില്ല, എനിക്ക് ഉള്ള ആയുധങ്ങൾ സത്യവും അതെഴുതാനുള്ള കരുത്തും ധൈര്യവും മാത്രമാണ്. അതു കൊണ്ടുണ്ടാകുന്ന ഏത് കഷ്ടനഷ്ടങ്ങളും ഞാൻ സഹിക്കാൻ തയ്യാറാണ്.

ദരിദ്രനും കുടിയനുമായ അച്ഛന്റെ മക്കൾക്ക് ഭൂമിയിൽ ഒരിടത്തും സ്ഥാനമില്ലാത്തവർ ആണ്. ആർക്കും എപ്പോൾ വേണമെങ്കിലും വേദനിപ്പിക്കാനുള്ള ഒരു ഉപകരണമാണ് അത്തരം കുട്ടികൾ. ദരിദ്ര്യമാകട്ടെ ഓരോ ഇഞ്ചിലും ആ കുട്ടികളിൽ കയ്യൊപ്പു ചാർത്തിയിട്ടുണ്ടാകും. വിളറിയ മുഖവും , ക്ഷീണിച്ച ശരീരവും, കരുവാളിച്ച തൊലിപ്പുറമോ എന്തും അവരുടെ പുഞ്ചിരിക്ക് മുകളിൽ  നിന്ന് പ്രഖ്യാപിക്കും ഏതോ ദരിദ്യവാസി എന്ന്. അത്തരം ഒരു സാഹചര്യത്തിന്റെ അവകാശികൾ ആയ ഞങ്ങൾക്കും മറിച്ചെന്താണ് സംഭവിക്കുക?

തന്നിൽ താഴ്‌നാവരോട് മനുഷ്യകുലം എന്നും ക്രൂരമായ തരംതാഴ്തൽ കാണിക്കും. ഒരു തരം റാഗിംഗിന്റെ അതേ മനോഭാവം. അത്തരം കാക്കത്തൊള്ളായിരം അനുഭവങ്ങളിലൂടെ ഞങ്ങൾ കടന്നു പോയിട്ടുണ്ട്. അതിന്റെ മുറിവുകൾ ഇന്നും, കൊല്ലങ്ങൾ കടന്നു പോയിട്ടും വിങ്ങുന്നുണ്ട്‌.വളരെ കുറച്ചു എഴുത്തുകളിൽ മാത്രമേ അതിൽ ചിലത് സത്യസന്ധമായി എഴുതിയിട്ടൊള്ളൂ. ഒരു പ്രായം വരെയും എനിക്ക് അതെഴുതാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ചുറ്റുമുള്ള ആ ക്രൂരത കാണിച്ചവരെ ഭയന്നു തന്നെ ആയിരുന്നു എഴുതാതെ ഇരുന്നത്. പ്രായം ചെല്ലും തോറും അവ കുറഞ്ഞു വന്നു.

ഈ പ്രായത്തിലും കടന്നു പോയ വേദനകൾ മനസ്സിനെ ഭ്രാന്ത് പിടിപ്പിക്കാറുണ്ട്. എന്തിനാണ് ഈ വേദനകളുടെ ഭാണ്ഡം ഞാൻ മുറുക്കി കെട്ടി കൂടെ കൊണ്ട് നടക്കുന്നതെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. ഓർമ്മകളിൽ ഏറ്റവും വേദനിപ്പിച്ചവയെ ഓടിച്ചു കളയാൻ ഒരു തെറാപ്പി പോലെ എഴുതി വെച്ചതാണ് അവയെല്ലാം.  വേദനയുടെ കനം കുറക്കുന്ന കൺ കെട്ട് വിദ്യയാണത്.

അപമാനിക്കുന്നവർ ഓർത്തു വെക്കില്ലെങ്കിലും, അപമാനമേറ്റവർ മുറിവുണങ്ങാതെ നടക്കും. അത്തരം ഒരു തിരിച്ചറിവ് എങ്കിലും ഞാൻ അവരിൽ നിന്ന് പ്രതീക്ഷിച്ചത് തെറ്റാണ് എന്നറിയാം. നമ്മൾ വിചാരിക്കും പോലെ നമ്മൾ ആരും അത്രക്ക് പ്രൈവറ്റ് അല്ല. ഒരു പാട് പേരുടെ കൂടെയാണ്. നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിൽ എന്തൊക്കെ നമ്മൾ കുടഞ്ഞിട്ടോ അവയെല്ലാം ഒരിക്കൽ നമ്മുടെ വഴിയിൽ തിരികെ വരിക തന്നെ ചെയ്യും.. അതു തന്നെയാണ് ഞാനും ചെയ്തത്.
എനിക്കറിയാം എനിക്ക് ചുറ്റുമുള്ളവർ ആരും മദർ തെരേസയെ പോലെയോ, ബുദ്ധനെ പോലെയോ വേദനിപ്പിക്കാത്തവരോ ക്ഷമിക്കുന്നവരോ അല്ലെന്ന്. അങ്ങനെയുള്ളവർ എന്നെയും മറവിയുടെയും ക്ഷമയുടെയും പാഠങ്ങൾ പഠിപ്പിക്കാൻ വരരുത് എന്ന് എനിക്ക് നിർബന്ധമാണ്. ആദ്യമേ നിങ്ങൾ വഴി തെളിയിച്ചാൽ ഞാനും കൂടും. അങ്ങനെ അല്ലാതാകാൻ ഞാൻ ദൈവമല്ല.

എങ്കിലും ഇവരോടൊക്കെ എനിക്ക് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട് ട്ടോ. അവരെന്നെ അപമാനിച്ച ദിവസങ്ങളിൽ ഞാൻ കൂടുതൽ പഠിച്ചിരുന്നു. . പുതിയ കൂട്ടുകാരെ നേടിയിരുന്നു.അവരിൽ നിന്നെല്ലാം അകന്നു നിന്നു. അപവാദത്തിൽ ഒറ്റപ്പെട്ടവരെ ചേർത്തു പിടിച്ചു, കൂട്ടത്തിലുള്ളവരെ ചതിക്കാതെ സ്നേഹിച്ചു.എന്റെ മുൻപിൽ ആരെയും അപമാനിക്കാൻ സമ്മതിക്കാതിരുന്നു.  ഏത് കുഞ്ഞു സന്തോഷത്തിലും ഉള്ളു നിറഞ്ഞു ചിരിച്ചു. മനസ്സ് തുറന്ന് സത്യസന്ധമായി ജീവിച്ചു. സ്നേഹവും മനസ്സിലാക്കലും അല്ലാതെ മറ്റൊന്നും ബന്ധങ്ങളിൽ വേണ്ടെന്ന് പഠിച്ചു. ചുമ്മാ പഠിച്ചതല്ല, എന്റെ ചുറ്റുമുള്ളവർ എന്താണോ അതാകരുത് എന്ന് മനസ്സിലാക്കിയത് കൊണ്ട് കിട്ടിയ പാഠങ്ങൾ ആണ് ഇവയെല്ലാം.

ഇന്നെനിക്ക്
മാണിക്യം പോലത്തെ സുഹൃത്തുക്കൾ ഉണ്ട്..
നല്ല വജ്രം പോലുള്ള ചില ബന്ധുക്കൾ ഉണ്ട്, ഏത് ദരിദ്ര്യത്തിലും സമത്വവും സ്നേഹവും കാണിച്ച് ഒപ്പം നിന്നവർ. അവർക്ക് ചേർത്തു പിടിച്ചു ഒരു കെട്ടിപിടുത്തം കൊടുക്കാതെ ഈ എഴുത്ത് നിർത്തുക വയ്യ . കൂടെ കട്ടക്ക് നിൽക്കുന്ന എല്ലാവരോടും സ്നേഹം മാത്രം..

വിവാദമായ എഴുത്തിന്റെ ലിങ്ക് താഴെ 👇

http://mayakazhchakal.blogspot.com/2018/11/blog-post.html?

Sunday, 12 January 2020

അവകാശം



എനിക്കും എന്റെ അടുക്കളക്കും ഒരേ എക്‌സ്‌ഹോസ്റ്റ് ഫാനാണ്... കെട്ടി നിൽക്കുന്നതെല്ലാം അന്യരിലേക്ക് അവകാശമെന്ന പോൽ വിസർജ്ജിക്കുകയാണ് ഞങ്ങൾ രണ്ടും...
എനിക്കും എന്റെ പ്രഷര്കുക്കറിനും ഒരേ
നിലവിളികളാണ്.. ഒരേ ഒരു കരടിൽ
തടഞ്ഞു തെറിക്കാവുന്ന പൊട്ടിത്തെറികൾ...
അവ തടഞ്ഞു വെച്ചിരിക്കുന്ന തേഞ്ഞു
തീരാറായ ചെറിയ ചെറിയ വാൽവുകൾ...
നിൽക്കു സ്വപ്നങ്ങളെ നിങ്ങളെ ഉറക്കാനും
എന്റെ അടുക്കളയെ ഉണർത്താനും
ഒരേ ഒരു അലാം നിലവിളി തയ്യാറായി കഴിഞ്ഞിരിക്കുന്നു.                 

Thursday, 12 December 2019

ഞങ്ങൾ ഇങ്ങനാണ് ഭായ്...


ഞങ്ങൾന്ന് പറഞ്ഞാൽ കടപ്പുറത്ത്കാർ..അല്ലാ കടപ്രത്ത്കാർ..വഴക്കുകൾ നടക്കുമ്പോൾ കേൾക്കാം കടപ്രത്ത്കാർടെ സ്വഭാവം കാണിക്കല്ലേ ന്ന് മുന്നറിയിപ്പുകൾ ..എന്താ അങ്ങനെ പറയുന്നത് എന്നു ചോദിച്ചാൽ പറയും അവർക്ക് തീരെ സ്റ്റാൻഡേർഡ് ഇല്ലാ ത്രേ. അതു ശരിയാകും നിങ്ങൾക്ക് കഴിക്കാൻ വേണ്ടി നാറ്റമുള്ള മീൻ പിടിക്കുന്നവർ അല്ലേ.. അപ്പോൾ അത് വാങ്ങി വയർ നിറച്ചും കഴിക്കുന്ന നിങ്ങൾക്ക് എന്ത് സ്റ്റാൻഡേർഡ് ആണുള്ളത് എന്നും കൂടെ പറയണം!

ഞങ്ങൾ ഭയങ്കര തല്ലൂടികൾ ആണത്രേ..കാര്യം ശരിയാണ് ഞങ്ങൾ ശീത സമരം നടത്താറില്ല. കടൽ പോലെ തന്നെയാണതും. ഉള്ളിൽ ഉള്ളത് ശബ്ദമുണ്ടാക്കി തന്നെ പറയും. ഞങ്ങൾ കാക്കകളെ പോലെയാണ്. ഞങ്ങളിൽ ഒന്നിനെ തൊട്ടാൽ , അത് ശത്രു ആയാലും മിത്രം ആയാലും അയാൾക്ക് വേണ്ടി ഞങ്ങളങ്ങ് ഒന്നിക്കും.. എന്നിട്ട് ആ മാരണത്തെ ഓടിച്ചു കളയുകയും ചെയ്യും. പരസ്പര സ്നേഹവും വിശ്വാസവും അല്പം കൂടുതൽ ആണ്. അപകടം നിറഞ്ഞ കടലിൽ  പരസ്പര വിശ്വാസത്തിന്റെയും , സ്നേഹത്തിന്റെയും കരുതലിലാണ് പണിയെടുക്കാൻ പോകുന്നത്. നിങ്ങൾ പരസ്പര വിശ്വാസം സ്നേഹവും കുറയുമ്പോൾ ഉണ്ടാകുന്ന വഴക്കുകളിൽ അവര് കടപ്രത്തുകാരെ പോലെ തല്ലുണ്ടാക്കുന്നു എന്ന് പറഞ്ഞു ഞങ്ങളെ അപമാനിക്കരുത്. നിങ്ങളുടെ കുഴപ്പങ്ങൾ നിങ്ങൾ ഏറ്റെടുക്കുകയെങ്കിലും വേണം ഭായ്.

ഞങ്ങൾ  കൂട്ടത്തിൽ ഒരാളെ കൂട്ടുക എന്നാൽ അവർ ഞങ്ങളുടേതാകുക എന്ന് തന്നെയാണ് അർത്ഥം.പരസ്പര രഹസ്യങ്ങളും സങ്കടങ്ങളും ഇല്ലാതാകാറുണ്ട് ഞങ്ങൾക്കിടയിൽ. വലിയ ഭാരമില്ലാത്ത ഹൃദയമുള്ളവരാകാറുണ്ട് ഞങ്ങൾ..അത് കൊണ്ട് തന്നെ ചതിച്ചവരെ, കൂട്ടത്തിൽ പണി തരുന്നവരെ.. ഞങ്ങളുടെ നിഷ്കളങ്കതയെ മുതലെടുക്കുന്നവരെ മറന്നു കളയുന്ന പതിവും ഞങ്ങൾക്കുണ്ട്.. അതിനും കടലിന്റെ സ്വഭാവമാണ്.തിരയടിച്ച് കരയിലുള്ളവയെ മായ്ച്ചുകളയും പോലെ ഓർമ്മയിലെ നിങ്ങളെ ഞങ്ങളങ്ങ് മറന്നു കളയും എന്നന്നേക്കുമായി..

ഞങ്ങളുടെ ഭാഷ ചെറ്റഭാഷയാണത്രെ.. അല്ലാ അലക്കി തേച്ച നിങ്ങളുടെ ഭാഷയിൽ മറ്റൊരാളെയും   വേദനിപ്പിക്കാറില്ലേ?  ചെറ്റവീട്ടിൽ ജീവിച്ചു വളർന്ന ഞങ്ങളും മാളികയിൽ വളർന്ന നിങ്ങളും മറ്റൊരാളെ വാക്കുകൾകൊണ്ട് മുറിവേല്പിച്ചാൽ ഒരേ ആഴമാണ്, വേദനയാണ്. അതേ ഭാഷ കൊണ്ട് തന്നെ നിങ്ങളും ഞങ്ങളും ഒരാളെ ചേർത്ത് പിടിച്ചാൽ ഉണ്ടാകുന്ന സ്നേഹവും പ്രചോദനവും ഒരേ അളവായിരിക്കും. അതിൽ കൂടുതൽ എന്ത് മായാജാലമാണ് ഭാഷ കൊണ്ട് കാണിക്കേണ്ടത്.

ഞങ്ങളുടെ സ്ത്രീകൾ സാമർത്ഥ്യക്കാരികൾ ആണത്രേ..അതേലോ നല്ല ധൈര്യവും സാമർത്ഥ്യവും ഞങ്ങൾക്കുണ്ട്  ഇത്രയും അപകടം നിറഞ്ഞ കടലിലേക്ക്, തിരിച്ചു വരുമോ എന്നുറപ്പില്ലാത്ത ജോലിക്ക് വീട്ടിലെ ആണുങ്ങളെ പറഞ്ഞയച്ചിട്ട് മനസ്സുറപ്പിച്ച് ഇരിക്കുന്ന ഞങ്ങളുടെ സ്ത്രീകളിൽ നിന്ന് നിങ്ങളെന്താണ് പ്രതീക്ഷിക്കുന്നത്? കടൽ പോലെ ആഴമാർന്ന പ്രതീക്ഷകളും ,ആത്മാർത്ഥതയും ,ധൈര്യവുമാണ് ഞങ്ങളുടെ സ്ത്രീകൾ.

ഞങ്ങളെ കാണാൻ ലുക്ക് പോരാത്രേ.. ഉറച്ച ഇരുണ്ട നിറമുള്ള പുരുഷന്മാരും സ്ത്രീകളും ആണ് ഞങ്ങളുടെ പരമ്പര. പകലൊട്ടുക്ക് കടലിൽ പണിയെടുക്കുന്ന ഞങ്ങൾക്ക് തണൽ കിട്ടാൻ കടലിൽ മരം നടാൻ പറ്റില്ലല്ലോ ഭായ്. സൂര്യപ്രകാശം തട്ടി ഇരുണ്ട  ശരീരത്തിന്റെ ജീനുകളെ ഞങ്ങൾക്കൊള്ളു. ഞങ്ങൾ അങ്ങനെ ആയിരിക്കേ തന്നെ സുന്ദരികളും സുന്ദരന്മാരും ആണ്.

ഇന്നിപ്പോൾ ഞങ്ങളോടി പഠിപ്പിലും, പണത്തിലും നിങ്ങൾക്ക് ഒപ്പമെത്തി തുടങ്ങിയപ്പോൾ നിങ്ങൾക്ക് അസ്വസ്ഥത വന്നതല്ലേ? ഞങ്ങളുടെ വളർച്ച സ്വീകരിക്കാനാകാത്ത നിങ്ങളുടെ മനസ്സിന്റെ സങ്കുചിതത്വമല്ലേ പ്രശ്നം ഭായ്..അല്ലാതെ ഞങ്ങൾ ഇങ്ങനെ ആയതല്ലാ  ഭായ്..