ചില സംഭാഷണങ്ങൾ തുടങ്ങുന്നത് ആരുമറിയാത്ത ഇടങ്ങളിലാണ്. പേരുകൾ മറച്ചുവെച്ച്, സ്വത്വത്തെ മറയ്ക്കു പിന്നിൽ സൂക്ഷിച്ചുകൊണ്ട് അവരിങ്ങനെ എല്ലാരേയും പറ്റിച്ചേ എന്നൊരു കുസൃതി ന്നുണഞ്ഞായിരിക്കും ഇരിക്കുന്നുണ്ടാകുക...
പേരില്ലാത്ത ഒരു അപരിചിതനോട് സംസാരിക്കുന്നതിൽ എനിക്കും എന്തോ ഇഷ്ടമുണ്ട് അതിൽ അനാവശ്യമായ ഒരു സൗന്ദര്യം തോന്നാറുണ്ട്..
ആരാണ് പറഞ്ഞത് വാക്കാണ് സത്യമെന്ന്, കരുണാകരഗുരുവാണത് പറഞ്ഞത്, പണ്ടത് കേട്ടപ്പോൾ വാക്കല്ലേ മാറ്റാൻ പറ്റൂ അതിലല്ലേ എല്ലാ അസത്യങ്ങളും എന്നോർത്തിരുന്നു. ആ ശിശു ഇന്നും എന്റെയുള്ളിൽ കളിയാക്കി ചിരിക്കുന്നുണ്ട്.
പിന്നെയെപ്പോഴാണ് വാക്കെനിക്ക് സത്യമായി മാറിയത്?
അതവരെ കണ്ടപ്പോഴായിരുന്നു, വാക്കുകളിലൂടെ ഈ ഭൂമി മുഴുവൻ അറിയുന്ന കാഴ്ചയില്ലാത്ത ജഗനെ കണ്ടപ്പോഴായിരുന്നു. കാറ്റും കടലും മഴയും മണലും മനുഷ്യരും അവരുടെ നോട്ടവും ശ്വാസതാളവും വരെ അവൻ ശബ്ദത്തിലൂടെ അനുഭവിക്കുന്നുണ്ട്, Sehnsucht* (സേൺസൂഖ്റ്റ്) മുതൽ Resentment* ലൂടെ saudade* (സൗദാദെ) വരെയുള്ള വികാരവിസ്മയങ്ങളെ കുറിച്ചെന്നോട് പറയുമ്പോൾ, അടുത്തിരുന്നു നിത്യൻ എല്ലാ അക്ഷരങ്ങളെയും ചോദിച്ചു, വിരലുകളിൽ മനസ്സിലാക്കി വായിച്ചു നോക്കി , പിന്നെ അതിശയത്തോടെ നിത്യൻ, അതെല്ലാം വല്ല ജീവികളുടെ പേരാണോ എന്ന് വിരലുകളിലൂടെ തന്നെ എന്നോട് ചോദിച്ച അന്നാണ് അവനതൊന്നും മനസ്സിലാകില്ലന്ന് തിരിച്ചറിഞ്ഞത് . അവന്റെ ശബ്ദമൊട്ടുമില്ലാത്ത കാഴ്ചലോകം ആകെ സമ്മാനിച്ച വികാരങ്ങൾ, സ്നേഹം , സന്തോഷം, ദുഃഖം, ദേഷ്യം, ഭയം എന്നിവയിൽ മാത്രമാണ്. കാഴ്ചയുടെ നിറങ്ങൾ മുഴുവൻ ഒപ്പിയെടുക്കുന്ന കേൾവിയും സംസാരവും ഇല്ലാത്ത നിത്യനു ഈ വികാരങ്ങൾ ഒന്നും അറിയുന്നില്ലന്നത് ഞങ്ങളെ ആത്മാവോളം പൊള്ളിച്ചു. അത് പറഞ്ഞു മനസ്സിലാക്കിക്കാനാകാതെ ഞാൻ തലകുനിച്ചു , കേൾക്കാത്തവനാണ് വികാരങ്ങൾ കുറവ് അല്ലേ എന്ന് ജഗനും നെടുവീർപ്പിട്ടു. കയ്യിൽ നൃത്തം വെക്കുന്ന 3500 വാക്കുകൾ കൊണ്ടാണ് നിത്യൻ ലോകത്തിലെ എല്ലാ വികാര വിക്ഷോഭങ്ങളും വിവരിക്കേണ്ടതെന്ന് പിന്നീട് വിരൽമൊഴി വിദഗ്ധയയാരുവൾ പറഞ്ഞു .
അപ്പോഴാണ് വാക്ക് സത്യമാണെന്നത് എനിക്ക് മനസിലായത് , വാക്കുകളിലൂടെ അറിയുമ്പോൾ മാത്രമേ കാഴ്ചയ്ക്ക് അർത്ഥമുള്ളൂ എന്നറിഞ്ഞത് ..അന്ന് മുതൽ എന്റെ വാക്കുകൾ എന്നത്തേതിനേക്കാൾ സത്യത്തെ പേറിയാണ് ജനിച്ചു വീണത് .. അപ്പോൾ മുതൽ മറ്റുള്ളവരുടെ വാക്കുകളിലും ഞാൻ സത്യത്തെ കണ്ടെത്താൻ തുടങ്ങി . സംശയത്തിന്റെ മുൾമുനകളെ ഞാൻ എന്നും ഒടിച്ചു നുറുക്കി കളയുമായിരുന്നു.
അതെന്റെ ഒരു ദൗർബല്യമായിരിക്കാം. മറ്റുള്ളവരുടെ വാക്കുകളെ ഞാൻ അളക്കുന്നത്, എന്റെ ഉള്ളിൽ ഞാൻ കരുതിവെച്ചിരിക്കുന്ന സ്വന്തം സത്യസന്ധത കൊണ്ടാണ്.
എന്റെയാ അളവുകോലുകൾ എത്ര വട്ടമെന്നെ വഴിതെറ്റിച്ചതിട്ടും ആ വിശ്വാസം എന്നിൽ ഇപ്പോഴും ബാക്കിയാണ് ..വാക്കാണ് സത്യം ..വാക്കുകളില്ലെങ്കിൽ ഞാൻ ഓമനിക്കുന്ന പല വികാരങ്ങളും മരവിച്ച് പോകും ..ഹോ അതൊന്നുമറിയാത്ത എന്നെ എനിക്ക് സങ്കല്പിക്കാൻ പോലും വയ്യ.
അത്തരം എന്നിലേക്കാണ്, ഒരു വിശദീകരണവും ബാക്കിയാക്കാതെ കടന്നുപോകുന്ന അത്രയും നേരിയൊരു സാന്നിധ്യമായി അയാൾ ആരെന്നു വ്യക്തമാക്കാതെ കൂടെ കൂടിയത്. ഇന്റർനെറ്റിന്റെ ചിലയിടങ്ങളിൽ അജ്ഞാതരായിരിക്കുന്ന മനുഷ്യർ ചിലപ്പോൾ അതിശയകരമായി സ്വതന്ത്രരാകാറുണ്ട്, സാധാരണയായി ഉള്ളിൽ മടക്കിവെക്കുന്ന ചിന്തകൾ അവർക്ക് പുറത്തെടുക്കാം. ആരും നോക്കുന്നില്ലെന്ന തോന്നലിൽ കുറച്ച് കുസൃതിയാകാം.
ആരും വിധിക്കില്ലെന്ന വിശ്വാസത്തിൽ കുറച്ച് ദുർബലരാകാം. എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലാതെ കൗതുകപ്പെടാം. തൊഴിലിന്റെ സ്ഥാനമോ , പദവിയോ സാമൂഹിക പ്രതീക്ഷകളോ അളക്കാൻ വരില്ല, ശ്രദ്ധാപൂർവം നിർമ്മിച്ച് വെച്ചിരിക്കുന്ന കപട വ്യക്തിത്വത്തിന്റെ പരസ്യവും ആകേണ്ടതില്ല
അയാളെ തുറന്നു കാണിക്കാൻ മടിയുള്ള അയാൾ, എന്നെ അറിയുന്നതിൽ അനുഭവിക്കുന്ന ആനന്ദത്തെ കണ്ടപ്പോൾ ഞാനുള്ളിൽ പുലമ്പി, നീ പോലും അറിയാതെ ആ മറ സ്വയം നീക്കി നീ എന്നിലേക്ക് ഇറങ്ങി വരുന്ന ദിവസം ഒട്ടും അകലെയല്ല .. കാരണം ഞാൻ ആഗ്രഹിച്ചതെല്ലാം നടക്കാറുണ്ടെന്ന് ..
എത്രയൊക്കെ കണക്കു കൂട്ടിയാലും മറച്ചു വെച്ചാലും പ്രപഞ്ചം ആരുമറിയാതെ ഒരു വാതിൽ അല്പം തുറന്നിട്ടുണ്ടാകും , അല്ലെങ്കിൽ ഒന്ന് കുഞ്ഞു കിളി വാതിൽ എങ്കിലും ഉണ്ടകാത്തിരിക്കില്ല ... ലൈക് തേർ ഈസ് നോ പെർഫെക്റ്റ് ക്രൈം ഇൻ ദി വേൾഡ്, there ഈസ് നോ പെർഫെക്റ്റ് അനോണിമിറ്റി ടൂ..
അപരിചിതത്വത്തിനുള്ളിൽ നമുക്ക് മനസിലാകാത്ത ഒരു അടുപ്പമുണ്ട്. കൈ നീട്ടി ആ വ്യക്തിയുടെ കൈ പിടിക്കാനാകാത്തത് കൊണ്ട് , നമ്മൾ അവർ ആലോചിച്ചെഴുതിയ
വാചകത്തിലേക്ക് കൈ നീട്ടും, എന്നിട്ടത് സത്യംണെന്നും സ്നേഹമാണെന്നും കരുതും...
അവരുടെ കണ്ണുകളിലേക്ക് നോക്കാനാകാത്തത് കൊണ്ട് അവരുടെ കണ്ണുകളിലെ കുടിലതയോ സ്നേഹമോ തിരിച്ചറിയില്ല, അപ്പോൾ
അവരുടെ വാക്കുകൾക്കിടയിലെ നിശ്ശബ്ദതകൾ കുറച്ചുകൂടി ശ്രദ്ധയോടെ വീണ്ടും വീണ്ടും വായിച്ചു നോക്കും.
അവർ തുറന്നുതരുന്ന ചെറിയ ചെറിയ വിവരങ്ങളിലൂടെ ആ വ്യക്തിയെകണ്ടെത്താൻ നോക്കാമെന്നു മാത്രം .
ആ സ്നേഹം ചിലപ്പോൾ എനിക്ക് സ്വപ്നം പോലെയാണ് തോന്നാറുള്ളത് , ആരാണെന്നതറിയില്ല, മുഖമില്ല, എന്നാലോ സാന്നിധ്യമായി കൂടെ ഉണ്ട് താനും ..
രാത്രി വൈകി പെട്ടെന്ന് എത്തുന്ന ഒരു ചിന്തയായി, അറിയാതെ തന്നെ നമ്മളെ പുഞ്ചിരിപ്പിക്കുന്ന ഒരു സന്ദേശമായി , സ്ക്രീൻ ഇരുണ്ടുപോയിട്ടും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ഉമ്മയായി ആ സാന്നിധ്യം കൂടെ നില്കുന്നുണ്ടായിരുന്നു.
എപ്പോഴാണ് ഉറക്കത്തിന്റെ ആഴങ്ങളിൽ സ്വപ്നത്തിൽ അയാളുടെ മുഖം പൊങ്ങി വന്നത് ? ഓർമ്മയില്ല , പക്ഷെ ആ മുഖം വരച്ചു വെച്ചത് പോലെ ഉള്ളിലുണ്ട് . കഥയിലെന്നോണം മുടി നീണ്ട പെണ്ണൊരുത്തിയെ കയ്യ് പിടിച്ചോമനിച്ചയാൾ എന്റെ സ്വപ്നത്തിലേക്ക് കടന്നു കയറിയത്. സ്വപ്നത്തിലെ അവരെ ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. ചിരപുരാതനമായ കരിങ്കൽ ശില്പം പോലെ പിന്നെയും പിന്നെയും ഓർത്തെടുക്കാവുന്ന അത്രയും വ്യക്തമായി അവരെ ഞാൻ കണ്ടെത്തി. ആർക്ക് തടയാനായി അത് , കാത്തു സൂക്ഷിച്ച അവരുടെ അജ്ഞാതവാസം കളഞ്ഞ എന്റെ മനസ്സേ നിനക്കൊരുമ്മ.
എന്തൊരു ലോകമാണിത്, വരച്ചെടുത്ത മാപ്പു പോലെയാണ് ഓരോ മനുഷ്യ ജീവിതവും , അത്രയധികം പരസ്യമായ ജീവിതങ്ങൾ തന്നെ ...പറഞ്ഞറിഞ്ഞ ചില്ലറ വിശേഷങ്ങളിലൂടെ ആ സ്വപ്നത്തിലെ മുഖമതു തന്നെയെന്നൊരു സർട്ടിഫിക്കേറ്റ് തയ്യാറാക്കുമ്പോൾ, അന്നത്തെ ദിവസം വന്നത് അയാളുടെ വിളിയായിരുന്നു .. യു ട്യൂബിലെ അയാൾക്കും എന്റെ ഫോണിലെ അയാൾക്കും ഒരേ വശ്യതയാർന്ന ശബ്ദമായിരുന്നു ..
പിന്നെയാണ് അയാളെ അറിയില്ലെന്ന നടനത്തിന്റെ വിചിത്രമായ രസം എന്നിൽ പടരാൻ തുടങ്ങിയത് .. അതാസ്വദിക്കുവന്നതായി പിന്നീടെന്റെ ഇഷ്ടം ...
പക്ഷേ അതിലും രസകരമായ മറ്റൊന്നുണ്ടായിരുന്നു.
ഇപ്പോഴെനിക്ക് തോളെല്ലുകൾ ഒതുക്കി അയാൾ നടക്കുന്നതും വലിയ വാ മുഴുവൻ തുറന്നു ചിരിക്കുന്നതും, സംസാരിക്കുമ്പോൾ കൂടെ ഡാൻസ് കളിക്കുന്ന കൈവിരലുകളും എല്ലാം ഊഹിക്കാൻ പറ്റുന്നുണ്ടായിരുന്നു. പോരാത്തതിന് അയാളിൽ അനുരക്തയയാരുവൾ കൂടെ ഇരിക്കുന്നതും കൂടെ ഞാൻ അറിയുന്നുണ്ടായിരുന്നു. അവരെ നോക്കി ഞാൻ ഉള്ളിൽ കണ്ണിറുക്കി കളിച്ചു.
അയാളുടെ രതിചായ്വിനനുസരിച്ച് ഞാൻ പാകപ്പെട്ടെന്നോർത്ത്, അയാളുടെ ഉള്ളിലെ പല കെട്ടുകളും അഴിഞ്ഞു വീഴുമ്പോൾ ഞാൻ അമർത്തി പിടിച്ചു ചിരിച്ചു. എന്റെ ചിരി കേട്ട് അയാൾക്ക് ദേഷ്യം വരേണ്ടല്ലോ!
എന്റെ ആത്മഭാഷണങ്ങൾക്ക് ഒരു ചെവി തന്നിരുന്ന അതെ നിമിഷങ്ങളിൽ തന്നെ മറ്റൊരുവളോട് രതിനിർഭരമായ പെരുമാറുന്നത് എങ്ങനെയാണെന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്. കാരണം പലവേലകൾ ഒന്നിച്ച് ആണുങ്ങൾക്കൊക്കില്ലന്നല്ലേ ലോകം പറയുന്നത്.
എന്റെ ഭയങ്ങളെ എന്റെ ചിന്തകളെയും അരക്ഷിതാവസ്ഥയെയും സ്വപ്നങ്ങളെക്കുറിച്ചും സന്തോഷിപ്പിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങളും എത്ര ക്ഷമയോടെയാണ് അപ്പോഴും കേട്ടിരുന്നത് !
യഥാർത്ഥത്തിൽ എന്തൊരു അടുപ്പം എന്ന് കരുതിയിരുന്നു. യാതൊരു ലക്ഷ്യവും ഇല്ലാതെ, പ്രതീക്ഷകളുടെ ഭാരം ഇല്ലാതെയായിരുന്നു ആ അടുപ്പം എന്നിൽ വളർന്നു വന്നത്. എന്നെ പറ്റിയുള്ളതെല്ലാം ഓർത്തോർത്തു വെക്കുന്ന അയാളുടെ ഓർമ്മയോടു പോലും എനിക്ക് സ്നേഹമായിരുന്നു.
രണ്ട് വാക്ക് അയാളോട് പറയാതെ വയ്യ
എത്രത്തോളം ആർദ്രമായിരുന്നു നിന്നിലെക്കെന്നെ പാകപ്പെടുത്തൽ, കഴുത്തിൽ വീണ തുകൽ ബന്ധനം ഞാൻ അറിയാതെ പോകുന്നത്ര ആർദ്രമായിരുന്നു. ആത്മബന്ധം എന്ന് കരുതിയതെല്ലാം നിന്റെ ആവശ്യങ്ങളിലേക്കെന്നെ പാകപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു എന്ന് തിരിച്ചറിയാൻ ഇത്തിരി വൈകി , കാരണം വാക്കാണ് സത്യമെന്നും , അതാണ് സ്നേഹമെന്നും കരുതുന്ന പമ്പരവിഡ്ഢിയല്ലേ ഞാൻ , എന്നെ പറ്റിച്ചെന്ന ആനന്ദം നിന്റെ കണ്ണിൽ ഞാനിപ്പോൾ കാണുന്നുണ്ട് .. എന്നിരുന്നാലും സ്നേഹം ഉപയോഗിച്ച് എന്റെ അതിരുകൾ മറികടക്കാൻ ആർക്കും അവകാശമില്ല.
തണുത്ത് തണുത്ത് പോകുന്ന മറുപടികൾക്കിടയിൽ നിന്നൊരു ദിവസം മടുത്തപ്പോഴാണ് ഞാൻ പിന്തിരിഞ്ഞു നടന്നത്
അപ്പോഴെന്തിനാണ് നീ വീണ്ടും വീണ്ടും എന്നെ എത്തിച്ചു നോക്കുന്നത്?
ഇല്ല, നിന്റെ സൗകര്യങ്ങൾക്ക് അനുസരിച്ച് പാകപ്പെടാൻ എനിക്കു സാധ്യമല്ല
കാരണം ഇപ്പോൾ നേടിയതെല്ലാം എന്തെല്ലാം കഠിന യുദ്ധങ്ങൾ കഴിഞ്ഞിട്ടാണ് എനിക്ക് ലഭിച്ചതെന്ന് നിനക്ക് മനസ്സിലാകുമോ? ഒട്ടും സാധ്യത ഇല്ലന്നറിയാം കാരണം
വിശേഷഭാഗ്യങ്ങളുടെ തങ്കത്തൊട്ടിലിൽ കിടന്നു വളർന്ന നിനക്ക് അതിന്റെ മൂല്യം എങ്ങനെ അറിയാനാണ്!
തോന്നുമ്പോൾ പെയ്തിറങ്ങുന്ന താന്തോന്നിയായ മഴകാലത്ത് ഉണക്കാൻ ഇട്ട തുണി പോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും യന്ത്രമല്ല ഞാൻ.
എന്നെ വീണ്ടും കാണാൻ നീ വരാതിരിക്കു, എനിക്ക് നിന്നോട് വിട പറയാൻ വിഷമമായതുകൊണ്ടാണ്, നമുക്ക് വിടപറയാതെ വേർപിരിയാം, നീ ഒരിക്കലും എന്റേതല്ല എന്നെനിക്കറിയാം ഞാനാണെങ്കിൽ നിന്നിലേക്ക് പാകപ്പെടാൻ ഒരിക്കലും മനസ്സില്ലാത്തവളും
എന്റെ ശാന്തതയെ ശാപമാക്കി മാറ്റാതെ വഴിയിലൊരിക്കലും എത്തി നോക്കാതെ തിരിഞ്ഞു നടക്കൂ പ്രിയനിറഞ്ഞ അപരിചിതനേ.
***************************************
*Sehnsucht (സേൺസൂഖ്റ്റ്)ജർമൻ : നമുക്ക് കൃത്യമായി നിർവചിക്കാനോ പേരിട്ടു വിളിക്കാനോ കഴിയാത്ത എന്തിനെയോ കുറിച്ചുള്ള ആഴമേറിയ ആഗ്രഹവും തീവ്രമായ ലോങ്ങിങ് .
*Resentment: ഒരാൾ നമ്മളോട് ചെയ്ത അനീതിയുടെയോ വേദനിപ്പിച്ച പ്രവൃത്തിയുടെയോ പേരിൽ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്ന നീരസവും അമർഷം
*Saudade (സൗദാദെ): പോർച്ചുഗീസ് : അരികിലില്ലാത്ത ഒരാളോടോ നഷ്ടപ്പെട്ട ഒരു കാലത്തോടോ ഉള്ള മധുരം കലർന്ന വേദനയാർന്ന ഓർമയും ആഗ്രഹവും. ഒരുപക്ഷേ ഒരിക്കലും തിരിച്ചുകിട്ടാനിടയില്ലെന്ന അറിവിനൊപ്പം ജീവിക്കുന്ന വിരഹം.

No comments:
Post a Comment