എന്റെ ഔദ്യോഗികമായ പേര് ശാരി പി വിശ്വനാഥൻ എന്നാണ്. എന്നാൽ എഴുതുമ്പോൾ സ്വീകരിച്ച പേര്, ഗൗരി നാഥൻ എന്നുമാണ്.
ഈ പേരെങ്ങനെ വന്നു എന്നത് ഒരു പാട് പേർ അന്വേഷിക്കാറുണ്ട്..
അതിനു പിന്നിൽ ഒരു കഥയുണ്ട്.. പ്രണയത്തിന്റെ തേപ്പിന്റെ ഒക്കെ കഥ..
എന്റെ അച്ഛൻ, മിസ്റ്റർ വിശ്വനാഥൻ, അങ്ങേര് ഒരു സുന്ദര കില്ലാഡി ആയിരുന്നു. നല്ല ഉയരത്തിൽ സുന്ദരനായ ഒരാൾ. അക്കാലത്തെ പെൺകുട്ടികളുടെ ആരാധനാപുരുഷൻ ആയിരുന്നത്രേ!
മൂപ്പര് പ്രേമത്തിൽ ഒട്ടും പുറകിൽ അല്ലായിരുന്നു. ആദ്യം പ്രണയിച്ച പെണ്ണിനെ തേച്ച്, മറ്റൊരുത്തിയെ പ്രണയിച്ചു, പെണ്ണുറപ്പിച്ച വിദ്വാനാണ്!
പെണ്ണുറപ്പിച്ച മൂപ്പത്തി അതീവ സുന്ദരിയായിരുന്നു.. ( ഇപ്പോഴും അതേ )അച്ഛനുമായുള്ള പ്രണയം കത്തി നില്കുമ്പോഴാണ്, അച്ഛനെ തേച്ച് അവർ വിവാഹത്തിന് കുറച്ചു നാൾ മുൻപ് മറ്റൊരാളുമായി ഇറങ്ങി പോയത്.
എന്തായാലും പ്രണയനായകൻ അതോടെ തകർന്നു തരിപ്പണമായി പോയി.. അന്നൊക്കെ ചാരായം സുലഭമായി കിട്ടിയിരുന്ന കാലമായിരുന്നു.. അതിനു ശേഷം അച്ഛന് ഒരേ ഒരു ദൃഢതയുള്ള പ്രണയവും കാമുകിയും ഉണ്ടായിട്ടുള്ളൂ.. അത് ചാരായമാണ്!
തേച്ചു പോയ സുന്ദരിയുടെ ഓർമ്മയിൽ ചാരായത്തിൽ കരളലിയിപ്പിച്ച് അച്ഛൻ അമ്മയെ കെട്ടി. അതൊരു നിർബന്ധിത വിവാഹമായിരുന്നു.
അന്ന് തുടങ്ങിയ കുടി മൂപ്പര് വീഴ്ചയാകും വരെ തുടർന്നിരുന്നു.
എന്തായാലും അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ അവരൊക്കെ ഭാഗ്യം ചെയ്തവർ, അച്ഛന്റെ കൂടെയുള്ള ജീവിതത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ!
അങ്ങനെയിരിക്കെയാണ് മൂത്ത സന്താനമായി ഞാൻ ജനിച്ചു വീണത്. ഞാൻ ജനിച്ചപ്പോൾ അച്ഛനും അമ്മയും ഒഴിച്ച് സകലരും കരച്ചിൽ ആയിരുന്നത്രെ... വീട്ടിലെ കടിഞ്ഞൂൽ പൊട്ടന്, ആൺകുട്ടി ഉണ്ടാകാതെ പെണ്ണ് ജനിച്ചതിനായിരുന്നു അവരൊക്കെ കാറി കരഞ്ഞത്
എന്തായാലും അച്ഛന് സങ്കടം ഒന്നുമുണ്ടായിരുന്നില്ല, മാത്രമല്ല അച്ഛന് മക്കളിൽ ഏറ്റവും പ്രിയം എന്നോട് തന്നെയായിരുന്നു.
മകൾക്ക് പേരിടാൻ സമയത്ത് അച്ഛൻ, അച്ഛൻ സുന്ദരിയ്ക്കു വേണ്ടി തേച്ച കാമുകിയുടെ പേരിട്ടു.. അതും അച്ഛന്റെ ബന്ധു ആണ് എനിക്ക് പേരിട്ടത്, അത് കൊണ്ട് അമ്മ ആ സാധ്യതയെ കുറിച്ച് സംശയിച്ചതും ഇല്ലാ.
എപ്പോഴോ അച്ഛന്റെ ആൾക്കാരുടെ സംസാരത്തിൽ നിന്ന് അമ്മയ്ക്ക് സംഭവം മനസ്സിലാവുകയും എന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു
പുരുഷാധിപത്യകുടുംബങ്ങൾ കൊടികുത്തി വാഴുന്ന ആ കാലത്ത്, അമ്മ എനിക്കിടാൻ ആഗ്രഹിച്ച ഗൗരി എന്ന പേര് വെറും സ്വപ്നം മാത്രമായി..അക്കാലത്തു പ്രസവിച്ച സ്ത്രീകൾക്ക് കുഞ്ഞുങ്ങൾക്ക് മുകളിൽ വലിയ അധികാരമൊന്നും ഇല്ലെന്ന് പറഞ്ഞാൽ അധികമാവില്ല.
വീട്ടിലെ വഴക്കുകൾ ശക്തിയാകുമ്പോഴുക്കെ അമ്മ ഇതും പറഞ്ഞു കരയുന്നത് സ്ഥിരമായിരുന്നു... തീരെ ചെറിയ കുട്ടി ആയിരിക്കുമ്പോഴേ ഞാൻ അമ്മയെ നോക്കുന്ന കുട്ടി ആയി മാറിയിരുന്നു.
പ്രായത്തിനു നിരക്കാത്ത പക്വതയോടെ, ബാല്യമില്ലാത്തവളായി വഴക്കുകൾക്കിടയിൽ ഒരു സർക്കസ് പോലെ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നു... അപ്പോഴൊക്കെ അമ്മയെ ചേർത്ത് പിടിച്ച് ഞാൻ ആശ്വസിപ്പിക്കും.. വലുതാകുമ്പോ ഞാൻ ഈ പേര് മാറ്റാം എന്ന്... അമ്മ പോലും അത് സീരിയസ്സായി എടുത്തോ എന്നെനിക്ക് സംശയമാണ്...
എന്തായാലും കുറ്റബോധം കുറയ്ക്കാൻ കാമുകിയുടെ പേര് മകൾക്കിട്ടതും പോരാ, സ്പെല്ലിങ് Sari എന്നും എഴുതി ആജീവന്തകാല കൺഫ്യൂഷനുള്ള വകുപ്പും ആളുറപ്പിച്ചു വെച്ചു!
എനിക്കേറ്റവും തലവേദന ഉണ്ടാക്കിയിട്ടുള്ളത് എന്റെ പേരും ആ സ്പെല്ലിങ് ആയിരുന്നു.
സാരീ മൂരീ രോമേശ്വരീ... എന്ന് നീട്ടി പാടുന്ന ചെക്കന്മാർ മുതൽ ദേഷ്യം വരുമ്പോൾ സാരീ പാവാടെ എന്ന് വിളിക്കുന്ന കൂട്ടുകാർ വരെ ശല്യമായി മാറി..
ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ വേറെ സ്കൂളിൽ ചേർന്നപ്പോൾ, ആ ക്ളാസിൽ എല്ലാവരുടെയും ശ്രദ്ധയെ ആകർഷിക്കാൻ പാകത്തിൽ നന്ദിനി ടീച്ചർ എന്നെ 'സാരീ' എന്ന് വിളിച്ചു എഴുനേൽപ്പിച്ചു നിർത്തി.. എന്താ പേരിങ്ങനെ എന്ന് ചോദിച്ചു...
പിന്നീടങ്ങോട്ട് ജീവിതം മുഴുവനും സാരിയും ശരിയും സരിയും ആയി മാറിയെങ്കിലും ഒരിക്കലും ശാരി ആയി മാറിയില്ല..
എന്തിന് ഇംഗ്ലണ്ടിലെ സാം ഹിക്കി എന്ന എന്റെ അദ്ധ്യാപകൻ, എന്റെ ഫാദർ സാരി കച്ചവടക്കാരൻ ആയത് കൊണ്ടാണോ അതോ കൾച്ചറിനോട് ആരാധനായുള്ളത് കൊണ്ടാണോ സാരി എന്ന് പേരിട്ടതെന്ന് ചോദിച്ചു..
വിധി എന്നല്ലാതെ എന്ത് പറയാൻ!!
അങ്ങനെയിരിക്കെയാണ് ഞാൻ ബ്ലോഗ് തുടങ്ങുന്നത്.. അപ്പോഴേ പേര് ഗൗരി എന്നുറപ്പിച്ചു... ഫോൺ വിളിച്ചപ്പോൾ അച്ഛനോട് പറഞ്ഞതെ ഓർമയുള്ളൂ.. മക്കൾ വലുതായാൽ അമ്മമാർക്കാ ലാഭം എന്നും പറഞ്ഞു പയ്യാരം തുടങ്ങി.
ഉടനെ നാവാടിയായ മോൾ, ആൺമേധാവിത്വ കുടുംബത്തെ കുറിച്ചും പ്രസവ വേദനയെ കുറിച്ചും ക്ലാസ് എടുത്തു.. ഇതിലും ഭേദം കാമുകിയുടെ പേര് മാറ്റുന്നതാ എന്നോർത്തു കാർന്നോർ ഒന്നും മിണ്ടാതെ സമ്മതിച്ചു.
അങ്ങനെ മൊത്തം പ്രശ്നങ്ങൾക്ക് പരിഹാരമായി, അമ്മ എന്നെ വിളിക്കാൻ ആഗ്രഹിച്ച പേര് ഞാനങ്ങ് എഴുത്തു നാമമായി സ്വീകരിച്ചു.. വിശ്വനാഥനിലെ നാഥനെയും കൂടെ ചേർത്ത് അച്ഛന്റെ പിണക്കം തീർത്ത്, പേര് ഗൗരീനാഥൻ എന്നങ്ങു ഉറപ്പിച്ചു.
ഇനി കാമുകി കാമുകന്മാരോട് ഒരു വാക്ക്...
ദയവു ചെയ്ത് നിങ്ങളുടെ കുഞ്ഞിന് പേരിടാൻ ഈ ഉലകത്തിൽ വേറെ പേരൊന്നും ഇല്ല്യേ...
സ്വന്തം ഇണയ്ക്ക് വിഷമം ഉണ്ടാകുന്ന ഈ ചടങ്ങ് നിർത്തിക്കൂടെ...
കാമുകിയുടെ മോളുടെ പേരിടുന്ന കാമുകനെയും ഞാൻ കണ്ടിട്ടുണ്ട്... രണ്ടു പേർക്കും ചേർന്ന് ഒറ്റ കുട്ടി ഉണ്ടായി അതിനു പേരിടേണ്ടതിനു പകരം വേറെ സ്ത്രീ അല്ലെങ്കിൽ പുരുഷനിൽ ഉണ്ടായ കുഞ്ഞിന് കാമുകിയുടെ അല്ലെങ്കിൽ കാമുകന്റെ പേരിടുന്നത് ഒരു ആഭാസമാണ്.
സത്യം..
( ഈ ചരിത്രമെല്ലാം പറഞ്ഞു തന്നത് അച്ഛൻ തന്നെയാണ്)

No comments:
Post a Comment