Tuesday, 6 October 2026

ആഘോഷം


 എഴുപതുകളുടെ അവസാനത്തിലാണ് ഞാൻ ജനിച്ചത്... ഹോ അതെന്തൊരു കാലമായിരുന്നു. 

പെൺകുട്ടികളുടെ ശരീരവും വസ്ത്രവും പെരുമാറ്റവുമൊക്കെ  സമൂഹത്തിന്റെ,  കുടുംബത്തിന്റെ ഒക്കെ മാനം അളക്കുന്നതിനുള്ള അളവ് കോൽ മാത്രമായിരുന്ന കാലമായിരുന്നു അത്.

എല്ലാത്തിനും നിയമങ്ങളുണ്ടായിരുന്നു. എന്ത് ധരിക്കണം, ശരീരം എത്രത്തോളം കാണിക്കാം, എങ്ങനെ ഇരിക്കണം, എങ്ങനെ നടക്കണം, എങ്ങനെ ചിരിക്കണം, പാചകം  അടുക്കള അതായിരിക്കണം പെൺകുട്ടികളുടെ ലോകം..അങ്ങനെ അങ്ങനെ വിവാഹത്തിന് പാകപ്പെടുത്തി എടുക്കുന്ന ഒരു പരിപാടി മാത്രമാണ് പെൺകുട്ടിയെ വളർത്തൽ.

വിവാഹം കഴിക്കാൻ ആൺകൂട്ടർക്ക് തോന്നിപ്പിക്കണം. അല്ലാത്ത പെൺകുട്ടികളെ മൊത്തത്തിൽ പുച്ഛമാണ്. 

അന്ന് ഫാഷൻ എന്നത് പറയാൻ പോലും പാടില്ലാത്ത വാക്കായിരുന്നു. സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം പെൺകുട്ടികൾക്ക് തുലോം തുച്ഛമായിരുന്നു.

അതിപ്പോൾ പൈസക്കാരുടെ  വീട്ടിലെ പെൺകുട്ടികളുടെ അവസ്ഥയും കണക്കായിരുന്നു.  

മുട്ടൊപ്പമുള്ള കുട്ടി പാവാടയിൽ നിന്ന് പത്തു പന്ത്രണ്ട് വയസ്സാകുമ്പോൾ നീളൻ പാവാടയിലേക്ക് മാറ്റം കിട്ടും.അതിൽ നിന്ന് ഹാഫ് സാരി, ഒടുവിൽ സാരിയിലേക്ക്. അത്രയായിരുന്നു പലപ്പോഴും ഞങ്ങളുടെ ഫാഷൻ യാത്ര.  പലപ്പോഴും അമ്മയോ അച്ഛനോ തീരുമാനിക്കുന്നതായിരിക്കും ധരിക്കുക..

അല്പം ട്രെൻഡിന് അനുസരിച്ചു എന്തേലും വാങ്ങിക്കാം എന്ന് വീട്ടുകാരോട് പറയാമെന്ന് വിചാരിച്ചാൽ അവരാദ്യമേ,  ആളുകൾ എന്ത് പറയും എന്നൊരു ചോദ്യം ചോദിക്കും...

എണ്ണത്തിൽ വളരെ കുറവാണെങ്കിലും മിഡിയും ടോപ്പും ധരിക്കാൻ ഭാഗ്യം സിദ്ധിച്ച പെൺകുട്ടികൾ  അന്നുണ്ടായിരുന്നു. അവരെ ഞങ്ങൾ, നീളൻ പാവാടകാരികൾ ജാഡക്കാരികൾ  എന്ന് വിളിക്കുമായിരുന്നു. ജീൻസും ടോപ്പും ധരിച്ചാൽ അവരെ പോക്ക് കേസെന്ന് വിളിക്കും.  വസ്ത്രം ആയിരുന്നു അന്നത്തെ പെൺകുട്ടികളുടെ സ്വഭാവത്തിന്റെ പ്രഖ്യാപനം ആയി സമൂഹവും വീട്ടുകാരും കണ്ടിരുന്നത്.   ഇതുപോലെയൊക്കെ ഡ്രസ്സ് ചെയ്ത് നടന്നാൽ നിന്നെ കല്യാണം കഴിക്കാൻ ആണുങ്ങൾ വരില്ലെന്ന് എത്രയോ തവണ അക്കാലത്തെ പെൺകുട്ടികൾ കേട്ടിട്ടുണ്ടാവുമെന്നോ.

പിന്നീട് ചുരിദാർ വന്നു. ദേഹം മുഴുവൻ മൂടി കിടക്കുന്നതുകൊണ്ടും എന്നാൽ നടക്കാൻ സ്വാതന്ത്ര്യമുള്ളതുകൊണ്ടും ആയിരിക്കാം വളരെ പെട്ടെന്ന് ചുരിദാറിനെ ആൾക്കാർ അംഗീകരിച്ചിരുന്നു.  അതിനും അതിന്റേതായ നിയമങ്ങളുണ്ടായിരുന്നു. ശരീരത്തിന്റെ ആകൃതി ഒന്നും കാണാത്ത തരത്തിൽ വലുപ്പമുള്ള ചുരിദാറുകളായിരുന്നു അന്നുണ്ടായിരുന്നത്. ഏകദേശം ഒരു സഞ്ചിക്കകത്ത് കുടുങ്ങിയ പോലെ ആയിരുന്നു അവയിട്ട പെൺകുട്ടികളുടെ രൂപം.

ഇതിനെല്ലാം പുറമെ, ദരിദ്രമായ ഒരു കുടുംബത്തിൽ നിന്നാണെങ്കിൽ ഫാഷൻ എന്നത് സമൂഹത്തിന്റെ നിയന്ത്രണം മാത്രമായിരുന്നില്ല. പണത്തിന്റെ പരിമിതിയും കൂടിയായിരുന്നു. 

 എനിക്കൊക്കെ ട്രെൻഡ് എന്നതിലുപരി കിട്ടുന്നത് ധരിക്കുക എന്നതായിരുന്നു നിയമം. ചെറിയ കുട്ടി ആയിരുന്നപ്പോൾ ചില ഗൾഫുകാരായ ബന്ധുക്കൾ പുതിയ ഉടുപ്പുകൾ തരുമായിരുന്നു.  അന്നത് ധരിച്ചു നടന്നു.

  പിന്നീട് വലുതായപ്പോൾ വാടാനപ്പള്ളിയിലെ കട്ട് പീസ് സെന്ററിൽ നിന്ന് വാങ്ങിച്ച തുണികൾ കൊണ്ടുണ്ടാക്കിയ പാവാടകളും ബ്ലൗസും ആയിരുന്നു ഞാൻ ധരിച്ചിരുന്നത്. കാണാൻ വലിയ ഭംഗിയില്ലാത്ത ഡിസൈനുകളാണ് പൊതുവേ അവിടെ ലഭിക്കുക. അതുപോലെതന്നെ ഇടുമ്പോൾ പ്രത്യേകിച്ച് സുഖവും ഉണ്ടാകാറില്ല. വിലകുറഞ്ഞതും ബഡ്ജറ്റിൽ ഒതുങ്ങുന്നതും വീട്ടുകാർക്ക് സമ്മതമുള്ളതും ധരിക്കുക എന്നതായിരുന്നു അന്നത്തെ എന്റെ ഫാഷൻ. 

കിട്ടിയ ഓരോ ജോഡി വസ്ത്രവും നരച്ചു കീറും വരെ ഉപയോഗിക്കുക എന്നതും ശീലമാണ്.

 അക്കാലഘട്ടങ്ങളിലെ എല്ലാ പെൺകുട്ടികളുടെയും അവസ്ഥ ഏറെക്കുറെ ഇതുപോലെയൊക്കെ ആയിരിക്കും പ്രത്യേകിച്ച് ഞങ്ങളുടെ പരിസരപ്രദേശങ്ങളിൽ ഉള്ളവർ.  

 കോളേജിലൊക്കെ എത്തിയപ്പോൾ പല സുഹൃത്തുക്കളുടെയും വസ്ത്രങ്ങൾ മാറ്റിയിടുമായിരുന്നു. അങ്ങനെ ഇച്ചിരി ട്രെൻഡിന് അനുസരിച്ചിട്ടാൽ സകല ബന്ധുക്കളും കുറ്റപ്പെടുത്തുമായിരുന്നു.

 ജോലി കിട്ടിയപ്പോഴും ഇഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങിക്കുക എന്നത് നടക്കില്ലായിരുന്നു,  വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞു വരുമ്പോൾ പോക്കറ്റ് കാലിയാകുമായിരുന്നു. 

അത് കൊണ്ട് പിന്നെയും നല്ല വസ്ത്രങ്ങൾ ഇടുന്നത്  വലിയ സ്വപ്നമായി തുടർന്നു.

 പിന്നീട് നല്ല വസ്ത്രങ്ങൾ ധരിക്കണമെന്ന് ആഗ്രഹം തോന്നുന്നത് നട്ടെല്ലിന് ക്ഷതമായി കിടപ്പിലായപ്പോഴാണ്.  കൈ പൊക്കി ഏതൊരു ഉടുപ്പും ഇടാൻ മറ്റൊരാളുടെ സഹായം വേണ്ടി വരുന്ന നിസ്സഹായതയിലാണ് എന്നെ നല്ല വസ്ത്രങ്ങൾ കൊതിപ്പിക്കാൻ തുടങ്ങിയത്.  വേദനകളിലൂടെ കടന്നു പോകുമ്പോൾ ഇനി നല്ല വസ്ത്രങ്ങൾ ഇടാൻ എന്റെ ശരീരം പാകപ്പെട്ട്  വരുമോ എന്ന ആധി എന്നെ ഭയപ്പെടുത്തുമായിരുന്നു.

അന്നത്തെ എന്റെ സ്വപ്നങ്ങളിൽ മുഴുവൻ പുത്തനുടുപ്പുകൾ ധരിച്ച് ഞാൻ ലോകം ചുറ്റുന്നത് പതിവായിരുന്നു.

പിന്നീട് ഞാൻ UK-യിൽ എത്തി. അവിടെ സ്ത്രീകൾ അവരുടെ വസ്ത്രങ്ങളെക്കുറിച്ച് ആരോടും വിശദീകരിക്കുന്നില്ല, ഇഷ്ടമുള്ളത് ധരിക്കുന്നു. മറ്റുള്ളവരുടെ അഭിപ്രായത്തിന് അനുസരിച്ച് ഒരു സ്ത്രീയുടെ ഉടുപ്പുകൾ മറ്റേണ്ടതില്ലന്നും, അതു വെച്ച് അവളെ അളക്കേണ്ട ആവശ്യമില്ലെന്നും മനസ്സിലാക്കിച്ച ഒരു ലോകം. 

ക്ലാസ് എടുക്കാൻ വരുന്ന ടീച്ചരുടെ ഉടുപ്പുകൾ കണ്ട് ഞെട്ടിയും ഒപ്പം സന്തോഷിച്ചും എന്നിലെ ഫാഷൻ പ്രേമി ഉയിർത്തെഴുന്നേറ്റു.

 അവിടെവച്ചാണ് ഞാൻ എനിക്കിഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങിക്കാനും ധരിക്കാനും ആരംഭിച്ചത്. 

ചെറുപ്പത്തിൽ ഒരിക്കലും ധരിക്കാൻ കഴിയുമെന്ന് പോലും കരുതിയിട്ടില്ലാത്ത വസ്ത്രങ്ങൾ ഞാൻ അവിടെ കണ്ടു. 

 കയ്യിൽ കിട്ടുന്ന പൈസയിൽ നിന്ന് ഇടയ്ക്കിടെ പുത്തൻ ഉടുപ്പുകൾ വാങ്ങി അണിഞ്ഞ് ഞാൻ എന്നെ തന്നെ നോക്കി സന്തോഷപൂർവ്വം ചിരിക്കാൻ തുടങ്ങി.

ഇന്നും അത് തുടരുന്നു.

 നാൽപ്പതുകളിലെത്തിയപ്പോൾ, ഇരുപതുകളിൽക്കാൾ കൂടുതൽ ഞാൻ ഫാഷൻ ആസ്വദിക്കുന്നുണ്ട്.

ചിലരൊക്കെ കുത്തി ചോദിക്കും,

"ഈ പ്രായത്തിൽ ഇങ്ങനെ പെൺകുട്ടികളെപ്പോലെ വസ്ത്രം ധരിക്കുന്നത് എന്തിനാണ്?"

പക്ഷേ അവർ കാണാതെ പോകുന്ന ഒരു കാര്യമുണ്ട്.

ഞാൻ ഒരു പെൺകുട്ടിയാകാൻ ശ്രമിക്കുന്നതല്ലഎനിക്ക് ചെറുപ്പത്തിൽ ലഭിക്കാതെ പോയ വസ്ത്രങ്ങൾ ധരിക്കാൻ എന്നിലെ പെൺകുട്ടിയെ ഞാൻ ഇപ്പോഴാണ് അനുവദിക്കുന്നത്.

ഒരിക്കൽ, മുതിർന്നവർ തനിക്കുവേണ്ടി തീരുമാനിച്ച വസ്ത്രങ്ങൾ നിശ്ശബ്ദമായി ധരിച്ചിരുന്ന ഒരു പെൺകുട്ടി,  ഒരു സ്ത്രീ സ്വന്തം ശരീരത്തിൽ എത്രമാത്രം സ്വതന്ത്രയാണെന്നു പഠിച്ചു കഴിഞ്ഞു. അതറിയാത്തവരോട് സഹതാപം മാത്രം.

 അതുകൊണ്ട് മറ്റുള്ളവർക്ക് വ്യത്യസ്തമായി തോന്നുന്നതൊ നിലവിലെ ഫാഷൻ അനുസരിച്ചുള്ള ഒരു വസ്ത്രം ധരിക്കുമ്പോഴോ എന്റെ യൗവനം തേടിപ്പിടിക്കാൻ ശ്രമിക്കുന്നതിനേക്കാൾ ഞാൻ എന്നെ തന്നെ സ്നേഹിക്കുന്നതാണ്. പണ്ട്  സാധിക്കാതിരുന്ന ആ മോഹങ്ങൾക്ക് ഒരു അറുതി വരുത്തുന്നതാണ് 

ആരെയും ആകർഷിക്കാൻ വേണ്ടിയല്ല അത് ചെയ്യുന്നത്, ചെറു പെൺകുട്ടികളുമായി മത്സരിക്കാനും അല്ല, എന്റെ പ്രായത്തെക്കുറിച്ച് എനിക്ക് ബോധമില്ലാത്തതുകൊണ്ടും അല്ല.

 ഒരു സ്ത്രീ എങ്ങനെയായിരിക്കണം ഓരോ പ്രായത്തിലും വസ്ത്രം ധരിക്കേണ്ടത് എന്നുള്ള പൊതു നിർവചനങ്ങളെ  അതിജീവിച്ച്  എന്നെത്തന്നെ ഞാൻ ആഘോഷിക്കുകയാണ്. 

 അതുകൊണ്ട് ഇതൊരു വസ്ത്രം തിരഞ്ഞെടുക്കൽ എന്ന ചെറു പ്രക്രിയ മാത്രമല്ല ഇതെന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്, ഇതൊരു രാഷ്ട്രീയപ്രവർത്തനം കൂടെയാണ്

അതേ ഞാനെന്റെ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്.💜

No comments: