Wednesday, 21 January 2026

ഒരു എമണ്ടൻ കഥ

 




മനുഷ്യരിൽ ഉള്ള വിശ്വാസം കുറഞ്ഞു വരുന്നതിനെ കുറിച്ചുള്ള ഒരു ചർച്ചയിൽ ചില സുഹൃത്തുക്കൾ പറയുന്നുണ്ടായിരുന്നു, എനിക്ക് മനുഷ്യരിലുള്ള വിശ്വാസം നഷ്ടപെടാത്തത് എനിക്ക് കടുപ്പമുള്ള ചതികൾ കിട്ടാത്തത് കൊണ്ടാണെന്ന്. സത്യം പറയാലോ ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്, 30 വര്ഷം പഴക്കമുള്ള ചില ബന്ധങ്ങൾ വരെ, പെട്ടെന്ന് ഒരു രാത്രി കൊണ്ട് മറ്റൊരു മുഖം കാണിക്കുന്നത് കണ്ട് ശ്വാസം നിലച്ച പോലെ നിന്നിട്ടുണ്ട്. സ്വന്തമെന്ന് വിശ്വസിച്ചിരുന്നവർ പുറകിൽ മറ്റൊരു കഥ പറയുന്നതറിയാതെ, സ്വന്തം പ്രൊഫഷൻ പോലും പോകുന്ന രീതിയിലുള്ള റിസ്ക്ക് ഏറ്റെടുത്തിട്ടുണ്ട്. പിന്നീടതറിഞ്ഞു കരയുന്നതെങ്ങനെയെന്ന് പോലും മറന്നു നിന്നിട്ടുണ്ട്. പുതിയ ആൾക്കാരോട് അടുക്കാൻ സാധിക്കാത്ത വിധം തല പണി തരാറുണ്ട്. ഞാൻ മുഴുതെറ്റാണെന്നു തോന്നിപ്പിക്കുന്ന, അത് തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ മാനിപുലേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ആ മുറിവുകളിൽ നിന്ന് , ആ ട്രോമകളിൽ നിന്ന് പുറത്തു കടക്കാൻ വല്ലാത്ത കഠിനാദ്ധ്വാനം ഞാൻ നടത്താറുണ്ട്. തലയെ പറഞ്ഞു മനസ്സിലാക്കി, ബന്ധങ്ങളിൽ വീണ്ടും വിശ്വസിച്ചു, എന്നെ മുന്നോട്ട് നടത്താൻ ഇടുന്ന മാനസികവ്യായാമം നിരവധിയുമാണ്. മെന്റൽ ഹെൽത്ത് നന്നായി ശ്രദ്ധിച്ചും, mindfulness ദിനേന ചെയ്തും ആണ് മുന്നോട്ട് പോകുന്നത്.


ഈയടുത്ത് തകർത്തു കളഞ്ഞ  കഥ പറയാം.

വളരെ പ്രഷ്യസ് ആണെന്ന് ഞാൻ വിചാരിച്ചിരുന്ന ഒരു ചങ്ക് ഉണ്ടായിരുന്നു.. ആൾ അത്യാവശ്യം നല്ലൊരു കൊക്ക ര കോ ആണെന്ന് എനിക്കറിയാം. എങ്കിലും കൺസന്റില്ലാതെ ആരെയും വേട്ടയാടുന്ന ടൈപ്പ് അല്ലെന്നും ഞാൻ കണ്ടിട്ടുണ്ട്. അവനൊരു ദീർഘകാല പ്രണയം ഉള്ളതും എനിക്കറിയാം, പ്രണയിനി ആരെന്ന് കൃത്യത ഇല്ലായിരുന്നു എന്ന് മാത്രം.  എന്നിട്ടും  പ്രണയം എന്തെന്നറിഞ്ഞിട്ടില്ല എന്നൊക്കെ വെച്ച് കീച്ചാറുമുണ്ട്.  നുണ പറയുന്നവരെ പൊതുവെ ഞാൻ തിരുത്താറില്ല, പകരം സത്യം കേൾക്കുന്ന രീതിയിൽ, ആ നുണ കേട്ടിരുന്നു ആസ്വദിക്കാറുണ്ട്. 

ഒരു ദിവസം മറ്റൊരാൾ എന്നെ പരിചയപ്പെട്ടു അതൊരു പെണ്ണാണ്, രണ്ടുമാസത്തോളം അവൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നത് അവളെ ചതിച്ച ഒരാളെ കുറിച്ചായിരുന്നു. അയാൾ മൂന്നുമാസം കൂടുന്തോറും ഓരോ പെണ്ണിനെ ഉപയോഗിച്ച് കളയുന്ന ഒരു sexual predator ആണെന്നും, അവർക്കിടയിൽ നടന്നിരിക്കുന്ന 'എല്ലാ കാര്യങ്ങളും' എന്നോട് ഷെയർ ചെയ്യുകയും ചെയ്തു. അവൻ അവൾക്ക് ഫാദർ ഫിഗർ ആയിരുന്നുവത്രെ., മാത്രമല്ല അവനുമായുള്ള ബന്ധത്തിന് ശേഷം അവൻ ഇട്ടിട്ട് പോയപ്പോൾ അവൾ asexual ആയി മാറി പോയി എന്നും പറയുകയുണ്ടായി. പ്രതി മറ്റാരുമല്ല എന്റെ ആ പ്രഷ്യസ് ചങ്ക് ആയിരുന്നു.


സത്യം പറഞ്ഞാൽ തലയ്ക്ക് അടികിട്ടിയ പോലെ തോന്നി,  അവരുടെ നിലവിളിയും കരച്ചിലും വിഷമവും കേട്ട് അവളെ അങ്ങനെ ആക്കി മാറ്റിയ, സ്വന്തം കാമുകിയെ ചതിച്ച ആ കൊക്ക രക്കോയോട്, കനത്ത ദേഷ്യം വരികയും ചെയ്തു അയാളെയും അയാളുടെ ഏഴു തലമുറയെയും ചീത്ത പറഞ്ഞു അവളെ ആശ്വസിപ്പിക്കൽ തുടർന്നിരുന്നു. അയാളെ പോലെ ഒരാൾ നിന്നെ അർഹിക്കുന്നില്ല, നീ നല്ലൊരു ഹൃദയത്തിനു ഉടമയാണ്, അവനു സീരിയസ് ആയി മറ്റൊരു സ്ത്രീ ഉണ്ടെന്നും, അവൻ ഒരു കോ ക്ക ര ക്കോ ആണെന്നും ഒക്കെ ഞാൻ പറയുന്നുണ്ട്.

അവനോടത് ഞാൻ ചോദിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ, അത് ചോദിക്കരുത് അവൾ മൂവ് ഓൺ ആയി എന്നും പറഞ്ഞു എന്റടുത്ത് നിന്നും  വാക്ക് മേടിച്ചു. sexual predators , pedophiles എന്നിവരോട് ഞാൻ ഒരു കാലത്തും കൂട്ടാകില്ല. അത് സത്യമല്ലെന്ന് തെളിയും വരെ, അതെത്ര സ്നേഹമുള്ളവർ  ആയാലും എനിക്കത്ര വേദന തോന്നിയാലും ഞാൻ മാറ്റി നിർത്തും.  സ്ത്രീകളുടെ കണ്ണിൽ കൂടെ അവരെ നോക്കി കാണാൻ ശ്രമിക്കുന്നതിനു കാരണമുണ്ട്, നീതി കിട്ടാതെ പോയ അശരണരായ  അസംഖ്യം നിസ്സഹായരായ സ്ത്രീകളെ കണ്ടിട്ടുള്ളതുകൊണ്ടാണ്.


അങ്ങനെ ഞാൻ ആ മനുഷ്യനോട് അകലം കാണിക്കാൻ തുടങ്ങി.


പിന്നീടെപ്പോഴും അവൾ  ഞങ്ങൾ തമ്മിൽ എങ്ങനെയുണ്ടായിരുന്നു, എന്നറിയാൻ വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി. എന്നെ അടിമുടി  അറിയുന്ന ഒരാൾ പാർട്ണർ ആയി കൂടെ ഉള്ളത് വലിയ ആശ്വാസം തന്നെ, അവൻ കാര്യങ്ങൾ അറിഞ്ഞപ്പോൾ ഇത് അവന്റെ തന്നെ കാമുകി ആണോ എന്ന്  സംശയമായി.

അവളുടെ ചോദ്യങ്ങൾക്ക് അവൾക്ക് ആവശ്യമെന്ന് തോന്നുന്ന തരത്തിൽ എന്തൊക്കെയോ അപ്പപ്പോൾ വായിൽ തോന്നിയത് പറഞ്ഞു, ഞാൻ അവളെ ഒബ്സർവ് ചെയ്തു. കാര്യം ഏകദേശം ഉറപ്പായപ്പോൾ നീയാണോ അവന്റെ കാമുകി എന്ന് നേരിട്ട് ചോദിച്ചു. അല്ലെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു.  ഞാൻ 'വീണ്ടും ലിസ' ആയി .

രണ്ടുമാസം കഴിഞ്ഞപ്പോൾ ഒരു രാത്രി അവൾ എന്നോട് പറഞ്ഞു അവളാണ് അവന്റെ കാമുകി, എന്റെ പേരും പറഞ്ഞ് അവനുമായി തല്ലു കൂടി, അവൻ എന്നന്നേക്കുമായി പിണങ്ങി പോയി എന്ന്. 'ഇനി അവനെ നീ എടുത്തോ, എന്ന് '( അവനെന്താ കൊടുക്കാൻ വെച്ചിരിക്കുന്ന ഉരുളിയോ )

ഇത് വരെ അവനെ കുറിച്ച് അവൾ പറഞ്ഞതെല്ലാം നുണയായിരുന്നുവെത്രെ . ഇതെല്ലാം കേട്ട് അപ്പിയിൽ ചവിട്ടിയ തോന്നലിൽ, ആ വഴുവഴുപ്പും നാറ്റവും ആണ് മനസ്സിൽ നിറയെ . പിന്നെയവൾ ഹിസ്ടീരിക്കായി നെഞ്ചത്തടിച്ചു കരഞ്ഞു എന്നെ കുറ്റപ്പെടുത്തൽ ആയി പണി.എനിക്കും തോന്നി ശ്യോ ഞാൻ കാരണമാണല്ലോ അവർ തല്ലു കൂടിയത്, കുറ്റബോധം കൊണ്ട് ഞാൻ കരഞ്ഞു പോയി.  പ്രണയം തകർന്നവരെ ആശ്വസിപ്പിക്കാൻ വലിയ പ്രയാസമാണ്, അത് കൊണ്ട് അവളെ ഒറ്റക്കാക്കാതെ ചേർത്ത് പിടിച്ചു ഞാൻ, അവളെങ്ങാൻ ചത്ത് കളയുമോ എന്ന് പേടിച്ചു പോയി  അതാണ് സത്യം.

അവനോട് കാര്യം സംസാരിക്കാൻ പോയപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ ബ്ലോക്ക് ഓഫീസിൽ ആണെന്ന്, ഞാൻ അവനെ പറഞ്ഞതെല്ലാം സ്ക്രീൻഷോട്ടും വീഡിയോയും റെക്കോർഡിങ് ആയി അവൻ എത്തിയിട്ടുണ്ടായിരിക്കണം,


എന്തായാലും ദിവസങ്ങളോളം നീണ്ട കരച്ചിലിന് ശേഷം, രണ്ടും കൂടെ ജായും ഡായും ആയ ദിവസം, അവൾ എന്നോട് ഒരു കാര്യം പറഞ്ഞു, അവർ രണ്ടുപേരും ഞാൻ അവരോട് ചെയ്ത തെറ്റല്ലാം ഫോർഗീവ് ചെയ്തു, അതുകൊണ്ട് വലിയ പിടിപാടുള്ള അവൻ എന്നെ ഉപദ്രവിക്കാതെ അവൾ നോക്കിക്കൊള്ളാമെന്ന്. They are harmless to me എന്ന് അതിൽ കനത്ത ഭീഷണി എനിക്ക് ഫീൽ ചെയ്തപ്പോഴാണ് എന്റെ ബുദ്ധി തിരിച്ചുവന്നത്.

ഉടനടി ഞാൻ ചോദിച്ചു ഞാൻ എന്ത് തെറ്റാണ് ചെയ്തത്, നീ അവനെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞപ്പോൾ നിന്നെ ആശ്വസിപ്പിക്കാൻ വേണ്ടി കൂട്ടത്തിൽ നിന്ന് പറഞ്ഞു എന്നുള്ളത് സത്യമാണ്, അത് സാധാരണ ആരും ആശ്വസിപ്പിക്കാൻ പറയുന്ന സ്ഥിരമായ ഒരു കാര്യം മാത്രമാണ്. മാത്രമല്ല നീ നിന്റെ ജീവനാണ് , ആത്മാവാണ് എന്നൊക്കെ പറയുന്ന പുരുഷനെ അല്ലെ സെക്ഷ്വൽ predetor ആയി ഇത്രയും നാൾ എന്റെ മുമ്പിൽ അവതരിപ്പിച്ചത്,  നിങ്ങൾ രണ്ടു പേരും ഇങ്ങോട്ട് വന്നു കൂട്ടായതല്ലേ എന്നൊക്കെ .


അപ്പോൾ അവൾ പറയുകയാണ്, അയാൾ കുറെ പെണ്ണുങ്ങളെ മൂന്നുമാസം കൂടുമ്പോൾ ഗോസ്റ്റ് ചെയ്താലും അവളെ ഒരു നിമിഷം പോലും ബോറടിച്ചിട്ടില്ല, സ്വന്തം കുടുംബത്തിനും മീതെയാണ് അവരുടെ ബന്ധം എന്ന്. മാത്രമല്ല അയാൾ പറ്റിച്ചെന്നു പറയുന്ന പാവം സ്ത്രീകളോട് അവൾക്ക് ആകെ പുച്ഛവും പരിഹാസവും. 


ആ രണ്ടെണ്ണത്തിനെയും ഇക്കണക്കിന് ഹൃദയത്തിൽ എടുത്ത് വെച്ച് സ്നേഹിച്ച എന്നെ വേണം ടപ്പേ ടപ്പേ ന്ന് തരാനെന്നേ പറയാനൊള്ളൂ, പൊതുവെ ആരോടും തോന്നാത്ത കൊടും സ്നേഹം അവർ രണ്ടാളോടും എനിക്ക് തോന്നി പോയി, എന്തിനു പറയുന്നു രണ്ടിനെയും ഒന്നിച്ചു സ്വപ്നത്തിൽ പോലുംകണ്ടിട്ടുമുണ്ട്, ആ ദിവസം അവർ ഒന്നിച്ചുണ്ടായിരുന്ന ദിവസവും കൂടെ ആയിരുന്നുവത്രെ.  എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആരെയും സ്നേഹിക്കുന്നവർ എനിക്ക് പ്രിയപ്പെട്ടവർ ആണെന്നാണ് എന്റെയൊരു രീതി, അതിപ്പോൾ എന്റെ ഭർത്താവിനെ സ്നേഹിക്കുന്ന ഒരുത്തി ആയാലും അങ്ങനെയാണ്. അപ്പോഴാ ഒരു അന്യൻ.

എന്തായാലും ഒരു ദിവസം അവൾ പറഞ്ഞു, എന്റെ പ്രഷ്യസ് ചങ്കും ,  ഓൾടെ കണവനും  ഞാൻ അവളുടെ  ജീവിതത്തിലെ ഒരു ബാഡ് ഓമൻ ആയത് കൊണ്ട് അവളോട്, എന്നോട് മിണ്ടരുതെന്ന് നിർബന്ധം പിടിക്കുന്നു എന്ന്. ശെടാ ഞാനാരായി, ഐ ബിക്കം ഷഷി


അതും പറഞ്ഞ് അവൾ ഒരു ഗുഡ്ബൈ നോട്ട് തന്നിട്ട് സ്ഥലം കാലിയാക്കി എന്തുതന്നെയായാലും അവനെക്കാൾ നല്ലത് അവൾ തന്നെയാണ്, ഒരു ക്ലോഷർ തന്നല്ലോ.


ഏത് ചെറിയ ബന്ധമാണെങ്കിലും, എന്റെ വീട്ടിൽ സ്ഥിരം വരുന്ന പൂച്ചക്കുട്ടിയെ പോലും കാണാതായാൽ വലിയ സങ്കടം വരുന്ന ആളാണ് ഞാൻ, അപ്പോൾ ഇതൊക്കെ ഉണ്ടാക്കുന്ന ട്രോമ ഒന്നും പറയാനില്ല. തേപ്പൊന്നും പുത്തരിയല്ലെങ്കിലും, ഇത്ര അഴുകിയത് ആദ്യായിട്ടായിരുന്നു. എന്തായാലും രണ്ടുപേരും സന്തോഷമായി ഇരിക്കുകയാണല്ലോ എന്ന് ആലോചിച്ചു ഞാൻ.

പക്ഷെ കാര്യങ്ങൾ കഴിഞ്ഞിട്ടില്ലായിരുന്നു.

പിന്നെയവൾ എന്നെ സ്ഥിരമായി ഓൺലൈനിൽ സദാ 'അനുധാവിക്കാൻ' തുടങ്ങി, പ്രത്യേക രീതിയിൽ 'ഡിങ്കോൾഫി' കാര്യങ്ങൾ ചെയ്തുകൊടുക്കുന്ന ഒരു ഇടം അവൾക്ക് ഓൺലൈനിൽ സ്വന്തമായി ഉണ്ട്. അതിൽ ആണെങ്കിൽ അത്തരത്തിലുള്ള ഭീതിപ്പെടുത്തുന്ന രീതികൾ പിന്തുടരുന്ന, ആളുകൾ ധാരാളമുണ്ട്. ഏല്ലാറ്റെം കൂടെ എന്നേ ഓൺലൈനിൽ പിന്തുടരുന്നുണ്ട്.

അവരുടെ ജീവിതത്തിൽ ഇല്ലാത്ത എന്നെ, എന്നോട് മിണ്ടാത്ത  അവൾ എന്തിനാണ് ഇങ്ങനെ നോക്കിയിരിക്കുന്നത്  എന്ന് മനസ്സിലാകുന്നേ ഇല്ല്യ. 

ഇതെഴുമ്പോഴും ചെറുതല്ലാത്ത ഭയം മനസ്സിലുണ്ട്. 

എന്നെക്കാൾ കൂടുതൽ എന്റെ പാർട്ട്നർക്കാണ് ആ പേടിയുള്ളത്, എന്നെ ബ്ലോക്ക് ചെയ്തപ്പോഴേ അവനെന്നെ വിഷമിപ്പിച്ചു എന്ന പേരിൽ പാർട്ണർക്ക് നല്ല ദേഷ്യം ഉണ്ട്. കാര്യം പറഞ്ഞു പിരിയാൻ ഉള്ള ചങ്കൂറ്റം കാണിക്കണ്ടേ. 

പണ്ട് തിരുവനന്തപുരത്തെ ഒരു പ്രമുഖനെ സ്ത്രീ പീഡനക്കേസിൽ തെളിവുപറഞ്ഞത് മുതൽ അയാൾ കൊട്ടേഷൻ കൊടുക്കുമോ എന്നായിരുന്നു ഒരുകാലത്ത് പേടി, നോർത്ത് ഇന്ത്യയിലും ആയിരുന്നപ്പോൾ സ്ത്രീകളെ റെസ്ക്യൂ ചെയ്തതിനു ആരെങ്കിലും എന്നെ വെടിവെച്ചു കൊല്ലും എന്നായിരുന്നു പേടി, ഇപ്പോഴവൻ , ഇയാളോ ഈ സ്ത്രീയോ എന്നെ എന്തോ എന്തെങ്കിലും ചെയ്യുമോയെന്ന ഭയത്തിലാണ്. 

 ഞാനും കരുതി ഇരിപ്പുണ്ട്, വേണ്ടപ്പെട്ട കുറച്ചാളുകളെ ഏല്പിച്ചിട്ടുണ്ട് എങ്ങാനും തട്ടിക്കളഞ്ഞാൽ എന്താ ചെയ്യേണ്ടത് എന്ന്. നല്ലതു ചെയ്ത് ക്വട്ടേഷൻ വാങ്ങിക്കുന്നത് പണ്ടേ ശീലമാ,  ഇപ്പോഴും എന്റെ വിശ്വാസം ആ ചങ്കെന്നെ  അപായപ്പെടുത്തില്ല എന്ന് തന്നെയാണ്, അയാൾ അത്ര ദുഷ്ടനല്ല എന്ന് തന്നെയാണ് വിശ്വാസം.

അതിൽ ഏറെ കഷ്ടം തോന്നിയത് ഇത്രയും ഡിങ്കോൾഫിക്കലി ആക്ടീവ് ആയിട്ടുള്ള, കൃത്യമായി ചോയ്സ് ഉള്ള സർവീസ് പേജ് ഉള്ള മൊതലിനെയാണ്  asexual ആക്കി എന്നും പറഞ്ഞു അവനോട് നേരിട്ടല്ലെങ്കിലും ഞാൻ തെറി വിളിച്ചത്. ഒറ്റ ടെലിഗ്രാം വിളി കൊണ്ട് എന്റെ ഫോൺ നമ്പർ ചൂണ്ടിയ, സകല സോഷ്യൽ മീഡിയയിലും പേജ്കൾ ഉള്ള ഒരാളാണ് ലവൾ . ആ മുതലാണ് ടെക്‌നോളജി അറിയില്ലെന്നും sexual കാര്യങ്ങൾ ഒന്നും അറിയില്ല എന്നും പറഞ്ഞു ഇള്ള കളിച്ചത്. അത് വിശ്വസിച്ച ഞാൻ എന്തൊരു വലിയ ആന മണ്ടിയാണ്.

ഈ വിവരങ്ങൾ എഴുതരുത് എന്ന് അവൾ പണ്ടേ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എഴുതിയാൽ അവനെന്നോട് ക്ഷമിക്കില്ല എന്നാണ് അവൾ പറഞ്ഞിരിക്കുന്നത്. എന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോയവർ ക്ഷമിച്ചാലെന്ത് ഇല്ലെങ്കിലെന്ത്.,  ആകെ അറിയുന്നത്  അനുഭവമെഴുത്താണ്. അത് ചെയ്യുന്നുവെന്ന് മാത്രം. പേടിയില്ലാതെ അല്ല,. 

അവർ രണ്ട് പേരും നന്നായിരിക്കട്ടെ എന്നാഗ്രഹിക്കുന്നു, വയസ്സാം കാലത്തെങ്കിലും അവരാഗ്രഹിക്കുന്നത് പോലെ രണ്ടിനും ഒന്നിച്ചു ജീവിക്കാൻ യോഗമുണ്ടാകട്ടെ. അവളോടെനിക്ക്, കനത്ത സഹതാപവും സങ്കടവും  ഉണ്ട്, കാരണം എത്രയോ കൊല്ലങ്ങളായി പ്രണയത്തിൽ ആയിട്ടും അയാൾ കൊടുത്ത അരക്ഷിതാവസ്ഥ കൊണ്ടാകുമല്ലോ അവനു ചുറ്റുമുള്ള പെണ്ണുങ്ങളെ വെറുപ്പിക്കാൻ നടക്കുന്നത്. ഇപ്പോഴും അവൻ നന്നായല്ല അവളെ പ്രണയിച്ചത് എന്ന് തന്നെയാണ് തോന്നുന്നത്.

അത് കഴിഞ്ഞ് അടുത്ത കൂട്ടുകാരൻ കൊണ്ടുവന്ന മറ്റൊരു സ്ത്രീ പീഡനക്കേസിന്റെ ഇരയായ പെൺകുട്ടി എന്നെ വിളിച്ചത്. അവൾ വിളിച്ച വശം ഞാൻ അവളോട് പറഞ്ഞു തെളിവില്ലാതെ ഞാൻ ഈ കേസെടുക്കില്ല. 

ആ കുട്ടി വാ വിട്ടു നിലവിളിക്കുന്നത് കണ്ടപ്പോഴാണ് എന്റെ കരുണയില്ലായ്മ ഞാൻ ശ്രദ്ധിച്ചത്.ദുഷ്ടർ തെളിവുണ്ടാക്കി വെച്ചിട്ടല്ലല്ലോ പീഡിപ്പിക്കാൻ നടക്കുക.

ഈ മോശം അനുഭവം കാരണം എന്റെ ഉള്ളിൽ സംശയവും മനുഷ്യരിൽ ഉള്ള വിശ്വാസവും എത്രമാത്രം കുറഞ്ഞു പോയെന്ന് അപ്പോഴാണ്തിരിച്ചറിഞ്ഞത്

ഞാനത് തിരുത്തുകയും ചെയ്തു. ഓരോ തേപ്പും കഴിഞ്ഞാൽ പഴയ വിശ്വാസം തിരിച്ചെടുക്കാൻ വലിയ സ്‌ട്രെയിൻ എടുക്കാറുണ്ട്, ഇവിടെയും അത് വേണ്ടി വന്നു. ആ കുട്ടിയ്ക്ക് ശരിയായ കാര്യം പറഞ്ഞു നടത്തുമ്പോൾ എനിക്ക് എന്നോട് തന്നെ വല്ലാത്ത സ്നേഹം തോന്നി. കാരണം ഞാൻ ഇപ്പോഴും ആ പഴയ ആൾ തന്നെ ആയിരിക്കുന്നതിന്.  ഒരു ചീത്ത അനുഭവം കൊണ്ട് രണ്ട് മനുഷ്യർക്കിടയിൽ ഉണ്ടായേക്കാവുന്ന, ഇനിയും വരാൻ പോകുന്ന, നല്ല സ്നേഹമോ അനുഭവങ്ങളോ ലഭിക്കാതെ പോകരുതെന്ന് എന്ന സ്വാർത്ഥത കൊണ്ടാണ് ഇത് ഞാൻ തുടരുന്നത്.

No comments: