Thursday, 5 November 2026

എന്റെ വീക്ഷണ കോണകം അഥവാ ചില പെൺ സത്യങ്ങൾ


ഇത് വായിച്ചിട്ട് ഇതിൽ  കാലം മാറിയത് എവിടെ എന്നൊക്കെ ഒന്ന്   പറയാമോ?

ഇതൊരു കണക്ക് നിരത്തി വായന ബോറാക്കുന്ന ഒരെഴുത്ത് ആക്കണമെന്ന് വിചാരിച്ചിരുന്നില്ല , സത്യം എഴുതിയതിനു വിഷമിക്കുന്നവരെ കണ്ട് എഴുതിയതാണ്. സത്യം പറയുന്നുന്നത് ബയസ്ഡ് എന്നല്ല പറയുക..

(ഒന്നു കൂടെ പറയുന്നു, ഇത് മജോറിറ്റിയുടെ കാര്യമാണ് പറയുന്നത്.. നൂറിൽ നൂറും അല്ല.) 

ഒരു പെണ്ണ് ഭർത്താവിനെ വേണ്ടെന്ന് വെക്കുമ്പോൾ ഒപ്പം നഷ്ടപെടുന്നത് അവളുടെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും കൂടെയാണ്. അമ്മയും അച്ഛനും ആദ്യം ഉപദേശം തുടങ്ങും വിവാഹം മുന്നോട്ട് കൊണ്ട് പോകേണ്ടതിനെ കുറിച്ച്. പിന്നെയത് സഹോദരങ്ങളിലേക്ക് പടരും. അവരും ഉപദേശിക്കും..അവർ അവളുടെ ഭർത്താവിനെ കേൾക്കാൻ നിൽക്കും പക്ഷേ മകളെ കേൾക്കില്ല. എന്നിട്ട് അവനെ ന്യായീകരിക്കാൻ ഉള്ള കാര്യങ്ങൾ അവൾക്ക് മുൻപിൽ നിരത്തും. അവളുടെ ഭർത്താവ്, അവളെ ഭ്രാന്തി എന്ന് വിളിച്ചു ആക്ഷേപിക്കുന്നത് നാടൻ വർത്തമാനം അല്ലേ അതിനു എന്തിനു വിഷമിക്കണം എന്ന് പറയും. അതേ സമയം ഒരു ഭാര്യ, ഭർത്താവിനെ ഭ്രാന്താ എന്ന് അവന്റെ വീട്ടുകാരുടെ മുൻപിൽ വെച്ച് ഒരു തവണ വിളിച്ചു നോക്കൂ.. വിവരം അറിയും! അതാണ് പാട്രീയാർക്കി കളിക്കുന്ന കളി.

 വാചകങ്ങൾ കൊണ്ട് ഒരു ജീവിയെ ഈസിയായി കൊല്ലാം.. ഇഞ്ചിഞ്ചായി ആത്മവിശ്വാസം കളഞ്ഞു ചണ്ടി പോലെ ആക്കാം.. അപ്പോഴും പെൺവീട്ടുകാർ അടക്കം എല്ലാവരും പറയും .. അതൊരു തമാശയായി എടുത്തുക്കൂടെ എന്ന്..

ഉദാഹരണമായി  അടുത്തിടെ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടികളെ നോക്കൂ... അവർ പല തവണ അവരുടെ വീട്ടുകാരേ അറിയിക്കുന്നുണ്ട് അവർക്ക് ഇവിടെ പറ്റുന്നില്ല എന്ന്. മരിച്ചു കഴിഞ്ഞാൽ വരികയായി ജനിപ്പിച്ചവർ, അവളെ പീഡിപ്പിച്ചിരുന്നതായി അറിയാം എന്നും പറഞ്ഞു.. അവർ മരിക്കും വരെ ഇവർ എവിടെ ആയിരുന്നു.. ഓരോ പെണ്ണും മരിച്ചാലെ അവർക്ക് വേണ്ടി വീട്ടുകാർ ശബ്ദം ഉയർത്തൂ എന്നാണ്..

 ഒരു കുഞ്ഞു  പട്ടിണി കിടന്നാണ് മരിച്ചത്.. അവൾ അനുഭവിച്ച വിശപ്പിന്, അവളുടെ ഭർത്താവിന്റെ വീട്ടുകാർ മറുപടി പറയുന്നതിനേക്കാൾ അവളുടെ വീട്ടുകാർ മറുപടി പറയണം. പ്രതി ചേർക്കണം ഇത്തരം കുടംബങ്ങളെയും സ്ത്രീധന പീഡന കേസിൽ എന്നാണ് എന്റെ പക്ഷം . തിരിച്ചു ചെല്ലാൻ വീടില്ലാത്തത് കൊണ്ട്,  ജോലിയില്ലാത്തത് കൊണ്ട് ജീവിതം അവസാനിപ്പിച്ച എത്രയോ പേരുണ്ട്...ജോലിയുള്ളവരെ വരെ വീട്ടുകാർ കഷ്ടപ്പെടുത്തി ഭർത്താവിന്റെ കൂടെ നിർത്തുന്നത് കാണാം.. മരിച്ച പെൺകുട്ടികളാണ് ഡിവോസ് ചെയ്ത പെൺകുട്ടികളെക്കാൾ പെൺവീട്ടുകാർക്ക് ഇഷ്ടം.. സമൂഹത്തിനും.

അടുത്തിടെ ഒരു 19 വയസ്സുകാരി മരിച്ചിരുന്നു., അവളുടെ വീട്ടിൽ പോയപ്പോൾ കണ്ട, ആ വീട്ടുകാരുടെ സ്നേഹരാഹിത്യം കണ്ട് പേടിച്ചു പോയിരുന്നു. മരിച്ച ആ കുട്ടിയുടെ ദേഹത്ത് അടിച്ച പാടുകൾ ഉണ്ട്.. അതവളുടെ വാശി കൊണ്ടാകും അവൻ അടിച്ചതെന്ന   മറുപടി കിട്ടുമ്പോൾ ഞാൻ ഓർത്തത്.. അത് ഒരു ആണായിരുന്നെങ്കിൽ അവനു നീതി കിട്ടാതെ പോകുമോ?

2019 മുതൽ 2026 വരെ കേരളത്തിൽ ഭർത്തൃ  പീഡനം മൂലം, പല രീതിയിൽ മരിച്ചത് 96 സ്ത്രീകൾ ആണ് , ഇത് മാതൃഭൂമി , റിപ്പോർട്ടർ , മനോരമ എന്നി മാധ്യമങ്ങളിൽ നിന്ന് പലപ്പോഴായി വന്ന ന്യൂസ് ശേഖരിച്ചത്തിന്റെ കണക്കാണ്  . പേരുകൾ വേണെമെങ്കിൽ വേർഡ് ഫയൽ ആയി തരാം , പട്ടിണി കിടന്നു മരിച്ച തുഷാര മുതൽ അടുത്തകാലത്ത് മരിച്ച അഞ്ജു വരെ ആ ലിസ്റ്റിൽ ഉണ്ട്. 

ഇനി ഗവണ്മെന്റ് കണക്കുകൾ നോക്കാം 

ഇന്ത്യയിലെ NFHS-5 (2019–21) പ്രകാരം, 18–49 വയസ്സുള്ള വിവാഹിതരായ സ്ത്രീകളിൽ ഏകദേശം 29.3% പേർ ഭർത്താവിൽനിന്ന് ശാരീരികമോ ലൈംഗികമോ ആയ പീഡനം അനുഭവിച്ചിട്ടുള്ളവരാണ്.

കേരളത്തിൽ ഇതേ കണക്ക് 9.9% ആണ്.

ഇവിടെ ഓർക്കേണ്ടത്, പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ മാത്രമാണ് കണക്കുകളിൽ വരുന്നത്. റിപ്പോർട്ട് ചെയ്യപ്പെടാത്ത പീഡനങ്ങൾ ഈ കണക്കുകളിൽ ഉൾപ്പെടില്ല.

കൂടാതെ ഈ കണക്കുകൾ ശാരീരികവും ലൈംഗികവുമായ പീഡനത്തെക്കുറിച്ചാണ്. മാനസിക പീഡനം, അപമാനിക്കൽ, സാമ്പത്തിക നിയന്ത്രണം, നിരന്തരമായ അധിക്ഷേപം എന്നിവയുടെ മുഴുവൻ വ്യാപ്തിയും ഇതിലില്ല , ഇനിയൊട്ട് അങ്ങനെ ഒരു കണക്ക് കിട്ടുകയും ഇല്ല . 

ഒരു സ്ത്രീയുടെ ശരീരത്തിൽ അടിയുടെ പാടുകൾ കാണാത്തതുകൊണ്ട് അവൾ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് അർത്ഥമില്ല. വാക്കുകൾകൊണ്ടുള്ള അപമാനവും സാമ്പത്തിക നിയന്ത്രണവും മാനസികമായി തകർക്കുന്നതും പീഡനം തന്നെയാണ്. പീഡനത്തെ മുറിവുകളുടെ കൊണ്ട് അളക്കാനാകില്ല. കാരണം വിവാഹിതയായി മറ്റൊരു വീട്ടിൽ  എത്തുന്ന ഒരു സ്ത്രീ ആണ്  ഏറ്റവും വൾണറബിൾ, അവൾക്ക്  ചുറ്റുമുള്ള എല്ലാത്തിൽ നിന്നും പറിച്ചെടുത്താണ് അവളെ അവിടെ കൊണ്ട് വന്നിരിക്കുന്നത്, കൂട്ടത്തിൽ ഈ പീഡനവും .. ഏറ്റവും കൂടുതൽ കരുതൽ കൊടുക്കേണ്ട അവസ്ഥയിൽ ഇരിക്കുന്നവർക്ക് കിട്ടുന്ന കാര്യങ്ങൾ  അവരെ തകർക്കാൻ ഉള്ളവയാണ്, വേഗം അത് മനുഷ്യരെ ബാധിക്കും. വിവാഹം കഴിഞ്ഞു എത്ര ആണുങ്ങൾ പെൺവീട്ടിൽ സ്ഥിര താമസത്തിനു പോകുന്നുണ്ട് ? തുച്ഛമാണ് .  

എത്ര ആണുങ്ങൾക്ക് ഡിവോഴ്സ് കാരണം വീടില്ലാതാകുന്നുണ്ട്, സഹോദരങ്ങൾ ? തുലോം തുച്ഛം , സ്ത്രീകൾക്കോ ? അധികമാണ് , കോടതിയിൽ നിന്ന് എത്ര പേർക്ക് കൃത്യമായി നഷ്ടപരിഹാരം കിട്ടുന്നുണ്ട് ? തുലോം തുച്ഛം ..ഏത് ആണിനും  അവളെ കൂടെ കിടക്കാൻ വിളിക്കാവുന്ന സ്റ്റാറ്റസ് സ്ത്രീകൾ അനുഭവിക്കാറുണ്ട് , അതെത്ര പുരുഷന്മാർക്ക് അനുഭവിക്കണം ? തുച്ഛം തന്നെയാണ് .

ശരീരത്തെ മുഴുവനായും സമർപ്പണം ചെയ്താണ് ഒരു കുഞ്ഞുണ്ടാകുന്നത്.. അതിനു വേണ്ടിയാകും മിക്ക സ്ത്രീകളും കരിയർ ബ്രെക്ക് എടുക്കുക.. 

ഒരേ പൊസിഷനിൽ ജോലി ചെയ്തിരുന്ന ഭാര്യക്ക് ജോലി കുറക്കേണ്ടി വരും.. പെർഫോമൻസ് കുറയും.. ആരോഗ്യം ഉറക്കം എല്ലാം കുറയും...  എന്നാൽ വീട്ടിലെ ജോലികളിൽ എത്ര ബ്രേക്ക് കീട്ടാറുണ്ട് ..

അത് ജൈവികമായി വന്നു ഭവിക്കുന്ന ഒഴിവാക്കാനാകാത്ത കാര്യങ്ങൾ ആണ്.. അതിനു പകരം എന്ത് വെച്ചാണ് അവളുടെ നഷ്ടങ്ങൾ  നികത്തുക ?

ഇന്ത്യയുടെ Time Use Survey 2019 പ്രകാരം, സ്ത്രീകൾ ഒരു ദിവസം ശരാശരി 299 മിനിറ്റ് പ്രതിഫലം ലഭിക്കാത്ത വീട്ടുജോലികൾക്കായി ചെലവഴിക്കുന്നു. പുരുഷന്മാർ ഇതിന് ചെലവഴിക്കുന്നത് ശരാശരി 97 മിനിറ്റാണ്. പരിചരണ പ്രവർത്തനങ്ങൾക്കായി സ്ത്രീകൾ ശരാശരി 134 മിനിറ്റും പുരുഷന്മാർ 76 മിനിറ്റും ചെലവഴിക്കുന്നു.

2024-ലെ Time Use Survey-ലും സ്ത്രീകളുടെ പരിചരണ അധ്വാനം പുരുഷന്മാരുടേതിനേക്കാൾ വളരെ കൂടുതലാണ്. സ്ത്രീകൾ ദിവസവും ശരാശരി 140 മിനിറ്റും പുരുഷന്മാർ 74 മിനിറ്റുമാണ് കുടുംബാംഗങ്ങളുടെ പരിചരണത്തിനായി ചെലവഴിക്കുന്നത്.

അതായത് ഉത്തമാ, കുട്ടിയെ വളർത്തുന്നതും പ്രായമായവരെ പരിചരിക്കുന്നതും വീട്ടുജോലികൾ ചെയ്യുന്നതും ഒരു സ്ത്രീയുടെ അധ്വാനമാണ്. അവർ ചെയ്യുന്നതിന് ശമ്പളമില്ല, പെൻഷനില്ല, പലപ്പോഴും അംഗീകാരം പോലുമില്ല. വിവാഹബന്ധം അവസാനിക്കുമ്പോൾ ഈ അധ്വാനത്തിന് സ്ത്രീക്ക് എന്ത് സാമൂഹികവും സാമ്പത്തികവുമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നത്? 

ഇനി കൂട്ടത്തിൽ പ്രസവശേഷ ഡിപ്രെഷൻ ഉണ്ടാകും.. അപ്പൊ അവളെ ഭ്രാന്തി ആക്കി എടുക്കാൻ എന്ത് സന്തോഷം ആണെന്നോ! അതിനെയും കഠിന പരിഹാസം കൊണ്ടാണ് അധിക കുടുംബങ്ങളും നേരിടുക. 

കാലങ്ങളായി സ്ത്രീകൾ ചെയ്ത ജൈവികമായി ചെയ്ത  സാക്രിഫൈസ് ആണ് കുടുംബങ്ങളുടെ ആധാരം. കൂട്ടത്തിൽ പുറത്ത് പോയി ജോലി  കൂടെ ചെയ്ത്  ഒപ്പം നിൽക്കുന്നവരും വിരളമല്ല . ജൈവികമായി അതിനു വേണ്ടി ഉണ്ടാക്കിയവർ എന്ന് പറഞ്ഞാലും അത് അവളുടെ ചോയ്സ് ആണ്.. ജനാധിപത്യം എന്ന് പറഞ്ഞാൽ ഇഷ്ടങ്ങൾ നടപ്പിലാക്കാനും നടപ്പിലാക്കാതിരിക്കാനും  കൂടെയുള്ള അവകാശമാണ്. അത് ഇന്ത്യൻ പൗര എന്ന നിലയിൽ അവർക്ക് നടപ്പിലാക്കാം. അതിൽ ഒരു തീരുമാനം എടുക്കുമ്പോൾ സ്ത്രീകൾക്ക് വരുന്ന നഷ്ടങ്ങൾക്ക് കണക്കില്ല തന്നെ.. അങ്ങനെ തീരുമാനങ്ങൾ എടുക്കുന്നവരെ ക്രൂശിക്കുന്ന നാട്ടിൽ പെൺകുട്ടികൾ കുടുംബജീവിതം തിരഞ്ഞെടുക്കാൻ മടിക്കും.. ഇനിയും ആ ബഹുമാനം കൊടുത്തില്ലെങ്കിൽ കാര്യം കൊഴച്ചിലാകും..

എന്നിട്ട് കല്യാണം കഴിക്കാൻ പെണ്ണുങ്ങൾ തയ്യാറല്ലേ എന്ന് പറഞ്ഞു കരയരുത്..

ഈ വക സത്യങ്ങൾ പറഞ്ഞാൽ ആണുങ്ങളെ കുറ്റം പറഞ്ഞു മൊത്തം സ്ത്രീകളെ ഇരയാക്കി എന്നും പറഞ്ഞു വരും കുറെ എണ്ണം

കഷ്ടം തന്നെ .. നിങ്ങൾ അനുഭവിക്കുന്ന പ്രിവിലേജ്ജ് എന്താണെന്ന് പറയുമ്പോൾ അത് നഷ്ടപ്പെടുമോ എന്ന ഭയം വരുമ്പോഴാണ് ഇങ്ങനെ പറയുക..

ഇതൊന്നും എന്റെ 'വീക്ഷണകോണകം' അല്ല.. മറിച് കണ്ട കാഴ്ചകൾ, സത്യങ്ങൾ ആണ്.

 ആണുങ്ങൾ ഇരയായ നിരവധി കേസുകൾ ഉണ്ട്.. പക്ഷേ ഒരു സത്യം എഴുതാൻ മജോറിറ്റി എന്ന് പറഞ്ഞാൽ പോരെ?

ഒരു സ്ത്രീക്ക് ഭർത്താവിൽനിന്നുള്ള പീഡനത്തേക്കാൾ വലിയ പ്രതിസന്ധിയായി മാറുന്നത്ചി ലപ്പോൾ സ്വന്തം വീട്ടുകാരുടെ പ്രതികരണമായിരിക്കും, അതാണ് അവളെ മരണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം .. ഒരു പ്രശ്നം വരുമ്പോൾ അവരാദ്യം വിളിക്കുക സ്വന്തം കുടുംബത്തെയാണ് , പിന്നെയേ വക്കീലും സൈക്കോളജിസ്റ്റും ഒക്കെ വരൂ .. പിന്നെ പെൺകുട്ടികൾക്കു ഒപ്പം അവരുടെ കഷ്ടകാലത്തിൽ ഒപ്പം നിൽക്കുന്ന വീട്ടുകാർക്കും സഹോദരങ്ങൾക്കും നാട്ടുകാർക്കും  എന്റെ സ്നേഹം, അങ്ങനെയും ചില അണയാത്ത പ്രകാശങ്ങൾ  സമൂഹത്തിലിപ്പോൾ ഉണ്ടെന്നത് സന്തോഷം തന്നെ .. അതും തുച്ഛമാണ് .

ഇതെല്ലം ആണുങ്ങളെ കുറ്റം പറയുന്നതായി തോന്നുന്നവർക്ക് എന്റെ നടുവിരൽ നമസ്കാരം  സത്യം കുറ്റമല്ല, സത്യം മാത്രമാണ് . 

NFHS-5 – Health and Family Welfare Statistics in India

Time Use Survey 2024 – Ministry of Statistics.

Research on help-seeking by women experiencing spousal violence in India.

No comments: