ഇതുപോലൊരു പെരുമഴക്കാലത്തെ, ഇരുട്ട് വീണ വൈകുന്നേരമായിരുന്നു ഞങ്ങൾ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടത്. തോൽക്കാൻ മനസ്സില്ലാത്ത അമ്മയും മൂന്നു മക്കളും കൂടെ പെട്ടെന്നു തന്നെ വലിയ മരകമ്പുകളും മെടഞ്ഞ ഓലയും ഉപയോഗിച്ച്, രാത്രി കുറേ ഏറിയപ്പോഴേക്കും പറമ്പിന്റെ കിഴക്കെ അറ്റത്ത് ഒരു കുടിലിന്റെ പ
കുതി ഭംഗിയോടെ പണി തീര്‍ത്തു. മറുപകുതി ക്ഷീണവും വിശപ്പും കൊണ്ട് മടുത്ത ഞങ്ങള്‍ ഒപ്പിച്ചും വെച്ചു. ആ പകുതി എല്ലാ മഴക്കും ചോര്‍ന്നൊലിച്ച് ഞങ്ങള്‍ കിടന്നുറങ്ങുന്ന നല്ല പകുതിയില്‍ വരാന്‍ തുടങ്ങിയപ്പോള്‍ അമ്മ കുടിലിനകത്ത് ഒരു ചാലു വെട്ടി വെള്ളം തെങ്ങിന്‍ തടത്തിലേക്ക് തിരിച്ച് വിടുമായിരുന്നു. ആ മഴക്കാലമത്രയും ഉറക്കം പിടിക്കുമ്പോഴും, ഉണരുമ്പോഴും ആ ചാലിലെ വെള്ളമൊഴുക്കായിരുന്നു
കണി.
ഓലയും മരകമ്പുകളും ഉപയോഗിച്ച് ഉണ്ടാക്കിയ ആ കുടിലിന് ഒരു കളി വീടിനേക്കാൾ കുറച്ചു കൂടെ വലുപ്പമേ ഉണ്ടായിരുന്നുള്ളൂ!
പണ്ടത്തെ അടുപ്പമുണ്ടായിരുന്ന ആരും ആ വീട്ടിലേക്ക് വരില്ലായിരുന്നു. ഒന്നാമത്തേത് നാണക്കേട്, രണ്ടാമത്തേത് കുടുംബ വഴക്കുകൾ വലിഞ്ഞുമുറുകി നിൽക്കുന്ന കാലം കൂടെയാരുന്നു അത്.
ബന്ധവും സ്വന്തവുമെന്നൊക്കെ പറയുന്നത് ഒരു സങ്കല്പമാണെന്ന് ചെറുപ്പത്തിലേ മനസ്സിലാക്കാൻ കാരണമായ കാലം കൂടെയാണത്
അങ്ങനെ ഇരിക്കെയാണ് ഒരു ദിവസം കാർത്ത്യായനി അമ്മായി അവിടേക്ക് വന്നത്.
കുടിലിലേക്ക് കയറി, നനഞ്ഞ സാരി ഒതുക്കി അമ്മായി നിലത്ത് പടിഞ്ഞിരുന്നു കൊണ്ട് അച്ഛനെ വഴക്ക് പറയാൻ ആരംഭിച്ചു. "നാണമില്ലല്ലോടാ നിനക്ക് ഈ മക്കളെയും ഭാര്യയെ ഇതുപോലൊരു സ്ഥലത്ത് താമസിപ്പിച്ച് വന്നിരുന്നു വയറു നിറച്ചുണ്ണാൻ "
അച്ഛൻ തലയും കുനിച്ചിരുന്നു. ചേച്ചിയോടുള്ള സ്നേഹം കാരണം തിരിച്ചൊന്നും പറയുന്നുമില്ല.
ഞങ്ങൾ ഓലവീടെങ്കിലും, നല്ലൊരു വീട്ടിലേക്ക് മാറാനും, അവിടെയൊരു ഡസ്കും ബെഞ്ചും വാങ്ങിക്കാനും എല്ലാം കാരണക്കാരിയായത് അമ്മായിയുടെ ഈ ചീത്ത വിളി തന്നെ ആയിരുന്നു.
അമ്മായിയെ കുറിച്ച് പറയാൻ ഏറെയുണ്ട്. അമ്മായിയ്ക്ക് ഇപ്പോൾ 84 വയസ്സായി കാണും. അപ്പൂപ്പന്റെ ചേട്ടനനിയമാരിൽ ഒരാളുടെ മകളാണ്. ഞങ്ങളുടെ കൂട്ടത്തിലെ ആദ്യത്തെ ഡിഗ്രിക്കാരിയും BEd കാരിയും അമ്മായിയാണ്. അച്ഛനേറ്റവും പ്രിയം നിറഞ്ഞ ചേച്ചിയും അമ്മായിയാണ്. അച്ഛൻ അവരോട് ഒരിക്കലും എതിർത്തു പറഞ്ഞു കേട്ടിട്ടേ ഇല്ല.
അമ്മയോടും ഞങ്ങളോടും ഏതുസമയത്തും ആരുടെ മുമ്പിലും വെച്ച് ഒരുതരത്തിലും അകൽച്ച കാണിക്കാതെ ബഹുമാനത്തോടെയും സ്നേഹത്തോടെയും ചേർത്തുപിടിച്ചിരുന്ന ബന്ധുക്കളിലെ ഏക മനുഷ്യജീവി അവരായിരുന്നു. വഴക്കുകളോ കുശുമ്പോ ഞങ്ങളുമായുള്ള ബന്ധത്തിൽ അവരെ തീണ്ടിയിട്ടുണ്ടായിരുന്നില്ല.
അമ്മായിയുടെ ഭർത്താവായ ബാലമാമനും അതേ അടുപ്പം ഞങ്ങളോട് പുലർത്തിയിരുന്നു.
പിന്നെ അമ്മായിയുടെ രണ്ടാണ്മക്കൾ, മനോജേട്ടനും പ്രമോദേട്ടനും അതേപോലെതന്നെ സ്നേഹം നിറഞ്ഞവരാണ്. അമ്മായിയുടെ മകൾ സ്മിത ചേച്ചിയും അതേ പോലെ തന്നെയാണ്.. പിന്നീട് ചേട്ടന്മാരുടെ ഭാര്യമാരായി വന്ന ചേച്ചിമാരും ഞങ്ങളോട് വളരെ സ്നേഹമാണ്.
ഒരുകാലത്തും ഞങ്ങളെ ആ കുടുംബം മാറ്റി നിർത്തിയിട്ടില്ല. ചെറുപ്പത്തിൽ അവരുടെ വീട്ടിലെ പരിപാടികൾക്ക് മാത്രമാണ് ഞങ്ങൾ സമത്വത്തോടെ സമാധാനത്തോടെ ആത്മാഭിമാനത്തോടെ, നിറഞ്ഞ സന്തോഷത്തോടെ പങ്കെടുക്കാൻ പറ്റിയിട്ടുള്ളത്.
അതുകൊണ്ടുതന്നെ അമ്മായി എന്ന് പറയുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരിക കാർത്ത്യായനി അമ്മായിയെയും ബാലമാമനെയും മക്കളെയും ആണ്. അവരുടെ വീട്ടിലെ പരിപാടികൾക്ക് പോകുമ്പോൾ വല്ലാത്തൊരു ഉറപ്പുണ്ട്, ആ വീട്ടിൽ വെച്ച് മറ്റു കുടുംബവഴക്കുകളുടെ പേരിൽ ഒരിക്കലും ആരും ഞങ്ങളെ അപമാനിക്കില്ലെന്നും, മാറ്റിനിർത്തില്ലെന്നുമുള്ള അസാധ്യമായി ധൈര്യം.
എൽഎൽബിക്ക് സീറ്റ് കിട്ടിയെന്ന് അറിഞ്ഞപ്പോൾ 3000 രൂപയും കൊണ്ട് അമ്മായി വന്നിട്ടുണ്ടായിരുന്നു. അതിനായിരുന്നു ഞാൻ ആദ്യമായി ഒരു നിയമപുസ്തകം വാങ്ങിച്ചത്. -ലോ ഓഫ് കോൺട്രാക്ട്. ഇന്നും അത് ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
ആ പൈസ കിട്ടിയതിനേക്കാൾ സന്തോഷമായിരുന്നു അതറിഞ്ഞ് അവർ വന്നതും ആ സ്നേഹവും കരുതലും.
കരുണയും ദയയും എത്രത്തോളം ഞങ്ങളോട് കാണിക്കാമോ അത്രത്തോളം കാണിച്ചിട്ടുള്ള ഒരാളാണ് അവർ. എനിക്ക് അമ്മായി എന്ന് പറയുമ്പോൾ അവർ മാത്രമാണ്.
ഇന്നിപ്പോൾ ഈ മഴയത്ത് ചായയും കുടിച്ചിരിക്കുമ്പോൾ ഞാൻ അമ്മായിയെ കുറിച്ചും ചേട്ടന്മാരെ കുറിച്ചും മാമനെ കുറിച്ചൊക്കെ ഓർത്തു, എന്റെ കൂട്ടുകാരനോട് അത് പറഞ്ഞു സന്തോഷമാണോ സങ്കടമാണോ എന്നറിയാത്ത വിതുമ്പലിൽ എത്തിച്ചേർന്നിട്ടുണ്ട്. അവർക്കറിയുമായിരുന്നോ എന്നെനിക്കറിയില്ല, അവരന്ന് ആ കാണിച്ചതല്ലാം ജീവിതത്തിൽ ആദ്യമായി അനുഭവിക്കുന്ന ഒരു പെൺകുട്ടിയോടായിരുന്നു എന്ന്.
അമ്മായിയോടും ആ കുടുംബത്തോടും ഒത്തിരി സ്നേഹം. ആത്മാഭിമാനത്തിന്റെ സ്നേഹത്തിന്റെ ദയയുടെ സമത്വത്തിന്റെ സമാധാനത്തിന്റെ സുരക്ഷിതത്വത്തിന്റെ രുചി ആദ്യമായി അറിയിച്ചു തന്നതിന്!

No comments:
Post a Comment