Tuesday, 17 November 2026

കുട്ടികളുടെ സുരക്ഷ

 


ആമിക്ക് ഏഴു വയസ്സാണ് അന്ന്. ഡൽഹിയിലായിരുന്നു ഞങ്ങളുടെ  താമസം, ആമിക്കുട്ടിക്ക് മോഷൻ സിക്ക്നെസ് ഉള്ളത് കൊണ്ട്,  അത് കുറയാൻ സഹായിക്കുന്ന തരത്തിൽ ആകാശത്തേക്ക് തുറക്കുന്ന ഒരു ജാലകം ഉള്ള, ഒരു വെള്ളിനിറത്തിലുള്ള   കാറാണ്  ഞങ്ങൾ  വാങ്ങിയിരുന്നത് . ആമിക്കുട്ടി ആ കാർ വീട് പോലെ കരുതി, വണ്ടി ഓടുമ്പോഴും അതിൽ ഓടി നടക്കും, ഇടക്കിടെ ആകാശവാതിൽ തുറന്ന് കാറ്റു കൊണ്ട് ഞങ്ങൾക്കൊപ്പം  കാഴ്ചകൾ കാണും .. ആ കാറിൽ, കാറ്റത്ത് പറക്കുന്ന മുടിയുടെ സുഖമറിഞ്ഞ്  പല മലകളും കാടുകളും അക്കാലങ്ങളിൽ താണ്ടിയിരുന്നു. 

അന്നൊക്കെ ആമിക്കുട്ടിയുടെ ക്ലാസ് തുടങ്ങുന്നത് രാവിലേ 7.15 നാണ്. രാവിലെകളിൽ സ്‌കൂളുകളിലേക്ക് പോകാനുള്ള വണ്ടികളാൽ എല്ലാ റോഡുകളും ബ്ലോക്കാവുന്നത് ഡൽഹിയിൽ സ്ഥിരമാണ്.  ഈ ബ്ലോക്കിന് ഇടയിലൂടെ ഒരു മാജിക് നടത്തിയാണ് ഞങ്ങൾ പലപ്പോഴും സ്കൂളിൽ എത്താറുള്ളത്, ചിലപ്പോഴെല്ലാം  ഒക്കെ പാതിവഴിയിൽ ഇറങ്ങി ഞങ്ങൾ നടന്നും  ഓടിയും ഒക്കെ ആയിരിക്കും ബ്ലോക്ക് കാരണം സ്കൂളിൽ  എത്തുക. 

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ ഞങ്ങളെ  പോലെ തന്നെ തിരക്കിലൂടെ കാറും ഓടിച്ചു മൂന്ന് മക്കളെയും കൊണ്ട് ഒരമ്മ ധൃതിയിൽ പോകുന്ന കാഴ്ച കണ്ടത്. ഫ്രണ്ടിലെ പാസഞ്ചർ സീറ്റിൽ  ഏകദേശം എട്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി ഇരിക്കുന്നുണ്ടായിരുന്നു . പൊടുന്നനെ ഏതോ വണ്ടിക്ക് സൈഡ് കൊടുക്കാൻ ശ്രമിച്ചപ്പോൾ , അവരുടെ കാർ  മുന്നിലുള്ള  മരത്തിൽ പോയി ഇടിച്ചു നിന്നു. അപ്പോഴേക്കും കാറിനുള്ളിലെ എയർബാഗുകൾ എല്ലാം വിടർന്നിരുന്നു,  ഞാൻ ഇറങ്ങി ചെല്ലുമ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ഫ്രണ്ടിൽ ഇരുന്നിരുന്ന ആ കുഞ്ഞിന്റെ  മുഖത്തേക്ക് എയർബാഗ് അടിച്ചുകൊണ്ടിരുന്നു, ആ കുഞ്ഞിന്റെ തല ഒടിഞ്ഞു തൂങ്ങി ഞെഞ്ചിലേക്ക് വീണു കിടപ്പുണ്ടായിരുന്നു. സത്യത്തിൽ  ഒരു കോഴിയെ തല പിരിച്ചു വച്ചിരിക്കുന്നത് പോലെ ഒട്ടും ബലമില്ലാതെ, ശ്വാസമില്ലാതെ കിടക്കുന്ന കുഞ്ഞിനെ കണ്ട്, ആ അമ്മ നിലവിട്ട്  ഉറക്കെയുറക്കെ കരയുന്നുണ്ടായിരുന്നു. ആ കുഞ്ഞിനെ ആംബുലൻസിലേക്ക് കയറ്റുമ്പോൾ  സ്ട്രക്ചറിൽ തല അങ്ങോട്ടും  ഇങ്ങോട്ടും ആടുന്നുണ്ടായിരുന്നു. അത് കണ്ടു നിന്ന എനിക്ക്  ശ്വാസം നിലച്ചു പോകുന്ന പോലെ വേദനിക്കുന്നുണ്ടായിരുന്നു. ആ അമ്മയുടെ നിലവിളിയും , ആ കുഞ്ഞിന്റെ കിടപ്പും ഇന്നും എന്നെ വേട്ടയാടുന്ന ഓർമയാണ് .

അത് കണ്ടതിന്റെ അന്നുമുതൽ ഞങ്ങൾ ആമിയെ ബാക്ക് സീറ്റിൽ സീറ്റ് ബെൽറ്റ് ഇട്ട് ഇരുത്താൻ എപ്പോഴും ശ്രമിക്കുമായിരുന്നു.  പക്ഷേ ഞങ്ങളായി തന്നെ ഉണ്ടാക്കിയ ശീലം  കാരണം ആമി പലപ്പോഴും അതിനെതിരെ ശക്തമായി പ്രതികരിക്കുമായിരുന്നു.  ചെറുതായിരിക്കുമ്പോൾ മുതൽ  സീറ്റ് ബെൽറ്റ് ഇടാതെ കാറിൽ ഒട്ടാകെ പരതി നടന്നിരുന്നതുകൊണ്ട്, നല്ല  ശീലത്തിലേക്ക് എത്തിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. 

 അന്ന് കഴുത്തൊടിഞ്ഞു കണ്ട ആ പെൺകുട്ടി മനസ്സിലുള്ളടത്തോളം കാലം എനിക്ക് അതിനു സമ്മതിക്കാനും പറ്റില്ലായിരുന്നു അവളെ പറഞ്ഞു മനസ്സിലാക്കി ആ ബുദ്ധിമുട്ട് അവൾ സഹിക്കേണ്ടതാണെന്ന് മനസ്സിലാക്കി കൊടുക്കാൻ  എത്രയോ ബുദ്ധിമുട്ടി എന്നറിയാമോ. 

ഇന്നും  ആ കാഴ്ച എന്റെ ഉള്ളിലുണ്ട്,  ചെറിയൊരു അപകടം കൊണ്ട് വലിയ നഷ്ടത്തിലേക്ക് എത്തിച്ചേർന്ന ആ കുടുംബത്തെയും അമ്മയെയും ഇടയ്ക്കിടെ ഓർത്തു വേദനിക്കാറുണ്ട്. ആ അമ്മ എന്നെങ്കിലും ഇനി ഉറങ്ങുമോ ? 

 കേരളത്തിൽ എത്തിയപ്പോൾ ആകട്ടെ എന്നും കാണുന്ന കാഴ്ച എന്റെ ഉള്ളിൽ ഉണ്ടാക്കുന്ന ഭീതിയ്ക്ക് കണക്കില്ല, എത്രയോ വിദ്യാദ്യാസവും വിവരവും ഉണ്ടെന്ന് നടിക്കുന്ന നമ്മൾ ഇക്കാര്യത്തിൽ വളരെ അശ്രദ്ധ പുലർത്തുന്നവരാണ് .  കേരളത്തിലെ ഒരുവിധപ്പെട്ട എല്ലാ കാറുകാരും കുഞ്ഞുങ്ങളെ ഫ്രണ്ട് സീറ്റിൽ ഇരുത്തി ഓടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.  കുഞ്ഞുങ്ങൾ ആകട്ടെ മുന്നോട്ടു ആഞ്ഞും അച്ഛനെ കെട്ടിപ്പിടിച്ചും ചിലപ്പോൾ ഡ്രൈവറുടെ മടിയിൽ വരെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.  അപ്പോഴെല്ലാം ഞാൻ ഭീതിയോടെ ഈ  കാഴ്ച ഓർത്ത് പേടിക്കാറുണ്ട്. 

കാറിലെ എയർബാഗുകൾ  പ്രധാനമായും  മുതിർന്നവരുടെ ജീവൻ രക്ഷിക്കാൻ  വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നതാണ് . എന്നാൽ ചെറിയ കുട്ടികൾക്ക്, പ്രത്യേകിച്ച് മുൻസീറ്റിൽ ഇരിക്കുന്ന കുട്ടികൾക്ക്, അതേ എയർബാഗ് ഗുരുതരമായി പരിക്കേൽപ്പിക്കുകയോ ചില സാഹചര്യങ്ങളിൽ മരണത്തിനുപോലും കാരണമാകുകയോ ചെയ്യാം. 

പ്രധാന കാരണം എയർബാഗ് തുറക്കുന്നത് വളരെ  വേഗത്തിലും  ശക്തിയിലുമാണ് .  കുട്ടിയുടെ ചെറിയ ശരീരവലുപ്പവും, എയർബാഗിന്റെ ശക്തിയും തമ്മിലുള്ള റേഷ്യോ അപകടകരമാണ് .  

എയർബാഗ്  എതാണ്ട്  മൃദുവായ തലയണപോലെ പതുക്കെ വീർത്ത് വരുന്ന ഐറ്റം ആണെന്നാണോ ആൾക്കാർ വിചാരിച്ചു വെച്ചിരിക്കുന്നത് ? . അത് വളരെ വേഗത്തിൽ, ഒരു സെക്കൻഡുകൾക്കുള്ളിൽ വിരിഞ്ഞു വന്ന് കുട്ടികളുടെ തലയിലോ കഴുത്തിലോ നെഞ്ചിലോ ശക്തമായി ഇടിക്കാം, അത് വലിയ അപകടങ്ങൾ കുട്ടികൾക്ക് ഉണ്ടാക്കും. 

ചില ചെറിയ അപകടങ്ങളിൽ പോലും ചിലപ്പോൾ  എയർബാഗ് തുറക്കാറുണ്ട് , 

അതുകൊണ്ട് കാർ പതുക്കെയാണ് ഓടുന്നത്, അതിനാൽ എയർബാഗ് അപകടകരമല്ല എന്ന് കരുതരുത്. ഏറ്റവും കുറഞ്ഞത്, പതിമൂന്നു വയസ്സാകുന്നതുവരെ കുട്ടികളെ നിർബന്ധമായും മുൻസീറ്റിൽ ഇരുത്തരുത് . ശരിയായി സീറ്റ് ബെൽറ്റ് ഇട്ട്  പിൻസീറ്റിൽ തന്നെ ഇരുത്തണം.  കുട്ടികളുടെ തലയും ശരീരവും മുതിർന്നവരുടേതിനേക്കാൾ ചെറുതാണ്. അതിനാൽ അവർ ഡാഷ്ബോർഡിനോടും എയർബാഗിനോടും അപകടകരമായ രീതിയിൽ അടുത്തിരുത്തുന്നത്, അവരെ കൊലക്ക് കൊടുക്കുന്നതിനു തുല്യമാണ് . 

 booster സീറ്റുകൾ  ഉപയോഗിക്കുന്ന രീതി കേരളത്തിൽ  ഇനിയും തുടങ്ങിയിട്ടില്ല എന്നുള്ളത് കഷ്ടമാണ് .  എത്ര ചെറിയ ദൂരത്തേക്കുള്ള യാത്രയാണെങ്കിലും കുട്ടിയെ ശരിയായി സുരക്ഷിതമായി ഇരുത്തി ശീലിപ്പിക്കുക, അത് ചെറുപ്പത്തിലേ തുടങ്ങിയാൽ അവരും അതിനനുസരിച്ചു ശീലിച്ചു കൊള്ളും.  

കാറിൽ കുട്ടിയുണ്ട് എന്ന ബോർഡ് വെച്ച കാരണം കൊണ്ട് ഒരു അപകടവും നമ്മളെ ഒഴിഞ്ഞു പോകില്ല. ഏറ്റവും സുരക്ഷിതമായ മാർഗം കുട്ടിയെ  ശരിയായ മാർഗ്ഗങ്ങൾ  ഉപയോഗിച്ച്   പിൻസീറ്റിൽ ഇരുത്തുക എന്നതാണ്.

ചില ആധുനിക വാഹനങ്ങളിൽ ചെറിയ കുട്ടിയെയോ child restraint-നെയോ തിരിച്ചറിയുന്ന occupant-sensing സംവിധാനങ്ങൾ passenger airbag സ്വയം പ്രവർത്തനരഹിതമാക്കാൻ കഴിയും എന്ന്  കേട്ടിട്ടുണ്ട്. എന്നാലുംആ കാറിൽ  പോലും കുട്ടിയെ മുൻസീറ്റിൽ ഇരുത്താൻ  അനുമതിയില്ല എന്നോർക്കണം. പിന്നെ കേരളത്തിലെ എത്ര പേര് പ്രീമിയം കാറുകൾ ഉപയോഗിക്കുന്നുണ്ട്? 

എന്ന്  വെച്ച് എയർബാഗുകൾ സ്വതവേ അപകടകരമായ സംവിധാനങ്ങളല്ല. അവ വളരെ പ്രധാനപ്പെട്ട ജീവൻരക്ഷാ സംവിധാനങ്ങളാണ്. ധാരാളം മുതിർന്നവരുടെ ജീവൻ രക്ഷിക്കാൻ  എയർബാഗുകൾ സഹായിച്ചിട്ടുണ്ട്. പ്രശ്നം എയർബാഗ് ഉണ്ടെന്നതല്ല,  ആർക്കുവേണ്ടിയാണ് എയർബാഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ആ വ്യക്തി എവിടെയാണ് ഇരിക്കുന്നത്,എന്നതിനെ ആശ്രയിച്ചാണിത്  പ്രവർത്തിക്കുന്നത് എന്ന്  മാത്രം.

 ശരിക്കും നമ്മുടെ കുഞ്ഞുങ്ങളുടെ ആയുസ്സിൽ നമുക്ക് എന്താണിത്ര അശ്രദ്ധ ? ഇനി ഫ്രണ്ട് സീറ്റിൽ ഇത്ര കാലവും ഇരുന്നിട്ടും എന്റെ കുഞ്ഞിനൊന്നും പറ്റിയില്ലല്ലോ എന്ന്  ന്യായീകരിക്കുന്നവരാണോ നിങ്ങൾ , എങ്കിലിത്രയേ  പറയാൻ ഒള്ളൂ , വെറും ഭാഗ്യം മാത്രമാണ് , അപകടം നിങ്ങളുടെ അശ്രദ്ധ കൊണ്ട് മാത്രം ഉണ്ടാകുന്ന ഒന്നല്ല , നിങ്ങൾ എത്ര  ശ്രദ്ധിച്ചാലും ഉണ്ടാകാൻ സാധ്യത ഉള്ള ഒന്നാണെന്ന്  മറക്കരുത്. 

 എന്ന്  കാറിന്റെ ഫ്രണ്ട്  സീറ്റിൽ എപ്പോഴും കുട്ടികളെ കണ്ട് മനഃസമാധനം നഷ്ടപെടുന്ന ഒരമ്മ

No comments: