Tuesday, 28 April 2026

ഹയർ സ്റ്റഡീസ്‌ 1



എങ്ങനെ ഹയർ സ്റ്റഡീസിന് പോകാം അതും സ്കോളർഷിപ്പോടെ,

ഞാൻ അത്തരത്തിൽ ഇംഗ്ലണ്ടിൽ പോയി പഠിച്ചുവന്ന ഒരു വ്യക്തിയെന്ന നിലയിൽ, മുകളിൽ എഴുതിയ കാര്യത്തെ കുറിച്ചറിയാൻ വേണ്ടി നിരന്തരം എന്നെ കോൺടാക്ട് ചെയ്യുന്ന പലരുമുണ്ട്. അറിയാവുന്നത് പറഞ്ഞു കൊടുക്കാറുണ്ട്. ചിലതിനെക്കുറിച്ച് എനിക്ക് അറിയുകയുമില്ല. അതു പറയുമ്പോൾ പലർക്കും അവിശ്വാസവും ആണ്.

പലരും എന്നെ കോൺടാക്ട് ചെയ്യുന്നത്, അവർക്ക് ഹെയർ സ്റ്റഡീസിന് പോകുന്നതിന് സഹായം ചെയ്യാനാണ്. എന്നു പറഞ്ഞാൽ പണിയൊന്നും എടുക്കാതെ പുറത്തുപോയി പഠിക്കുക എന്ന് ഉദ്ദേശത്തോടുകൂടിയാണ്.
അത്തരം ആൾക്കാരെ ഞാൻ സ്വാഗതം ചെയ്യാറില്ല. അവനവന്റെ കാര്യം അവനവൻ തന്നെ  കഷ്ടപ്പെട്ട് മുന്നോട്ടുകൊണ്ട് പോകാത്തവർ വേഗം തോറ്റുപോകും എന്നാണ് എന്റെ തിയറി.

വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ കൊടുത്തിട്ട് കുറച്ചുപേർ പുറത്തുപോയി സ്കോളർഷിപ്പോടെയും അല്ലാതെയും പഠിക്കുന്നുണ്ട്.  അതിൽ മിക്കവാറും ആൾക്കാർ കുറച്ചുകാലം സോഷ്യൽ സെക്ടറിൽ ജോലി ചെയ്തതിനുശേഷം  മാത്രമാണ് ഹയർ സ്റ്റഡീസിന് പോയത്.  അതിനവർ കൃത്യമായ ഫീസ് തന്നിട്ടുണ്ട്.  വളരെ അധികം കഷ്ടപ്പാടുള്ള സ്ത്രീകളിൽ നിന്ന്  ഫീസ് ഈടാക്കിയിട്ടില്ല.

എളുപ്പ പണിക്ക് വേണ്ടി വരുന്ന ആരും എന്റെ കൂടെ നിന്ന് അതിജീവിക്കാറില്ല. മാർഗ്ഗനിർദ്ദേശം എന്ന് പ്രത്യേകം പറയാൻ ചില കാരണമുണ്ട്.  പലരുടെയും വിചാരം എന്റെ മാർഗ്ഗനിർദ്ദേശപ്രകാരം പോയ ആൾക്കാരെ ഞാൻ അങ്ങ് പൊക്കിയെടുത്ത് വിദേശത്ത് കൊണ്ടുപോയ പോലെയാണ് സംസാരിക്കാറുള്ളത്.

വ്യക്തമായ കഴിവും ഇംഗ്ലീഷിലുള്ള പ്രാവീണ്യവും,  ജോലിയിൽ മുൻപരിചയവും, എഴുതാനും അതേപോലെ കഷ്ടപ്പെടാനുമുള്ള മനസ്സുണ്ടായവർ മാത്രമാണ് രക്ഷപ്പെട്ടിരിക്കുന്നത്. എന്റെ വഴി എന്നത് ഒരു ഏജൻസിയെയും ഇടപെടുത്താതെ എല്ലാം സ്വയം ചെയ്യുന്ന രീതിയാണ്. അതുകൊണ്ടുതന്നെ അതിത്തിരി മുഷിഞ്ഞതും കഠിനവും ആണ്. കയ്യിൽ അഞ്ചു പൈസയില്ലാതെ ഹയർ സ്റ്റഡീസിന് ഇറങ്ങിപ്പുറപ്പെട്ട എനിക്ക് അതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഏജൻസികളെ വെക്കാനും കാശ് കൊടുക്കാനും കഴിവുള്ളവരോട് ആ വഴിക്ക് പോകാനേ ഞാൻ പറയാറുള്ളൂ.

അഡ്മിഷൻ എടുക്കാൻ വേണ്ടി വന്നിട്ട് ഈ പ്രോസസിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞു തുടങ്ങുമ്പോൾ കോൺഫിഡൻസ് ഇല്ല എന്നു പറഞ്ഞ് പിരിഞ്ഞു പോയവർ ധാരാളം ഉണ്ട്.
മുഴുവൻ പണിയും ഞാൻ ചെയ്തു കൊടുക്കാത്തതിന്റെ പേരിൽ ഹയർ സ്റ്റഡീസ് വേണ്ടെന്നു വെച്ച്, ചിലർ എന്നോട് പിണങ്ങിയിട്ടുമുണ്ട്.
അവരെ ഞാൻ അഡ്മിഷൻ എടുക്കാൻ സഹായിച്ചത് ഇംഗ്ലണ്ടിലെയോ യൂറോപ്പിലെയോ മുന്തിയ യൂണിവേഴ്സിറ്റികളിൽ ആണ്. അല്ലാതെ ലോക്കൽ സെറ്റപ്പുകളിലും അല്ല. അതുകൊണ്ടുതന്നെ ഈ അഡ്മിഷൻ പ്രോസസ് ഒരു ട്രെയിനിങ് പോലെയാണ് ചെയ്യേണ്ടത്. പലർക്കും അതിന് താല്പര്യമില്ല.

ഇനി ഈ സർവീസിന് ഫീസ് ചോദിക്കുന്നതോടെ ശത്രുവായ ചിലരും ഉണ്ട്. ഒരു അഡ്മിഷൻ എസ് ഓ പി അഥവാ സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്  ഉണ്ടാക്കിയെടുക്കുക അതിലെ തെറ്റുകൾ തിരുത്തുക  അതിനുവേണ്ട ട്രെയിനിങ് കൊടുക്കുക എന്നതൊക്കെ എന്റെ സമയം ഒരുപാട് എടുക്കുന്ന പരിപാടിയാണ്. എന്റെ സമയത്തിന് കൃത്യമായ വിലയുള്ളതുകൊണ്ട് ഫീസ് ചോദിക്കാറുണ്ട്. അതിന്റെ പേരിൽ പിണങ്ങിയവരും ധാരാളം.

ഇപ്പോൾ ഇത് പറയാൻ കാരണം എന്താണെന്ന് വെച്ചാൽ  പണ്ട് നമുക്കിട്ട് പണി തന്നതും, കളിയാക്കിയിരുന്നവരും ആയിരുന്ന ചിലർ, വിദേശത്ത് അഡ്മിഷൻ എടുക്കാൻ എന്റെ സഹായം കിട്ടാൻ വേണ്ടി ഇല്ലാത്ത സ്നേഹം നടിക്കുന്നത് കണ്ടുണ്ടായ ഒരു ചെടിപ്പിൽ നിന്നാണ് ഈ പോസ്റ്റ് ഉണ്ടായത്.

ആയതുകൊണ്ട് കൂട്ടുകാരെ എനിക്കുള്ള അറിവ് ഞാൻ തന്നെ ഇന്റർനെറ്റിൽ നിന്ന് സമാഹരിച്ച് എടുത്തതാണ്. അത് പണ്ടും ഇപ്പോഴും തുറന്നിരിക്കുന്നവയും ആണ്. ആർക്കും ഉപയോഗിക്കാം.

ഞാൻ എങ്ങനെ ഇതൊക്കെ ചെയ്തു എന്ന് വരും പോസ്റ്റുകളിൽ പറയാം.

എന്റെ കൂടെ നിന്ന് പുറത്തുപോയി പഠിച്ച ഒരാളും ഭാഗ്യം കൊണ്ടു പോയതല്ല. അവരുടെ കഴിവും അവരുടെ പാഷനും, അവരുടെ കഷ്ടപ്പാടും ശരിയായ ദിശയിൽ ഉപയോഗിച്ചത് കൊണ്ടാണ് പോയത്. അഡ്മിഷന് വേണ്ട 45 മിനിറ്റോളം ഉള്ള ഇന്റർവ്യൂകൾ കടന്നു പോവുക എന്നത് ആർക്കും അത്ര എളുപ്പമല്ല. അതവർ ഒറ്റയ്ക്ക് തന്നെ ഇന്റർവ്യൂ ബോർഡിന് നേരിടേണ്ടി വരും. അവിടെ എനിക്ക് വന്നിരുന്ന ഒരു സഹായവും ചെയ്യാനും പറ്റില്ലല്ലോ അതുകൊണ്ടുതന്നെ അവരിട്ട എഫേർട്ടിനെ ശാരി ചെയ്ത് കൊടുത്തത് എന്ന് കുറച്ചു കാണിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കൂടെ പറഞ്ഞുകൊണ്ട് ഈ പോസ്റ്റ് നിർത്തുന്നു

No comments: