Tuesday, 10 March 2026

വട്ടവട - അപരിചിതർക്കൊപ്പം ഒരു സ്നേഹലഹരിയാത്ര



സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം ധാരണയാല്‍ ആഴത്തില്‍ മുറിവേല്ക്കുക. പൂര്‍ണ്ണമനസ്സോടെയും ഹർഷോന്മാദത്തോടെയും രക്തമൊഴുക്കുക.'

ഖലീൽ ജിബ്രാൻ

മനുഷ്യരിൽ നിന്നെനിക്കെത്ര പണി കിട്ടിയാലും മനുഷ്യരെ മാത്രം വിശ്വസിക്കുന്ന എനിക്ക് മനുഷ്യരോളം നല്ല വൈദ്യമില്ല തന്നെ, അതുകൊണ്ട് എന്റെ തീർത്ഥാടനം മനുഷ്യർക്കൊപ്പം നാട് തെണ്ടുന്നതാണ്. അങ്ങനെ ഒരു യാത്ര അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായിട്ടുണ്ടായിരുന്നു.എങ്ങോട്ട് പോകണമെന്ന് യാതൊരു ധാരണയും ഇല്ലായിരുന്നു താനും . അപ്പോഴാണ് കട്ടൻ കാപ്പി ടീം വട്ടവടയിലേക്ക് പോകുന്നു എന്ന് കേട്ടതു, കൂടെ ഞാനും പുറപ്പെട്ടു.

ഒരുപാട് കൊല്ലങ്ങൾക്ക് പുറകിൽ, നീണ്ട രണ്ടര വർഷം ഇടുക്കി കാടുകളിലും ആദിവാസി ഊരുകളിലും കഴിഞ്ഞു കൂടിയിട്ടുണ്ട് . അന്ന് അവിടെ നിന്നിറങ്ങിയശേഷം പിന്നീട് ഇടുക്കിയിൽ പോയിട്ടുമില്ല . ഇടുക്കി മുഴുവൻ എത്തിയിട്ടും കാണാത്ത സ്ഥലം വട്ടവടയാണ് , അത് കൊണ്ട് ആ യാത്ര മതിയെന്ന് ഉറപ്പിച്ചു. ആരാണ് കൂടെയുണ്ടാവുക എന്ന് യാതൊരു ധാരണയുമില്ലാത്ത ഒരു പ്രത്യേക തരം സോളോ യാത്ര. അപരിചിതർക്ക് ഒപ്പം രണ്ടുദിവസം അതാണ് ഇത്തവണത്തെ എന്റെ നിയോഗം 

കൊച്ചിയിൽ  ഇൻഫോ പാർക്കിനു മുൻപിൽ പാതിരാവിൽ 2 മണിക്ക് ഓട്ടോ ഇറങ്ങുമ്പോൾ പില്ലർ നമ്പർ 742നു മുൻപിൽ അപരിചിതരായ ചിലർ അപ്പോഴേ ഹാജർ വെച്ചിരുന്നു. പിന്നെ ആളുകൾ കൂടി അതൊരു കൂട്ടമായി പരിണമിച്ചു. കല്ലിനോടും കരിയിലയോടും വരെ സംസാരിക്കുന്ന എനിക്ക് അവർ പ്രിയപ്പെട്ടതാകാൻ വളരെ നിമിഷങ്ങളെ എടുത്തോളൂ. റായ്ഷ്ലിയും വായ്നോട്ടക്കാരൻ( ഡെന്റൽ വിദഗ്ദൻ ആരും തെറ്റിദ്ധരിക്കരുത്) വറുതുണ്ണിയും , രശ്മിയും , ഇരിഞ്ഞാലക്കുട മലയാളം പറഞ്ഞു സന്തോഷിപ്പിച്ച് പ്രസൂണും , പിന്നെ സരുണും ആയിരുന്നു ചായ കമ്പിനി. ഇൻഫോപാർക്കിന് മുമ്പിലെ തട്ടുകടയിൽ നിന്ന് അവർക്കൊപ്പം കുടിച്ച പാതിരാ ചായ വരെ സ്നേഹം നിറഞ്ഞതായിരുന്നു.

ബസ്സിൽ കയറിയാൽ വാളു വെക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടു പോലും തൃശ്ശൂർ ഭാഷയുടെ സൗന്ദര്യത്തിൽ മയങ്ങി തൊട്ടടുത്തിരിക്കാൻ വന്ന കൂട്ടുകാരി രശ്മിയുടെ ഭാഗ്യം കൊണ്ടോ എന്തോ വാൾ വെക്കാൻ തോന്നിയില്ല.

ചാക്കുകണക്കിനു ടെൻഷൻ തലയിൽ ഏറ്റി 49 പേര് ആ ബസിൽ കയറുന്നുണ്ടായിരുന്നു.ബസ്സ് പുറപ്പെട്ടു കുറച്ചു കഴിയുമ്പോഴേക്കും ട്രിപ്പ് നടത്തിപ്പുകാരിയായ ജാസ്മിന്റെ വക ഗെയിംസ് ആരംഭിച്ചിരുന്നു. വെളുപ്പാംകാല ഗെയിംസ് കഴിഞ്ഞപ്പോൾ ആളുകൾ സ്വയം മറന്ന് തലയിലേറ്റിയ ടെൻഷനെല്ലാം മറന്ന് ഡാൻസും കളിയും പാട്ടുമായി തുള്ളാൻ തുടങ്ങിയിരുന്നു.

ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. ബസ്സ് നിറയെ ആഹ്ലാദത്തിന്റെ ആരവം, എന്റെ മനസ്സ് ഒരു തീർത്ഥാടനത്തിൽ എന്നപോലെ ശാന്തതയിലേക്ക് കൂപ്പുകുത്തി. നേരം വെളുത്തു വരുന്നുണ്ടായിരുന്നു നേർത്ത കോടയിറങ്ങി മൂടിയ മലനിരകൾ അവ്യക്തമായി ദൂരെ കാണാം . സുഖകരമായ തണുപ്പ് ചുറ്റി നിൽക്കുന്ന അടിമാലിയിൽ പ്രഭാത ഭക്ഷണം കഴിക്കാനിറങ്ങുമ്പോഴേക്കും എല്ലാവരും കുടുംബാംഗങ്ങൾ എന്നപോലെ സ്നേഹത്തിലായിട്ടുണ്ടായിരുന്നു.

ഇത്ര വേഗത്തിലോ എന്ന് ആർക്കും തോന്നാം പക്ഷേ അപരിചിതത്തിന് അങ്ങനെയൊരു ഗുണമുണ്ട് അവർക്ക് നമ്മളെക്കുറിച്ച് മുൻധാരണകൾ ഒന്നും തന്നെ ഇല്ല , നല്ലതോ ചീത്തയോ എന്ന വിചാരങ്ങൾ ഇല്ല, അത് കൊണ്ട് തന്നെ എളുപ്പത്തിൽ പരസ്പരം അവർ നമ്മളെ സ്വീകരിക്കും, നമ്മളെ അംഗീകരിക്കും. ഇപ്പോൾ എന്താണോ നമ്മൾ, എങ്ങനെയാണോ പെരുമാറുന്നത് അതാണ് അവർ അംഗീകരിക്കുന്നത്.

അത് കൊണ്ട് തന്നെ അവർ നമ്മെ ഉള്ളുതുറന്ന് സ്നേഹിക്കാൻ പാകത്തിനാണ് കൂടെ നില്കുന്നത്. ഞങ്ങളിൽ നല്ലതും ചീത്തയും ഉണ്ടാകാം പക്ഷേ ഇപ്പോൾ ഞങ്ങളിൽ നന്മയും സ്നേഹവും സൗഹൃദവും മാത്രമേയുള്ളൂ.


അടിമാലിയിലെ നേർത്ത തണുപ്പിൽ നിന്ന് ബസ് മൂന്നാറിലേക്ക് തിരിഞ്ഞു ആകാശത്തെ തോൽപ്പിക്കും എന്ന വിധത്തിൽ വാശിക്ക് നെടുങ്ങനെ വളർന്നു ഒറ്റാംതടിയായി നിൽക്കുന്ന യൂക്കാലി മരങ്ങൾ ചുറ്റും, അവക്കിടയിലൂടെ കോടമഞ്ഞു വിട്ടു പിരിയാൻ കൂട്ടാക്കാതെ നിൽക്കുന്ന മലനിരയുടെ സൗന്ദര്യം കാണാം . ഉറങ്ങിക്കോ എന്ന് പറഞ്ഞിട്ടും വൈബ് വിടാത്ത കുട്ടി തേവാങ്കുകൾ ബസ്സിൽ ചന്നം പിന്നം ഡാൻസ് കളിക്കുമ്പോൾ ബസ് മൂന്നാറിൽ നിർത്തി. വീണ്ടും ചായയ്ക്ക് ശേഷം ബസിലേക്ക്

മൂന്നാറിൽ നിന്നും വട്ടവടയ്ക്കുള്ള യാത്രയിലെ ഭൂപ്രകൃതിയെ കുറിച്ച് പറയാൻ വാക്കുകളില്ല, നോക്കെത്താ ദൂരത്തോളം പച്ചമേഘതുണ്ടുകൾ അടുക്കിവെച്ച പോലെ മലനിരകൾ, ചായല തോട്ടങ്ങളാണ് ( ഞാനുണ്ടാക്കിയ പേരാണ് കേട്ടോ തേയില എന്ന പേര് ഓർമ്മ വരാതിരുന്നപ്പോൾ ഉണ്ടാക്കിയ പുതിയ പേരാണ്)

ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് എന്ന് പറഞ്ഞുകൊണ്ട് മനസ്സുനിറഞ്ഞ പച്ചപ്പിൽ മയങ്ങി ഇരിക്കുമ്പോഴും ബസ്സിൽ ഡാൻസ് തകൃതിയായി നടക്കുന്നുണ്ടായിരുന്നു

പിന്നെ കണ്ടത് മാട്ടുപ്പെട്ടി ഡാമായിരുന്നു, ഒരു സൈഡിൽ എല്ലാം നീല നിറത്തിൽ മദാലസയും മറുഭാഗത്ത് വന്യയായ പ്രകൃതി ദേവിയെ പോലെ വെളുത്ത തുടുത്ത് പതഞ്ഞ് തെറിക്കുന്നുണ്ടായിരുന്നു.

മാട്ടുപ്പെട്ടി ഡാമിന് കുറച്ചു മാറി റോഡ് സൈഡിൽ ഇത് ഞങ്ങളുടെ റോഡ് എന്ന സകല അധികാരബോധത്തോടെ ബസ് നിർത്തി, പാട്ടു വെച്ച് എല്ലാവരും കൂടെ തകർപ്പൻ ഡാൻസ് തുടങ്ങി. കണ്ടു നിന്ന കുരങ്ങുകൾക്ക് വരെ നാണം തോന്നി, പക്ഷെ ഒരു കാര്യവും ഇല്ല, ഭാവിയിൽ എന്തെന്നും, ഭൂതകാലത്തിലെന്തെന്നും ഓർക്കാത്ത 49 പേരുടെ ഒരു ആഹ്ലാദപ്രകടനങ്ങൾക്ക് എന്ത് നാണം. പിന്നെ ഫോട്ടോ എടുപ്പും കഴിഞ്ഞു വീണ്ടും വട്ടവടയ്ക്കുള്ള യാത്ര തുടങ്ങി.

റോഡ് വളഞ്ഞു പുളഞ്ഞു ഏതോ റൊമാന്റിക്ക് സിനിമയിലെ ലൊക്കേഷനെ അനുസ്മരിപ്പിച്ചു, വട്ടവടയുടെ തുടുത്ത പച്ചപ്പിനുള്ളിൽ പൂത്തു നിൽക്കുന്ന പലതരം കാട്ടുപ്പൂക്കൾ വർണം കൊണ്ട് മനസ്സു മയക്കി, ഹോ ഇതിലും നല്ലൊരു കളർ തെറാപ്പി വേറെയില്ല . ഒരു ഭാഗം അഗാധമായ താഴ്ച, മറുഭാഗം പച്ചമേഘത്തുണ്ടുകൾ ഭൂമിയിൽ ഇറങ്ങി വന്നപോലെയുള്ള സുന്ദരമായ തേയില തോട്ടങ്ങൾ, അതിനുള്ളിലൂടെ സ്നേഹം നിറഞ്ഞ ഹൃദയങ്ങളും പേറി ഒരു ബസ്സ് വട്ടവടയിലേക്ക് അടുത്ത് കൊണ്ടിരുന്നു . ദൂരെ തട്ടുതട്ടായി കൃഷി ചെയ്യുന്ന തോട്ടങ്ങൾ കാണാം, വിവിധ ഇനം പച്ചപ്പ് കൊണ്ട് തട്ടുകൾ നിറഞ്ഞിരിക്കുന്നു , അതിനുമപ്പുറം മലനിരയെ വിടാൻ മടിച്ച കാമുകിയെ പോലെ കോട ഇപ്പോഴും ഉണ്ട്. മനസ്സ് ആനന്ദം നിറഞ്ഞ ശാന്തിയുടെ അഗാധതീരം തൊട്ടു കഴിഞ്ഞിരുന്നു ഇതാണ് എന്റെ തീർത്ഥാടനം. സ്നേഹം നിറഞ്ഞ ഹൃദയങ്ങൾക്കൊപ്പമുള്ള തീർത്ഥാടനം.


വട്ടവട സെന്ററിൽ നിന്ന് ഭക്ഷണം കഴിച്ചു നേരെ ജീപ്പിലേക്ക് , ചോരവർണത്തിൽ മുരിക്കും പൂക്കൾ അതിരിട്ട കല്ല് വഴികൾ പൊടിപാറിച്ചു പ്രധിഷേധം അറിയിച്ചു, ജീപ്പിനെ പറത്തി കൊണ്ട് പോയി നിർത്തിയത് ഞങ്ങൾ താമസിക്കാൻ പോകുന്ന ടെന്റ്കൾക്ക് മുന്പിലായിരുന്നു. പൂക്കൾ നിറഞ്ഞു നില്കുന്ന ഒരു മലംചെരിവിലാണ് ആ ടെന്റുകൾ. ചെറിയ സ്ട്രോബറി തോട്ടവും ഉണ്ട്. കുളിയും തിരക്കും കഴിഞ്ഞു വന്നു കട്ടനും കട്ടൻകാപ്പി ടീമിനുമൊപ്പം പരിചയപ്പെടൽ എന്ന മഹാമഹം , ആഹാ എന്തൊരു വെറൈറ്റി ഐറ്റങ്ങൾ , എന്നോളവും എന്നിലധികവും വട്ടുള്ളവരെ ഇങ്ങനെ ഒന്നിച്ചു കിട്ടുന്നത് അപൂർവം. അതിപ്പോൾ ആറു വയസ്സുള്ള ഐറിൻ കുഞ്ഞു വാവയടക്കം, അറുപതു വയസുള്ള റഷീദ് ബായ്ക്ക് വരെ വൈബോഡ് വൈബ്.

വല്യ വല്യ MNC ടീമ്സ് അടക്കം എല്ലാവരും നല്ല തിരക്കുള്ളവർ, വന്നവരിൽ മജോറിറ്റിയും എന്റെ തഗ്ഗുകളുമായി ഒത്തു പോയി, ചിലർ ബലം പിടിച്ചു നിന്നെങ്കിലും എടുത്ത് മടക്കി ചുരുട്ടിയപ്പോൾ ഇത് പോലെ സ്നേഹള്ളവർ വേറെയില്ല.

പിന്നെ എടുത്തു പറയേണ്ടത് കോർഡിനേറ്റർ ജാസ്‍മിനെയാണ് , വട്ടുകൾക്കൊരു നേതാവ്, എന്ന് വെച്ച് കുട്ടിക്കളി കളിക്കുന്നത് കൊണ്ടോ , തഗ്ഗ് അടിക്കുന്നത് കൊണ്ടോ കുറച്ചു കാണേണ്ട , കിടു ബിസിനസ് വുമൺ, പോരാത്തതിന് വേണ്ട സമയത് വേണ്ട പോലെ ഗൗരവവും ഉണ്ട്. അത് കൊണ്ട് കളിച്ചാൽ കളി കാര്യമാകും .

ഗെയിമുകളും കഥ പറച്ചിലും കഴിഞ്ഞു ഫുഡ് കഴിച്ചു കഴിയുമ്പോഴക്കും ഞാൻ തണുത്ത് വിറയ്ക്കാൻ തുടങ്ങി, ഇംഗ്ലണ്ടിലും ഡെല്ഹിയിലും ജീവിച്ചിരുന്ന ഞാനാ എന്ന അഹങ്കാരത്തെ, എല്ലു കിടുക്കി വട്ടവടയിലെ തണുപ്പെടുത്തു കളഞ്ഞു. വിനീത വിധേയയായി കൂടുതൽ സ്വറ്റെർ ഇട്ട് ക്യാമ്പ് ഫയറിനെ പ്രണയിക്കുക എന്നതല്ലാതെ മാർഗ്ഗമുണ്ടായില്ല.

പാട്ടിന്റെ പാലാഴിയുമായി ഒരു ഗിറ്റാറും പിടിച്ചു വന്ന രഞ്ജിത്തിനെ കണ്ടപ്പോൾ തണുപ്പിനെ ഞാൻ വെറുത്തു പോയി.തണുപ്പ് കാരണം പുറത്തിരിക്കാനും പറ്റുന്നില്ലായിരുന്നു. ടീം കട്ടൻ കാപ്പി ഒരുക്കിയ ക്യാമ്പ് ഫയർ ചുവന്ന നാളങ്ങൾ വിടർത്തിയപ്പോൾ ഇത്തിരി സമാധാനം കിട്ടി. സുന്ദര ഗാനങ്ങൾ തീയ്യിന്റെ ചൂടിൽ കേട്ടിരിക്കുമ്പോൾ ഞാൻ ഏത് ലോകത്താണെന്നു യാതൊരു ഓർമ്മയും ഉണ്ടായിരുന്നില്ല. തണുപ്പ് കൂടി വരുന്നത് കൊണ്ട് തണുപ്പൊക്കെ പുല്ലായി ഇരിക്കുന്ന രെശ്മിക്കും ബാക്കിയുള്ളവർക്കൊക്കെയും ഒരു ലോഡ് പുച്ഛം വിതറി വുഡൻ ടെന്റിനുള്ളിൽ കയറി പറ്റി. ഉറങ്ങുമ്പോഴും നേർത്ത ശബ്ദത്തിൽ രഞ്ജിത്തിന്റെ പാട്ടും ഗിറ്റാറിന്റെ ബാക്ക്ഗ്രൗണ്ടും സ്വപ്നത്തിലെന്നവണ്ണം കേൾക്കാമായിരുന്നു, സ്വപ്നമേത് യാഥാർത്യമേതെന്നു തിരിച്ചറിയാതെ ചുണ്ടിലൊരു ചിരിയുമായി ബ്ലാങ്കറ്റിനുള്ളിൽ ചുരുണ്ടു കൂടി.

പിറ്റേ ദിവസം പാറയിൽ കല്ലുരക്കും പോലെയുള്ള ജാസ്മിന്റെ വിളികേട്ടുണരുമ്പോൾ സമയം അഞ്ചര, കോട എത്തി നോക്കി ഞങ്ങൾക്കടുത്തെത്തിരിക്കുന്നു. ചുറ്റുവട്ടം മുഴുവൻ ചെറു നനവുണ്ട്. ഉഷാറായി ഒരുങ്ങി നേരെ ജീപ്പിലേക്ക്, അങ്ങനെ വട്ടവടയിലുള്ള ചിലന്തിയാർ ഫോറസ്റ്റ് ഏരിയയിലേക്കാണ് ഞങ്ങൾ പോയത്. അയ്യപ്പൻ എന്ന ഞങ്ങളുടെ ഡ്രൈവർ രാവിലെ തന്നെ കുളിച്ചു കുറി തൊട്ട് വന്നു നില്പുണ്ടായിരുന്നു, അല്ലെങ്കിലും ഈ തണുപ്പൊന്നും വട്ടവടക്കാർക്ക് തണുപ്പല്ല. തട്ടുതട്ടായുള്ള കൃഷിയിടങ്ങൾ എല്ലാം പുക പോലെ കോട മൂടി കിടക്കുന്നുണ്ട്. വഴിയരികിലെ വ്യൂ പോയിന്റുകളിൽ പല വട്ടം നിർത്തി വട്ടവടയുടെ സൗന്ദര്യം നിറയെ കണ്ടു, കാട്ടു പൂക്കൾ പറിച്ചു ബൊക്കെ ഉണ്ടാക്കി മുൻപോട്ട് നടന്നു . ചിലന്തിയാർ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നീളെ ഓറഞ്ച് നിറത്തിൽ കാട്ട് ഓർക്കിഡുകൾ മോഹിപ്പിച്ചു പൂത്തിരിക്കുന്നു.

കല്ലും പാറയും ചവിട്ടി കാട്ടു പാതയിലൂടെ മുന്നോട്ട് കൂട്ടമായി നടന്നു, കല പില വർത്തമാനത്തിനിടക്ക് ഓരോരുത്തരുടെയും വിശേഷങ്ങൾ കെട്ടഴിഞ്ഞു. ചിലന്തിയാർ കാടിനകത്തുളള ഒരു ചെറിയ ഗുഹയിലൂടെ കയറി വേണമായിരുന്നു പോകാൻ , വലിയ പാറകൾക്കിടയിലൂടെ തുടക്കത്തിൽ വലുപ്പമുള്ള ഗുഹയാണെങ്കിലും അകലെ ഇരുട്ട് കാണുന്നത് കൊണ്ട് അവിടം ഇടുങ്ങിയാതായിരിക്കും എന്നൊരു ഊഹം കിട്ടി. പൊതുവെ അടഞ്ഞു കൂടിയ സ്ഥലങ്ങൾ കാണുമ്പോഴേ സ്ഥലം കാലിയാക്കുന്ന ഞാൻ കൂട്ടുകാരുടെ ബലത്തിൽ അകത്തേക്ക് നടന്നു. അരുൺ തെളിയിച്ച മൊബൈൽ വെളിച്ചത്തിൽ നടന്നു ഉള്ളിലേക്ക് കയറും തോറും ഒരാൾക്ക് കഷ്ടിച്ച് കയറാം എന്നായി. ഉള്ളിൽ ഒരു ശ്വാസം മുട്ടൽ ഉണരുന്നുണ്ടായിരുന്നു. 'വക്കീൽ ധൈര്യമായിട്ട് കയറെന്നേ' എന്ന് പ്രോത്സാഹിപ്പിച്ച് കൂടെയുള്ളവർ ധൈര്യം തന്നു. തല മുകളിൽ ഇടിക്കാതെ പതുക്കെ ഉരുളൻ പാറകളിൽ പിടിച്ചു മുന്നോട്ട് കയറി, മുകളിൽ വെളിച്ചം കാണാനുണ്ടായിരുന്നു. കൂട്ടത്തിലൊരാൾ പുറത്തു നിന്ന് കൈ നീട്ടുന്നുണ്ടായിരുന്നു . അവന്റെ കൈപിടിച്ച് ഗുഹയിൽ നിന്ന് ഞാൻ പൊങ്ങി വരുമ്പോൾ 'സുഭാസേ' വിളികൾ കൊണ്ട് കാട് മുഖരിതമായി, അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു ഗുഹ നൂണ്ടു കയറി ഇറങ്ങിയിരിക്കുന്നു, കൂടെയുള്ളവരുടെ സ്നേഹം കൊണ്ട് മാത്രമാണ് അത് സാധ്യമായത്.

വലിയ പാറകൾക്കിടയിലൂടെ ഒഴുകുന്ന അരുവിയും കടന്നു, വലിയ കയറ്റങ്ങൾ കയറി വീണ്ടും വന്ന വഴിയിൽ എത്തുമ്പോഴേക്കും ഒരാനയെ തിന്നാനുള്ള വിശപ്പുണ്ടായിരുന്നു. കൈനിറയെ കാട്ടുപ്പൂവും ശേഖരിച്ച് കൂട്ടത്തിലെ ഫോട്ടോഗ്രാഫർമാർക്ക് പോസു ചെയ്തു ക്ഷീണിച്ചു വരുമ്പോൾ , കാട്ട് ഓർക്കിഡ് കയ്യിൽ പിടിച്ചു സിന്ധു കൊച്ച് സന്തോഷപൂർവം വരുന്നുണ്ടായിരുന്നു, ഭർത്താവ് മരിച്ചു 5 വര്ഷങ്ങള്ക്ക് ശേഷം ആദ്യമായി പുറത്തിറങ്ങിയ അവളുടെ സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു, ആ കാട്ട് ഓർക്കിഡ്‌പൂവിനേക്കാൾ ശോഭ അവളുടെ ചിരിക്കുണ്ടായിരുന്നു.

ജീപ്പിൽ കയറിയപ്പോൾ രശ്മി മിണ്ടാട്ടമില്ലാതെ ഇരിക്കുകയാണ്, കാരണം ജീവിതത്തിൽ ആദ്യമായി വലിയ പാറകൾ താണ്ടി ട്രെക്കിങ്ങ് നടത്തിയതിന്റെ ആനന്ദം എങ്ങാനും മിണ്ടിയാൽ തലയിൽ നിന്ന് പോകുമോ എന്ന് ഭയന്നാണ് ഇരിപ്പ്, ഞാൻ ഒന്നും ചോദിയ്ക്കാൻ പോയില്ല, കാരണം ആ മുഖം കണ്ടാലറിയാം എന്ത് സ്നേഹത്തിലാണ് ഇരിക്കുന്നതെന്ന്, കൂടെയുള്ള ആ അവതാരങ്ങൾ ഇല്ലായിരുന്നു, അവരുടെ കരുതൽ ഇല്ലെങ്കിൽ രശ്മി അത് പാതി വഴിക്ക് നിർത്തിയേനെ .

വട്ടവട അതിന്റെ മാജിക്ക് മുഴുവൻ കാണിച്ചു ഞങ്ങൾക്ക് മുൻപിൽ വിടർന്നു ചിരിച്ചു, മധുരമുള്ള സ്ട്രോബറി പോലെ മധുരിച്ചു, സ്നേഹിച്ചു . നോക്കെത്താ ദൂരം കിടക്കുന്ന സ്ട്രോബറി ഫാമുകളിൽ കള്ളികളായ കുഞ്ഞി കിളികൾ ആളുകളെ പറ്റിച്ച് സ്ട്രോബറി കഴിക്കുന്നുണ്ടായിരുന്നു. ഒപ്പം ഞങ്ങളും കൂടെ ഇറങ്ങി കഴിക്കാൻ തുടങ്ങി. സ്ട്രോബറിക്കൊക്കെ ഇത്ര രുചിയുണ്ടോ എന്ന് അത്ഭുതപ്പെട്ടു.

തണുപ്പ് ഇത്തിരി കുറഞ്ഞിട്ടുണ്ടായിരുന്നു, വട്ടവട വ്യൂ പോയിന്റിൽ നിൽകുമ്പോൾ ചെറു ചൂട് എത്തി നോക്കി,നല്ല ചൂടിൽ ഒരു ചായയും പഴുത്ത പഴം കൊണ്ടുള്ള ചിപ്സും കഴിച്ചു വീണ്ടും ടെന്റിലേക്ക്..

കുളിയും കഴിഞ്ഞു എന്നും കഴിക്കുന്നതിൽ കൂടുതൽ ഭക്ഷണവും കഴിച്ചു എല്ലാവരും വീണ്ടും കൂട്ടം കൂടിയുരുന്നു കഥ പറച്ചിൽ ആരംഭിച്ചു , ഇത്രയും സ്നേഹത്തോടെയും കരുതലോടെയും ഒരുമിച്ചുള്ള ഈ യാത്ര അവസാനിക്കാനായി എന്നത് വിശ്വാസം വരുന്നുണ്ടായിരുന്നില്ല , അതിമനോഹരമായെതെന്തും ഇത്തിരിയെ ലഭിക്കൂ എന്നത് ലോകതത്വമാണ്, അത് കൊണ്ട് അത് എന്നും അമൃത് പോലെ അമൂല്യവുമായിരിക്കും, ആ കേട്ടതെല്ലാം ഇപ്പോൾ തിരിച്ചറിയുന്നുണ്ട് . തിരിച്ചു പോകുമ്പോൾ തലയിലേറ്റി വന്ന ഒരു തിരക്കുകളോ ടെൻഷനുകളോ ഇല്ലായിരുന്നു പകരം അതിനെക്കൽ ഭാരമേറിയ മൂല്യമേറിയ കുറെ ഹൃദയങ്ങളെയാണ് ഞങ്ങൾ പരസ്പരം ഏറ്റി കൊണ്ട് പോകുന്നത്.

കൊണ്ട് പോയ ചെറിയ സമ്മാനം നറുക്കിട്ടെടുത്തു കിട്ടിയ കൂട്ടുകാർക്ക് കൈമാറുമ്പോഴേ സന്തോഷം കൊണ്ടുള്ള കണ്ണീർ ഉള്ളിൽ പെയ്യുന്നുണ്ടായിരുന്നു.

തുടർന്നുള്ള ജാസ്മിന്റെ യാത്ര പറച്ചിൽ ഒരു ധ്യാനം പോലെ എല്ലാവരും കണ്ണടച്ചു നിന്ന് കേട്ടു പിന്നെയെല്ലാവരും ചേർന്ന് നിന്ന് പരസ്പരം പുണർന്നു, ആ തുറന്ന ഹാളിൽ പലതരത്തിലുള്ള ഉമ്മകളും കെട്ടിപിടുത്തങ്ങളും കണ്ണീരും കൂടെ കലർന്നു. മനസ്സിൽ നന്ദിയുടെ കൊടും പച്ചപ്പ് വട്ടവട പോലെ തന്നെ തഴുത്തു നിബിഢമായി, കിട്ടിയ ഈ സ്നേഹത്തിന് , അനുഭവിച്ച സന്തോഷത്തിനു കട്ടൻ കാപ്പി ടീമിനോട് കടപ്പെട്ടിരിക്കുന്നു.

ഖലീൽ ജിബ്രാനെ കടമെടുത്ത് പറയട്ടെ 'നിങ്ങള്‍ സ്നേഹത്തിലായിരിക്കുമ്പോള്‍ ദൈവം എന്റെ ഹൃദയത്തിലാണെന്ന് പറയാതിരിക്കുക. മറിച്ച്, ഞാന്‍ ദൈവഹൃദയത്തിലാണെന്ന് പറയുക ' അതെ ഞങ്ങൾ ഓരോരുത്തരും കഴിഞ്ഞ ജന്മത്തിൽ കണ്ടു മുട്ടി പിരിഞ്ഞു വീണ്ടും ചേർന്നവരാകുന്നു, ഞങ്ങൾ എല്ലാവരും ദൈവത്തിന്റെ ഹൃദയത്തിൽ തന്നെയാണ്.

Wednesday, 18 February 2026

എന്റെ കരിമ്പിൻ തുണ്ടുകൾ


 

ഒരു സ്ഥലത്തിന് ചന്തം കൂടുന്നത് എപ്പോഴാണെന്ന് അറിയാമോ? 

കരിമ്പിൻ തുണ്ട് പോലുള്ള നല്ല സ്നേഹള്ളവർ  അവിടെ നമുക്കായി ഉണ്ടാകുമ്പോഴാ..

അല്ലാതെ നല്ല  സ്ഥലങ്ങളോ ബിനാലെയോ ഉള്ളത് കൊണ്ടല്ല ന്നേ 💜

ജീവിതം എന്തൊരു സ്നേഹഭരിതമെന്ന് ഞാൻ ഓർക്കാറുണ്ട്. ഒരിക്കൽ കൊച്ചി വേദനിപ്പിക്കുന്ന ഓർമ്മയായിരുന്നെങ്കിൽ ഇന്നത് കുറെ നല്ല മനുഷ്യർ കാരണം  സ്നേഹം മാത്രമാകുന്നുണ്ട്. 💜

അല്ലെങ്കിൽ തന്നെ മട്ടാഞ്ചേരി വാട്ടർ മെട്രോയിൽ നല്ല ചന്തമുള്ള കമ്മലിട്ട് ചിന്തകളിൽ മുഴുകി ഇരിക്കുന്ന പെണ്ണൊരുത്തിയോട്  നൈസ് ഇയറിംഗ്സ്  എന്ന് പറഞ്ഞു നോക്കിയപ്പോൾ പത്തു പതിനാലു വർഷമായി online ൽ അറിയുന്ന കൂട്ടുകാരി തന്നെയായി മാറുന്ന മാജിക് അതെങ്ങനെ വിശദീകരിക്കും..  ഞെട്ടൽ മാറാതെയുള്ള ആ കെട്ടിപ്പിടുത്തം കൊണ്ട്, ആ നിമിഷത്തിൽ കൊച്ചി മുഴുവൻ വസന്തം വിരുന്നു വന്നു കാണും ഉറപ്പ്...💜💜

IFFK യിൽ വെച്ച് ആദ്യമായി കണ്ട ഒരു ചങ്കിന്റ സുഹൃത്തുക്കൾ എന്റേതായി മാറി അവർക്കൊപ്പം ബിനാലെയിൽ കറങ്ങി, പിന്നെ നേരത്തിനു പോകാൻ മറന്നു വണ്ടി കിട്ടാതെയുള്ള ഓട്ടവും അവരുടെ കരുതലും എങ്ങനെ വിശദീകരിക്കും..💜💜

ഹെൽമെറ്റ് ഒന്നും വെക്കാനില്ലാതെ പോലീസിന്റെ കണ്ണ് വെട്ടിച്ചു  വണ്ടിയിൽ പറന്ന ജേർണലിസ്റ്റും  വക്കീലും, അവൾ തന്നെ തന്ന ലഹരിയ സാരി പോലെ കാറ്റത്ത് പറന്നതിന്റെ രസം അങ്ങനെ വിശദീകരിക്കും. 💜💜

Jew town  ലെ സകല ആന്റിക്ക് ഷോപ്പും നിരങ്ങി, അതിലെ കൃഷ്ണവിഗ്രഹത്തിന് ഉമ്മ കൊടുത്തതിനു കുത്തു വെച്ച് തന്ന കൂട്ടുകാരിയുടെ കുറുമ്പ് എങ്ങനെ വിശദീകരിക്കും..💜💜

 (മൂപ്പരുടെ പതിനായിരത്തെണ്ണത്തിൽ ഞാൻ ഉണ്ടായിരുന്നില്ലല്ലോ, അതുകൊണ്ട് വ്യത്യസ്തമായ ഒരു ഉമ്മ ഇരിക്കട്ടെ എന്നും പറഞ്ഞു കൊടുത്തയുമ്മയാണ് )

അവൾക്കും എനിക്കും ജലം തന്ന അനാദിയായ ആനന്ദത്തെ കുറിച്ച്, ശാന്തിയെ കുറിച്ച് വിശദീകരിക്കാൻ വാക്കുകളില്ല. 💜💜

അല്ലെങ്കിലും സ്നേഹം കൊണ്ട്, സൗഹൃദം കൊണ്ട്, എന്നോളം ഇത്ര മാത്രം അനുഗ്രഹിക്കപ്പെട്ടിട്ടുള്ള ആരുണ്ട് ഭൂമിയിൽ.💜💜💜

കൊച്ചി  പണ്ടത്തെക്കാൾ മദാലാസയായിട്ടുണ്ട് എന്ന് കൂടെ പറയട്ടെ..

സ്നേഹം നിറഞ്ഞ ദിനങ്ങളെ ഞാൻ ഇതാ ഇവിടെയും അടയാളപ്പെടുത്തി വെക്കുന്നു.

Saturday, 14 February 2026

ഉപകാരസ്മരണ



എഴുത്തുകാർ സാമൂഹ്യ പ്രതിബദ്ധത ഉള്ളവർ ആയിരിക്കണോ?
 ആയിരിക്കുന്നതാണ് എനിക്കിഷ്ടം,
കാരണം സർഗ്ഗശക്തി അത്ര ശക്തമായ ഒരു  ആയുധം തന്നെയാണ്.. അത് വെച്ച് കുത്തിയോ വെട്ടിയോ കൊല്ലാം.. അത് പോലെ തൂവൽ സ്പർശം പോലെയോ,  ഒരു അപ്പൂപ്പൻ താടി പറന്ന് നിലത്തിറങ്ങും പോലെ  സ്നേഹിക്കുകയോ  ചെയ്യാം. സാധാരണമല്ലാത്ത കാര്യങ്ങളെ സർവ്വസാധാരണവുമാക്കാം, അങ്ങനെയങ്ങിനെ അതിന്റെ കഴിവുകൾ കണക്കുകൂട്ടാനാവാത്തതാണ്. 

ഉദാഹരണത്തിനു ഞാനൊരു കഥ പറയാം..പണ്ട് വളരെ പണ്ടാണ് മനുഷ്യനെ ശ്വാസംമുട്ടിക്കുന്ന തരത്തിൽ സ്നേഹം കാണിക്കുന്ന ഒരാളുമായി അടുപ്പത്തിലാകുന്നത്.  പ്രണയം എന്നുപോലും വിളിക്കാനാകാത്ത എന്തോ ഒന്ന്.. മറ്റുള്ളവർക്ക് കണ്ടാൽ മനസ്സിലാകാത്ത തരത്തിലുള്ള ഒരു ഭാരം അയാളുടെ 
 പെരുമാറ്റത്തിൽ ഉടനീളം ഉണ്ടായിരുന്നു.

 ഇണയാകേണ്ടവളെ ശരിയാക്കി എടുക്കാനുള്ള  മഹാ ത്യാഗമായിരുന്നു അയാൾക്ക് വിവാഹം. ആദ്യം തോന്നിയ അടുപ്പം തുടർച്ചയായ ഉപദേശത്താലും കളിയാക്കലിലും എപ്പോഴേ കെട്ടു പോയിരുന്നു. 
 
,എന്തുകൊണ്ടായിരിക്കാം എല്ലാവർക്കും വളരെ സാധാരണമായി തോന്നുന്ന ഈ പല കാര്യങ്ങളും  സഹിക്കാൻ ആകാത്തത് എന്നതായിരുന്നു മനസ്സ്  ചോദിച്ചിരുന്നത്.  എന്റെ ജീവിത പരിസരങ്ങളിലെ സാധാരണ ആണുങ്ങൾ കാണിക്കുന്നതൊക്കെ തന്നെയായിരുന്നു അയാളും കാണിച്ചിരുന്നത്. പക്ഷേ ഒട്ടും സഹിക്കാനാവാത്തതും ആയിരുന്നു!

 എങ്ങനെ പറഞ്ഞു ഒഴിവാക്കാൻ ശ്രമിച്ചാലും അവസാനം എല്ലാം ശരിയാകും ഒന്ന് കല്യാണം കഴിച്ചാൽ മതി  എന്നായിരുന്നു അതിനു മറുപടി കിട്ടിയിരുന്നത്.  ഊരി പോരാൻ സമ്മതിക്കാതെ, ചൂണ്ടയിൽ എന്നോണം കുടുക്കി  നിർത്താൻ അതീവ മിടുക്കനായിരുന്നു.

 ഇതെല്ലാം തോന്നുന്നത് എന്റെ മാത്രം കുഴപ്പമാണ് എന്ന് പറഞ്ഞു  മറ്റു സ്ത്രീകളുമായി ഉള്ള താരതമ്യ പഠനം വേറെയും പതിവാണ്. അങ്ങനെ  അങ്ങേയറ്റം കൺഫ്യൂഷനിലേക്ക് എന്നെ വിടുന്നതും സർവ്വസാധാരണമായിരുന്നു. എന്തായാലും എന്നെ നന്നാക്കി എടുക്കേണ്ടത് അയാളുടെയും ഈ സമൂഹത്തിന്റെയും വലിയ ഉത്തരവാദിത്തമായിരുന്നു. 

 അങ്ങനെയിരിക്കെ  തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് ഞാൻ റെയിൽവേ സ്റ്റേഷനിലെ ബുക്ക് സ്റ്റോറിൽ നിന്ന് സന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറുകഥാസമാഹാരം വാങ്ങിക്കുന്നത്. ആലുവ അടുത്തെത്താൻ ആയപ്പോഴാണ് ആ കഥ ഞാൻ വായിച്ചു തുടങ്ങുന്നത്.  അന്ധൻ ആയിട്ടുള്ള ഒരാളും അയാളുടെ മകനും ട്രെയിനിലൂടെ യാത്ര ചെയ്യുന്നതും അത് നോക്കിയിരിക്കുന്ന പ്രണയ ജോഡിയെയുമാണ് ആ കഥയിൽ വിവരിക്കുന്നത്. 
 അതിലെ പുരുഷനാകട്ടെ ഇയാൾ കാണിക്കുന്നതുപോലെയുള്ള എല്ലാ സ്വഭാവസവിശേഷതകളും ഇണയായ പെൺകുട്ടിയോട്   കാണിക്കുന്നുണ്ട്. കഥയിലെ പെൺകുട്ടിയും   കൺഫ്യൂഷനിലാണ്, ശരിയും തെറ്റും ഏതെന്ന് സ്വയം തിരിച്ചറിയാനുള്ള കഴിവിനെ അടിച്ചമർത്തി അയാൾ അയാളുടെ അഭിപ്രായങ്ങൾ  പതുക്കെ അവളിലേക്ക്  സന്നിവേശിപ്പിക്കുന്നുണ്ടായിരുന്നു, ആദ്യമൊന്നും അവൾക്ക് പോലും മനസ്സിലാകാത്ത രീതിയിൽ  തന്നെയായിരുന്നു അതും. 

  ഒടുവിൽ ഈ കഥയിലൂടെ അയാൾ കാണിക്കുന്നത് ശരിയല്ലെന്നും അത് ആ പെൺകുട്ടിയെ ശ്വാസംമുട്ടിക്കുന്നതാണെന്നും ജീവിതത്തിൽ ഒരിക്കലും അയാൾക്കൊപ്പമുള്ള ജീവിതം സമാധാനം തരില്ലെന്നു പെൺകുട്ടി മനസ്സിലാക്കി അയാളിൽനിന്ന് ഇറങ്ങി പോകുന്നിടത്താണ് കഥ അവസാനിക്കുന്നത്.  

 കഥ വായിച്ചു നിർത്തുമ്പോൾ ട്രെയിൻ ആലുവ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരിക്കുകയിരുന്നു.  തിരുവനന്തപുരത്തേക്ക് പോകാനുള്ള ഞാൻ ധൃതിപിടിച്ച് ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി,  കോയിൻ ബോക്സ്‌ ടെലഫോൺ ബൂത്തിൽ കയറി  അയാളെ വിളിച്ചു
 അത്രനാളും പിടിച്ചുവെച്ചിരുന്ന എല്ലാ അസഹ്യതയും,  ആ നിമിഷം ഒന്നും ഓർക്കാതെ ധൈര്യത്തിൽ അയാളോട് വിളിച്ചുപറഞ്ഞു. ഇനിമേലിൽ എന്നെ ശല്യം ചെയ്യുകയും അരുത് എന്ന് അവസാന താക്കീതും കൊടുത്ത് നിർത്തി. അയാൾക്ക് മറുപടി പറയാൻ പോലും അവസരം കൊടുത്തില്ല. കാരണം യുദ്ധം ചെയ്ത് നേടിയ ഈ ജീവിതം ആർക്കും പണയം വെക്കാനുള്ളതല്ലെന്ന് ആ സമയം കൊണ്ട് ആ എഴുത്തുകാരൻ എന്നെ ഓർമിപ്പിച്ചു കഴിഞ്ഞിരുന്നു. 

 അന്ന് പുസ്തകം വായിച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ വിവാഹം കഴിച്ച ശേഷം ആയിരിക്കും  വഴക്കായി ഒരു വിവാഹമോചനത്തിലോ കൊലപാതകത്തിലോ ഒക്കെ എത്തുക. 

 ജീവിതത്തിനെ അത്തരം വലിയ ചുഴികളിൽ പെടുത്താതെ ഒരു നിമിഷത്തെ ഓർമ്മപ്പെടുത്തലിലൂടെ എന്തുവേണമെന്ന്  എഴുത്തുകാരൻ കാണിച്ചുതന്ന വഴി തന്നെയായിരുന്നു ആ കഥ.
 അതിനുശേഷം ഞാൻ എത്ര ലോകം കണ്ടു, യാത്രകൾ ചെയ്തു, പുസ്തകം എഴുതി നിരവധി സൗഹൃദത്തിലൂടെ തോണി തുഴഞ്ഞു, സ്നേഹത്താൽ ഹൃദയം നിറഞ്ഞു , എന്നെക്കാൾ എന്നെ മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്തി, മനോഹരങ്ങളായ നിരവധി അനുഭവങ്ങളിലൂടെയാണ് ജീവിതം പിന്നെ നടന്നു പോയത്. 

  ഏതൊരു പുതിയ കാര്യം ചെയ്യാൻ ഇറങ്ങുമ്പോഴും സന്തോഷ് എച്ചിക്കാനത്തെ  സ്നേഹപൂർവ്വം ഓർക്കും സത്യത്തിലാക്കഥയുടെ പേരൊന്നും എനിക്ക് ഓർമ്മയില്ലെങ്കിലും,  അന്ന്  സന്തോഷ് ആ കഥയിലൂടെ കാണിച്ചുതന്ന വിഷലിപ്തത എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമെടുക്കുന്നതിന് പ്രചോദനമായി. 

 കാ ഫെസ്റ്റിവലിലെ ഒരു സെഷനിൽ വച്ച്, ഞാൻ സന്തോഷിനെ കാണുകയും പരസ്യമായി അത് നന്ദി പറയുകയും ചെയ്തിരുന്നു. 

 പിന്നെ സ്നേഹപൂർവ്വം ചോദിച്ചു വാങ്ങിയ ഒരു ഫോട്ടോ കൂടെയുണ്ട്,  അടുത്തുതന്നെ ഞാനത് ഫ്രെയിം ചെയ്ത് മുറിയിൽ തൂക്കും ഉപകാരസ്മരണയ്ക്ക്. 💜

Monday, 26 January 2026

വന്യം മനോഹരം

 


 പതിനാറു വർഷങ്ങൾക്ക് മുൻപ് മാത്യൂസ് ഒരു സ്കോളർ പ്രോഗാം നടത്തിയിരുന്നു. ഇവിടെയല്ല ഇന്ത്യയുടെ വടക്കേ അറ്റത്ത് ജോദ്പൂരിൽ ആയിരുന്നു അത് നടത്തിയത്.വിവിധ രാജ്യങ്ങളിൽ നിന്നുള്ള 18 പേരുടെ കൂട്ടം വന്നു, ഒരു മാസം രാജസ്ഥാനിലെ കടുത്ത സൂര്യനു കീഴിൽ ഒരുമിച്ച് പഠിച്ചു, ദിവസങ്ങൾ പങ്കിട്ടു, പിന്നെ കാലം ഞങ്ങളെ എല്ലാവരെയും ലോകത്തിന്റെ പല കോണുകളിലേക്കായി പിരിച്ചു വിട്ടു. 


16 കൊല്ലം കടന്നു പോയി, പല നാടുകളിൽ ജീവിച്ചും അറിഞ്ഞും തിരിച്ച്, കേരളത്തിന്റെ മണ്ണിലേക്ക്, തിരുവനന്തപുരത്തേക്ക് ഞങ്ങൾ തിരിച്ചെത്തി. 


ഈയിടെയാണ് മാത്യൂസിന് സ്‌കൂബ ഡൈവിങ്ങിനു പോകാൻ മോഹമുദിച്ചത്.

അങ്ങനെ ദിനേന കോവളത്തേക്ക് ഡ്രൈവിങ് പഠിക്കാനായി പോകാൻ തുടങ്ങി. ഡൈവിങ് പഠിപ്പിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഒരു ജീപ്പിലാണ് ഏകദേശം 600 മീറ്ററോളം ദൂരെയുള്ള കടലിലേക്ക് യാത്ര തിരിക്കാറുള്ളത്. 


രണ്ട് ദിവസം മുൻപ് മാത്യൂസ് ആ വണ്ടിയിൽ ഇരിക്കുമ്പോൾ ഒരാൾ കൂടെ വന്നു കയറി. ആ സാധാരണ നിമിഷത്തിൽ ലോകം ഒരു അസാധാരണ പ്രവർത്തി നടത്തി. പതിനാറ് വർഷവും ഭൂഖണ്ഡങ്ങളും വേർതിരിച്ച രണ്ട് ജീവിതങ്ങളെ ഒരേ നിമിഷത്തിൽ നേർക്കുനേർ നിർത്തി. അന്നത്തെ സ്ക്കോളർ പ്രോഗ്രാമിൽ പങ്കെടുത്ത ഡെന്മാർക്ക്കാരിയായ സിലി ആയിരുന്നു ആ വാഹനത്തിൽ മാത്യൂസിനൊപ്പം കയറിയത്. തികച്ചും വന്യമായ, ഞെട്ടിപ്പിച്ച കണ്ടുമുട്ടൽ ആയി മാറി അത്.


സിലിക്ക് ഇന്ത്യയിൽ അറിയുന്നത് ആകെ മൂന്ന് പേരെ ആണ് താനും. അതിൽ ഒരാളെ കണ്ടെത്തിയ ഞെട്ടൽ ഇപ്പോഴും വിട്ടിട്ടില്ല, ഞങ്ങൾക്കും. പോരാത്തതിന് വർക്കലയിൽ താമസിക്കുന്ന സിലി ഒരേ ഒരു ദിവസത്തിന് വേണ്ടി മാത്രമാണ് അന്ന് കോവളത്ത് വന്നതും...


നേരെ വീട്ടിലെത്തിയ സിലി അന്ന് മുഴുവൻ ഞങ്ങൾക്കൊപ്പം കൂടി. പക്കാ സൗത്ത് ഇന്ത്യൻ ഭക്ഷണം കഴിച്ചു എരിഞ്ഞു രസിച്ചു. ചെടികൾ അകത്തേക്ക് തലയിട്ട് നോക്കുന്ന ഞങ്ങളുടെ വീട് സിലിക്ക് ഏറെ ഇഷ്ടമായി.


ഇത്രയും വലുതായ ലോകം, പെട്ടെന്ന് ചുരുങ്ങി, ചില ബന്ധങ്ങൾ ഒരിക്കലും അപ്രത്യക്ഷമാകില്ലെന്ന് ഓർമ്മിപ്പിക്കാൻ. അവ വരണ്ട മണ്ണിൽ ഉറങ്ങുന്ന വിത്തുകളെ പോലെ, ശരിയായ ഒരു മഴ കാത്തിരിക്കുകയായിരുന്നു. ലോകം എത്ര വലിയതായാലും, വീണ്ടും കണ്ടുമുട്ടാൻ വിധിയുള്ളതെന്തെങ്കിലും ഉണ്ടെങ്കിൽ, അത് മരുഭൂമികളിലൂടെ, വർഷങ്ങളിലൂടെ, സമുദ്രങ്ങളിലൂടെ കടന്ന്, ഒടുവിൽ ഒരേ ശ്വാസത്തിലേക്കും ഒരേ നിമിഷത്തിലേക്കും തിരിച്ചെത്തും.

Sixteen years ago, Mathews conducted a scholar program, not here, but at the northern edge of India, in Jodhpur. Eighteen people from different countries came together, studied side by side under the fierce Rajasthani sun for a month, shared their days, and then time gently scattered all of us to different corners of the world.


Sixteen years passed. Living in many lands, learning, returning, eventually, we found our way back to the soil of Kerala, to Thiruvananthapuram.


Recently, Mathews developed a desire to go scuba diving. So he began driving daily to Kovalam for training. From the diving institute, they usually travel in a jeep for about 600 meters into the sea.


Two days ago, as Mathews sat in that vehicle, someone else climbed in. In that ordinary moment, the world performed something extraordinary. Two lives separated by sixteen years and entire continents were placed face to face in a single instant. It was Celie, a woman from Denmark who had participated in that very scholar program all those years ago, who sat beside Mathews in that jeep. What followed was a wild, startling encounter.


Sili knows only three people in India in total. The shock of finding one of them like this still hasn’t left her, or us. And as if that weren’t enough, Celie, who is currently staying in Varkala, had come to Kovalam that day for just a single day.


Celie came straight to our home and spent the entire day with us. She ate proper South Indian food, delighted in the spice, and enjoyed every bite. She especially loved our house, where plants lean in through the windows as if peering inside.


Such a vast world, suddenly made small, to remind us that some connections never truly disappear. They are like seeds sleeping beneath dry soil, waiting patiently for the right rain. No matter how large the world may be, if something is destined to meet again, it will travel across deserts, years, and oceans, and finally return to the same breath, to the same moment.

Wednesday, 21 January 2026

ഒരു എമണ്ടൻ കഥ

 




മനുഷ്യരിൽ ഉള്ള വിശ്വാസം കുറഞ്ഞു വരുന്നതിനെ കുറിച്ചുള്ള ഒരു ചർച്ചയിൽ ചില സുഹൃത്തുക്കൾ പറയുന്നുണ്ടായിരുന്നു, എനിക്ക് മനുഷ്യരിലുള്ള വിശ്വാസം നഷ്ടപെടാത്തത് എനിക്ക് കടുപ്പമുള്ള ചതികൾ കിട്ടാത്തത് കൊണ്ടാണെന്ന്. സത്യം പറയാലോ ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്, 30 വര്ഷം പഴക്കമുള്ള ചില ബന്ധങ്ങൾ വരെ, പെട്ടെന്ന് ഒരു രാത്രി കൊണ്ട് മറ്റൊരു മുഖം കാണിക്കുന്നത് കണ്ട് ശ്വാസം നിലച്ച പോലെ നിന്നിട്ടുണ്ട്. സ്വന്തമെന്ന് വിശ്വസിച്ചിരുന്നവർ പുറകിൽ മറ്റൊരു കഥ പറയുന്നതറിയാതെ, സ്വന്തം പ്രൊഫഷൻ പോലും പോകുന്ന രീതിയിലുള്ള റിസ്ക്ക് ഏറ്റെടുത്തിട്ടുണ്ട്. പിന്നീടതറിഞ്ഞു കരയുന്നതെങ്ങനെയെന്ന് പോലും മറന്നു നിന്നിട്ടുണ്ട്. പുതിയ ആൾക്കാരോട് അടുക്കാൻ സാധിക്കാത്ത വിധം തല പണി തരാറുണ്ട്. ഞാൻ മുഴുതെറ്റാണെന്നു തോന്നിപ്പിക്കുന്ന, അത് തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ മാനിപുലേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ആ മുറിവുകളിൽ നിന്ന് , ആ ട്രോമകളിൽ നിന്ന് പുറത്തു കടക്കാൻ വല്ലാത്ത കഠിനാദ്ധ്വാനം ഞാൻ നടത്താറുണ്ട്. തലയെ പറഞ്ഞു മനസ്സിലാക്കി, ബന്ധങ്ങളിൽ വീണ്ടും വിശ്വസിച്ചു, എന്നെ മുന്നോട്ട് നടത്താൻ ഇടുന്ന മാനസികവ്യായാമം നിരവധിയുമാണ്. മെന്റൽ ഹെൽത്ത് നന്നായി ശ്രദ്ധിച്ചും, mindfulness ദിനേന ചെയ്തും ആണ് മുന്നോട്ട് പോകുന്നത്.


ഈയടുത്ത് തകർത്തു കളഞ്ഞ  കഥ പറയാം.

വളരെ പ്രഷ്യസ് ആണെന്ന് ഞാൻ വിചാരിച്ചിരുന്ന ഒരു ചങ്ക് ഉണ്ടായിരുന്നു.. ആൾ അത്യാവശ്യം നല്ലൊരു കൊക്ക ര കോ ആണെന്ന് എനിക്കറിയാം. എങ്കിലും കൺസന്റില്ലാതെ ആരെയും വേട്ടയാടുന്ന ടൈപ്പ് അല്ലെന്നും ഞാൻ കണ്ടിട്ടുണ്ട്. അവനൊരു ദീർഘകാല പ്രണയം ഉള്ളതും എനിക്കറിയാം, പ്രണയിനി ആരെന്ന് കൃത്യത ഇല്ലായിരുന്നു എന്ന് മാത്രം.  എന്നിട്ടും  പ്രണയം എന്തെന്നറിഞ്ഞിട്ടില്ല എന്നൊക്കെ വെച്ച് കീച്ചാറുമുണ്ട്.  നുണ പറയുന്നവരെ പൊതുവെ ഞാൻ തിരുത്താറില്ല, പകരം സത്യം കേൾക്കുന്ന രീതിയിൽ, ആ നുണ കേട്ടിരുന്നു ആസ്വദിക്കാറുണ്ട്. 

ഒരു ദിവസം മറ്റൊരാൾ എന്നെ പരിചയപ്പെട്ടു അതൊരു പെണ്ണാണ്, രണ്ടുമാസത്തോളം അവൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നത് അവളെ ചതിച്ച ഒരാളെ കുറിച്ചായിരുന്നു. അയാൾ മൂന്നുമാസം കൂടുന്തോറും ഓരോ പെണ്ണിനെ ഉപയോഗിച്ച് കളയുന്ന ഒരു sexual predator ആണെന്നും, അവർക്കിടയിൽ നടന്നിരിക്കുന്ന 'എല്ലാ കാര്യങ്ങളും' എന്നോട് ഷെയർ ചെയ്യുകയും ചെയ്തു. അവൻ അവൾക്ക് ഫാദർ ഫിഗർ ആയിരുന്നുവത്രെ., മാത്രമല്ല അവനുമായുള്ള ബന്ധത്തിന് ശേഷം അവൻ ഇട്ടിട്ട് പോയപ്പോൾ അവൾ asexual ആയി മാറി പോയി എന്നും പറയുകയുണ്ടായി. പ്രതി മറ്റാരുമല്ല എന്റെ ആ പ്രഷ്യസ് ചങ്ക് ആയിരുന്നു.


സത്യം പറഞ്ഞാൽ തലയ്ക്ക് അടികിട്ടിയ പോലെ തോന്നി,  അവരുടെ നിലവിളിയും കരച്ചിലും വിഷമവും കേട്ട് അവളെ അങ്ങനെ ആക്കി മാറ്റിയ, സ്വന്തം കാമുകിയെ ചതിച്ച ആ കൊക്ക രക്കോയോട്, കനത്ത ദേഷ്യം വരികയും ചെയ്തു അയാളെയും അയാളുടെ ഏഴു തലമുറയെയും ചീത്ത പറഞ്ഞു അവളെ ആശ്വസിപ്പിക്കൽ തുടർന്നിരുന്നു. അയാളെ പോലെ ഒരാൾ നിന്നെ അർഹിക്കുന്നില്ല, നീ നല്ലൊരു ഹൃദയത്തിനു ഉടമയാണ്, അവനു സീരിയസ് ആയി മറ്റൊരു സ്ത്രീ ഉണ്ടെന്നും, അവൻ ഒരു കോ ക്ക ര ക്കോ ആണെന്നും ഒക്കെ ഞാൻ പറയുന്നുണ്ട്.

അവനോടത് ഞാൻ ചോദിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ, അത് ചോദിക്കരുത് അവൾ മൂവ് ഓൺ ആയി എന്നും പറഞ്ഞു എന്റടുത്ത് നിന്നും  വാക്ക് മേടിച്ചു. sexual predators , pedophiles എന്നിവരോട് ഞാൻ ഒരു കാലത്തും കൂട്ടാകില്ല. അത് സത്യമല്ലെന്ന് തെളിയും വരെ, അതെത്ര സ്നേഹമുള്ളവർ  ആയാലും എനിക്കത്ര വേദന തോന്നിയാലും ഞാൻ മാറ്റി നിർത്തും.  സ്ത്രീകളുടെ കണ്ണിൽ കൂടെ അവരെ നോക്കി കാണാൻ ശ്രമിക്കുന്നതിനു കാരണമുണ്ട്, നീതി കിട്ടാതെ പോയ അശരണരായ  അസംഖ്യം നിസ്സഹായരായ സ്ത്രീകളെ കണ്ടിട്ടുള്ളതുകൊണ്ടാണ്.


അങ്ങനെ ഞാൻ ആ മനുഷ്യനോട് അകലം കാണിക്കാൻ തുടങ്ങി.


പിന്നീടെപ്പോഴും അവൾ  ഞങ്ങൾ തമ്മിൽ എങ്ങനെയുണ്ടായിരുന്നു, എന്നറിയാൻ വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി. എന്നെ അടിമുടി  അറിയുന്ന ഒരാൾ പാർട്ണർ ആയി കൂടെ ഉള്ളത് വലിയ ആശ്വാസം തന്നെ, ഇവളുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ ഇത് ചങ്കിന്റെ തന്നെ കാമുകി ആണോ എന്ന്  അവനു സംശയമായി.

അവളുടെ ചോദ്യങ്ങൾക്ക് അവൾക്ക് ആവശ്യമെന്ന് തോന്നുന്ന തരത്തിൽ എന്തൊക്കെയോ അപ്പപ്പോൾ വായിൽ തോന്നിയത് പറഞ്ഞു, ഞാൻ അവളെ ഒബ്സർവ് ചെയ്തു. കാര്യം ഏകദേശം ഉറപ്പായപ്പോൾ നീയാണോ അവന്റെ കാമുകി എന്ന് നേരിട്ട് ചോദിച്ചു. അല്ലെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു.  ഞാൻ 'വീണ്ടും ലിസ' ആയി .

രണ്ടുമാസം കഴിഞ്ഞപ്പോൾ ഒരു രാത്രി അവൾ എന്നോട് പറഞ്ഞു അവളാണ് ചങ്കിന്റെ കാമുകി, എന്റെ പേരും പറഞ്ഞ് അവനുമായി തല്ലു കൂടി, അവൻ എന്നന്നേക്കുമായി പിണങ്ങി പോയി എന്ന്. 'ഇനി അവനെ നീ എടുത്തോ, എന്ന് '( അവനെന്താ കൊടുക്കാൻ വെച്ചിരിക്കുന്ന ഉരുളിയോ )

ഇത് വരെ അവനെ കുറിച്ച് അവൾ പറഞ്ഞതെല്ലാം നുണയായിരുന്നുവെത്രെ . ഇതെല്ലാം കേട്ട് അപ്പിയിൽ ചവിട്ടിയ തോന്നലിൽ, ആ വഴുവഴുപ്പും നാറ്റവും ആണ് മനസ്സിൽ നിറയെ . പിന്നെയവൾ ഹിസ്ടീരിക്കായി നെഞ്ചത്തടിച്ചു കരഞ്ഞു എന്നെ കുറ്റപ്പെടുത്തൽ ആയി പണി.എനിക്കും തോന്നി ശ്യോ ഞാൻ കാരണമാണല്ലോ അവർ തല്ലു കൂടിയത്, കുറ്റബോധം കൊണ്ട് ഞാൻ കരഞ്ഞു പോയി.  പ്രണയം തകർന്നവരെ ആശ്വസിപ്പിക്കാൻ വലിയ പ്രയാസമാണ്, അത് കൊണ്ട് അവളെ ഒറ്റക്കാക്കാതെ ചേർത്ത് പിടിച്ചു ഞാൻ, അവളെങ്ങാൻ ചത്ത് കളയുമോ എന്ന് പേടിച്ചു പോയി  അതാണ് സത്യം.

അവനോട് കാര്യം സംസാരിക്കാൻ പോയപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ ബ്ലോക്ക് ഓഫീസിൽ ആണെന്ന്, ഞാൻ അവനെ പറഞ്ഞതെല്ലാം സ്ക്രീൻഷോട്ടും വീഡിയോയും റെക്കോർഡിങ് ആയി അവൻ എത്തിയിട്ടുണ്ടായിരിക്കണം,


എന്തായാലും ദിവസങ്ങളോളം നീണ്ട കരച്ചിലിന് ശേഷം, രണ്ടും കൂടെ ജായും ഡായും ആയ ദിവസം, അവൾ എന്നോട് ഒരു കാര്യം പറഞ്ഞു, അവർ രണ്ടുപേരും ഞാൻ അവരോട് ചെയ്ത തെറ്റല്ലാം ഫോർഗീവ് ചെയ്തു, അതുകൊണ്ട് വലിയ പിടിപാടുള്ള അവൻ എന്നെ ഉപദ്രവിക്കാതെ അവൾ നോക്കിക്കൊള്ളാമെന്ന്. They are harmless to me എന്ന് അതിൽ കനത്ത ഭീഷണി എനിക്ക് ഫീൽ ചെയ്തപ്പോഴാണ് എന്റെ ബുദ്ധി തിരിച്ചുവന്നത്.

ഉടനടി ഞാൻ ചോദിച്ചു ഞാൻ എന്ത് തെറ്റാണ് ചെയ്തത്, നീ അവനെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞപ്പോൾ നിന്നെ ആശ്വസിപ്പിക്കാൻ വേണ്ടി കൂട്ടത്തിൽ നിന്ന് പറഞ്ഞു എന്നുള്ളത് സത്യമാണ്, അത് സാധാരണ ആരും ആശ്വസിപ്പിക്കാൻ പറയുന്ന സ്ഥിരമായ ഒരു കാര്യം മാത്രമാണ്. മാത്രമല്ല നീ നിന്റെ ജീവനാണ് , ആത്മാവാണ് എന്നൊക്കെ പറയുന്ന പുരുഷനെ അല്ലെ സെക്ഷ്വൽ predetor ആയി ഇത്രയും നാൾ എന്റെ മുമ്പിൽ അവതരിപ്പിച്ചത്,  നിങ്ങൾ രണ്ടു പേരും ഇങ്ങോട്ട് വന്നു കൂട്ടായതല്ലേ എന്നൊക്കെ .


അപ്പോൾ അവൾ പറയുകയാണ്, അയാൾ കുറെ പെണ്ണുങ്ങളെ മൂന്നുമാസം കൂടുമ്പോൾ ഗോസ്റ്റ് ചെയ്താലും അവളെ ഒരു നിമിഷം പോലും ബോറടിച്ചിട്ടില്ല, സ്വന്തം കുടുംബത്തിനും മീതെയാണ് അവരുടെ ബന്ധം എന്ന്. മാത്രമല്ല അയാൾ പറ്റിച്ചെന്നു പറയുന്ന പാവം സ്ത്രീകളോട് അവൾക്ക് ആകെ പുച്ഛവും പരിഹാസവും. 


ആ രണ്ടെണ്ണത്തിനെയും ഇക്കണക്കിന് ഹൃദയത്തിൽ എടുത്ത് വെച്ച് സ്നേഹിച്ച എന്നെ വേണം ടപ്പേ ടപ്പേ ന്ന് തരാനെന്നേ പറയാനൊള്ളൂ, പൊതുവെ ആരോടും തോന്നാത്ത കൊടും സ്നേഹം അവർ രണ്ടാളോടും എനിക്ക് തോന്നി പോയി, എന്തിനു പറയുന്നു രണ്ടിനെയും ഒന്നിച്ചു സ്വപ്നത്തിൽ പോലുംകണ്ടിട്ടുമുണ്ട്, ആ ദിവസം അവർ ഒന്നിച്ചുണ്ടായിരുന്ന ദിവസവും കൂടെ ആയിരുന്നുവത്രെ.  എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആരെയും സ്നേഹിക്കുന്നവർ എനിക്ക് പ്രിയപ്പെട്ടവർ ആണെന്നാണ് എന്റെയൊരു രീതി, അതിപ്പോൾ എന്റെ ഭർത്താവിനെ സ്നേഹിക്കുന്ന ഒരുത്തി ആയാലും അങ്ങനെയാണ്. അപ്പോഴാ ഒരു അന്യൻ.

എന്തായാലും ഒരു ദിവസം അവൾ പറഞ്ഞു, എന്റെ പ്രഷ്യസ് ചങ്കും ,  ഓൾടെ കണവനും  ഞാൻ അവളുടെ  ജീവിതത്തിലെ ഒരു ബാഡ് ഓമൻ ആയത് കൊണ്ട് അവളോട്, എന്നോട് മിണ്ടരുതെന്ന് നിർബന്ധം പിടിക്കുന്നു എന്ന്. ശെടാ ഞാനാരായി, ഐ ബിക്കം ഷഷി


അതും പറഞ്ഞ് അവൾ ഒരു ഗുഡ്ബൈ നോട്ട് തന്നിട്ട് സ്ഥലം കാലിയാക്കി എന്തുതന്നെയായാലും അവനെക്കാൾ നല്ലത് അവൾ തന്നെയാണ്, ഒരു ക്ലോഷർ തന്നല്ലോ.


ഏത് ചെറിയ ബന്ധമാണെങ്കിലും, എന്റെ വീട്ടിൽ സ്ഥിരം വരുന്ന പൂച്ചക്കുട്ടിയെ പോലും കാണാതായാൽ വലിയ സങ്കടം വരുന്ന ആളാണ് ഞാൻ, അപ്പോൾ ഇതൊക്കെ ഉണ്ടാക്കുന്ന ട്രോമ ഒന്നും പറയാനില്ല. തേപ്പൊന്നും പുത്തരിയല്ലെങ്കിലും, ഇത്ര അഴുകിയത് ആദ്യായിട്ടായിരുന്നു. എന്തായാലും രണ്ടുപേരും സന്തോഷമായി ഇരിക്കുകയാണല്ലോ എന്ന് ആലോചിച്ചു ഞാൻ.

പക്ഷെ കാര്യങ്ങൾ കഴിഞ്ഞിട്ടില്ലായിരുന്നു.

പിന്നെയവൾ എന്നെ സ്ഥിരമായി ഓൺലൈനിൽ സദാ 'അനുധാവിക്കാൻ' തുടങ്ങി, പ്രത്യേക രീതിയിൽ 'ഡിങ്കോൾഫി' കാര്യങ്ങൾ ചെയ്തുകൊടുക്കുന്ന ഒരു ഇടം അവൾക്ക് ഓൺലൈനിൽ സ്വന്തമായി ഉണ്ട്. അതിൽ ആണെങ്കിൽ അത്തരത്തിലുള്ള ഭീതിപ്പെടുത്തുന്ന രീതികൾ പിന്തുടരുന്ന, ആളുകൾ ധാരാളമുണ്ട്. ഏല്ലാറ്റെം കൂടെ എന്നേ ഓൺലൈനിൽ പിന്തുടരുന്നുണ്ട്.

അവരുടെ ജീവിതത്തിൽ ഇല്ലാത്ത എന്നെ, എന്നോട് മിണ്ടാത്ത  അവൾ എന്തിനാണ് ഇങ്ങനെ നോക്കിയിരിക്കുന്നത്  എന്ന് മനസ്സിലാകുന്നേ ഇല്ല്യ. 

ഇതെഴുമ്പോഴും ചെറുതല്ലാത്ത ഭയം മനസ്സിലുണ്ട്. 

എന്നെക്കാൾ കൂടുതൽ എന്റെ പാർട്ട്നർക്കാണ് ആ പേടിയുള്ളത്, എന്നെ ബ്ലോക്ക് ചെയ്തപ്പോഴേ അവനെന്നെ വിഷമിപ്പിച്ചു എന്ന പേരിൽ പാർട്ണർക്ക് നല്ല ദേഷ്യം ഉണ്ട്. കാര്യം പറഞ്ഞു പിരിയാൻ ഉള്ള ചങ്കൂറ്റം കാണിക്കണ്ടേ. 

പണ്ട് തിരുവനന്തപുരത്തെ ഒരു പ്രമുഖനെ സ്ത്രീ പീഡനക്കേസിൽ തെളിവുപറഞ്ഞത് മുതൽ അയാൾ കൊട്ടേഷൻ കൊടുക്കുമോ എന്നായിരുന്നു ഒരുകാലത്ത് പേടി, നോർത്ത് ഇന്ത്യയിലും ആയിരുന്നപ്പോൾ സ്ത്രീകളെ റെസ്ക്യൂ ചെയ്തതിനു ആരെങ്കിലും എന്നെ വെടിവെച്ചു കൊല്ലും എന്നായിരുന്നു പേടി, ഇപ്പോഴവൻ , ഇയാളോ ഈ സ്ത്രീയോ എന്നെ എന്തോ എന്തെങ്കിലും ചെയ്യുമോയെന്ന ഭയത്തിലാണ്. 

 ഞാനും കരുതി ഇരിപ്പുണ്ട്, വേണ്ടപ്പെട്ട കുറച്ചാളുകളെ ഏല്പിച്ചിട്ടുണ്ട് എങ്ങാനും തട്ടിക്കളഞ്ഞാൽ എന്താ ചെയ്യേണ്ടത് എന്ന്. നല്ലതു ചെയ്ത് ക്വട്ടേഷൻ വാങ്ങിക്കുന്നത് പണ്ടേ ശീലമാ,  ഇപ്പോഴും എന്റെ വിശ്വാസം ആ ചങ്കെന്നെ  അപായപ്പെടുത്തില്ല എന്ന് തന്നെയാണ്, അയാൾ അത്ര ദുഷ്ടനല്ല എന്ന് തന്നെയാണ് വിശ്വാസം.

അതിൽ ഏറെ കഷ്ടം തോന്നിയത് ഇത്രയും ഡിങ്കോൾഫിക്കലി ആക്ടീവ് ആയിട്ടുള്ള, കൃത്യമായി ചോയ്സ് ഉള്ള സർവീസ് പേജ് ഉള്ള മൊതലിനെയാണ്  asexual ആക്കി എന്നും പറഞ്ഞു അവനോട് നേരിട്ടല്ലെങ്കിലും ഞാൻ തെറി വിളിച്ചത്. ഒറ്റ ടെലിഗ്രാം വിളി കൊണ്ട് എന്റെ ഫോൺ നമ്പർ ചൂണ്ടിയ, സകല സോഷ്യൽ മീഡിയയിലും പേജ്കൾ ഉള്ള ഒരാളാണ് ലവൾ . ആ മുതലാണ് ടെക്‌നോളജി അറിയില്ലെന്നും sexual കാര്യങ്ങൾ ഒന്നും അറിയില്ല എന്നും പറഞ്ഞു ഇള്ള കളിച്ചത്. അത് വിശ്വസിച്ച ഞാൻ എന്തൊരു വലിയ ആന മണ്ടിയാണ്.

ഈ വിവരങ്ങൾ എഴുതരുത് എന്ന് അവൾ പണ്ടേ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എഴുതിയാൽ അവനെന്നോട് ക്ഷമിക്കില്ല എന്നാണ് അവൾ പറഞ്ഞിരിക്കുന്നത്. എന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോയവർ ക്ഷമിച്ചാലെന്ത് ഇല്ലെങ്കിലെന്ത്.,  ആകെ അറിയുന്നത്  അനുഭവമെഴുത്താണ്. അത് ചെയ്യുന്നുവെന്ന് മാത്രം. പേടിയില്ലാതെ അല്ല,. 

അവർ രണ്ട് പേരും നന്നായിരിക്കട്ടെ എന്നാഗ്രഹിക്കുന്നു, വയസ്സാം കാലത്തെങ്കിലും അവരാഗ്രഹിക്കുന്നത് പോലെ രണ്ടിനും ഒന്നിച്ചു ജീവിക്കാൻ യോഗമുണ്ടാകട്ടെ. അവളോടെനിക്ക്, കനത്ത സഹതാപവും സങ്കടവും  ഉണ്ട്, കാരണം എത്രയോ കൊല്ലങ്ങളായി പ്രണയത്തിൽ ആയിട്ടും അയാൾ കൊടുത്ത അരക്ഷിതാവസ്ഥ കൊണ്ടാകുമല്ലോ അവനു ചുറ്റുമുള്ള പെണ്ണുങ്ങളെ വെറുപ്പിക്കാൻ നടക്കുന്നത്. ഇപ്പോഴും അവൻ നന്നായല്ല അവളെ പ്രണയിച്ചത് എന്ന് തന്നെയാണ് തോന്നുന്നത്.

അത് കഴിഞ്ഞ് അടുത്ത കൂട്ടുകാരൻ കൊണ്ടുവന്ന മറ്റൊരു സ്ത്രീ പീഡനക്കേസിന്റെ ഇരയായ പെൺകുട്ടി എന്നെ വിളിച്ചത്. അവൾ വിളിച്ച വശം ഞാൻ അവളോട് പറഞ്ഞു തെളിവില്ലാതെ ഞാൻ ഈ കേസെടുക്കില്ല. 

ആ കുട്ടി വാ വിട്ടു നിലവിളിക്കുന്നത് കണ്ടപ്പോഴാണ് എന്റെ കരുണയില്ലായ്മ ഞാൻ ശ്രദ്ധിച്ചത്.ദുഷ്ടർ തെളിവുണ്ടാക്കി വെച്ചിട്ടല്ലല്ലോ പീഡിപ്പിക്കാൻ നടക്കുക.

ഈ മോശം അനുഭവം കാരണം എന്റെ ഉള്ളിൽ സംശയവും മനുഷ്യരിൽ ഉള്ള വിശ്വാസവും എത്രമാത്രം കുറഞ്ഞു പോയെന്ന് അപ്പോഴാണ്തിരിച്ചറിഞ്ഞത്

ഞാനത് തിരുത്തുകയും ചെയ്തു. ഓരോ തേപ്പും കഴിഞ്ഞാൽ പഴയ വിശ്വാസം തിരിച്ചെടുക്കാൻ വലിയ സ്‌ട്രെയിൻ എടുക്കാറുണ്ട്, ഇവിടെയും അത് വേണ്ടി വന്നു. ആ കുട്ടിയ്ക്ക് ശരിയായ കാര്യം പറഞ്ഞു നടത്തുമ്പോൾ എനിക്ക് എന്നോട് തന്നെ വല്ലാത്ത സ്നേഹം തോന്നി. കാരണം ഞാൻ ഇപ്പോഴും ആ പഴയ ആൾ തന്നെ ആയിരിക്കുന്നതിന്.  ഒരു ചീത്ത അനുഭവം കൊണ്ട് രണ്ട് മനുഷ്യർക്കിടയിൽ ഉണ്ടായേക്കാവുന്ന, ഇനിയും വരാൻ പോകുന്ന, നല്ല സ്നേഹമോ അനുഭവങ്ങളോ ലഭിക്കാതെ പോകരുതെന്ന് എന്ന സ്വാർത്ഥത കൊണ്ടാണ് ഇത് ഞാൻ തുടരുന്നത്.

Saturday, 17 January 2026

The crying North Indian girl in the Thrissur Railway station!


അന്ന് അച്ഛന്റെ 41 കഴിഞ്ഞു തിരിച്ചു വരുന്ന ദിവസമായിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെയില് ചാഞ്ഞു പോയ നേരത്ത്, വന്ദേ ഭാരത് എത്തുന്നതിന് അരമണിക്കൂർ മുൻപേ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഓർമ്മയിൽ  അച്ഛനോർമ്മകൾ കയറി വന്നപ്പോൾ, വായനയിലേക്ക് മനസ്സ് തിരിച്ചു വിട്ടു 

 ഒരു  അടക്കി പിടിക്കാൻ ശ്രമിക്കുന്ന കരച്ചിൽ കേട്ടാണ് ഞാൻ മുഖമുയർത്തി നോക്കിയത്,

അപ്പോഴാണ് തൊട്ടു മുൻപിലൂടെ വിങ്ങി ഉലഞ്ഞു, ചുവന്നു റെയിൽവേ സ്റ്റേഷനിലെ ആളുകൾ കാണുമല്ലോ എന്ന ഭയത്തെയും കടന്ന് നിലവിളിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടത്. അവൾ കൃത്യമായി എനിക്ക് എടുത്ത് തന്നെ വന്നിരുന്നു എങ്ങലടിച്ചു കരഞ്ഞവളുടെ വിഷമത്തെ മുഴുവൻ അവളുടെ ഫോണിന്റെ മറുഭാഗത്തെ ആൾക്ക് കൊടുക്കുന്നുണ്ടായിരുന്നു. 

അടുത്തിരുന്ന എന്നെ പോലും ആ ഉലച്ചിൽ വന്നു തൊടുന്നുണ്ടായിരുന്നു.

 ഹിന്ദിയിലാണ് സംഭാഷണം30- 32 വയസ്സ് തോന്നിക്കുന്ന പെണ്ണാണ്. അപ്പുറത്തുള്ള അവളുടെ ബേബിയോട് ആണ് അവൾ  കരഞ്ഞ്  കാര്യങ്ങൾ പറയുന്നത്.

 കണ്ടപ്പോഴേ ഊഹം തോന്നി പ്രണയം തന്നെ!   കഠിനമായ ഒരു  വേർപാടിന്റെ തുടക്കം ആയിരിക്കണം, ഞാൻ മനസ്സിൽ പറഞ്ഞു. 

അവൾ ഫോൺ വച്ചതും,  വെട്ടിവിറച്ച് ചെറുതായി പിന്നോക്കം മലക്കാൻ പോയി,  നെഞ്ചിൽ കൈകൾ വച്ച് അമർത്തി വേദനിക്കുന്നത് എനിക്ക് കാണാമായിരുന്നു. ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അവളെ  ചെന്ന് വട്ടം പിടിച്ചപ്പോൾ ആരെന്ന് നോക്കാതെ അവളെന്നിലേക്ക് ചാഞ്ഞു. അവളുടെ ശരീരം വെട്ടി വിറക്കുന്നുണ്ടായിരുന്നു. അവൾ വെറുമൊരു നിലവിളി മാത്രമായി മാറി.

 എന്തുപറ്റി എന്ന ചോദ്യത്തിന് അവൾക്ക് സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല റെയിൽവേ സ്റ്റേഷനിലൂടെ പോകുന്നവർ ഞങ്ങളെ തുറുപ്പിച്ചു. നോക്കുന്നുണ്ടായിരുന്നു. എന്റെ കയ്യിൽ ഇരുന്ന വെള്ളം ബോട്ടിൽ എടുത്ത് കുറച്ചു വെള്ളം അവൾക്ക് കൊടുത്തു. നെഞ്ചിലും പുറത്തും തടവി അവളെ സമാധാനിപ്പിച്ചു  കൊണ്ടിരിക്കുന്നതിനിടയിൽ വീണ്ടും ഇലക്ട്രിക് ഷോക്ക് അടിച്ചപോലെ അവൾ വീണ്ടും വെട്ടിവിറച്ച് ഒന്നുകൂടെ പുറകോട്ട് മലച്ചു,  കടുത്ത നെഞ്ചുവേദനയോടെ ശ്വാസം വിലങ്ങി പിടഞ്ഞു. അവളപ്പോൾ തന്നെ മരിച്ചു പോകുമോ എന്ന് ഞാൻ പേടിച്ചു പോയിരുന്നു.

പാനിക്ക് അറ്റാക്ക് ആണെന്ന് പിന്നെ മനസ്സിലായി. എന്റെ ചുമലിൽ ചാരി ഇരുന്നവൾ വിങ്ങി വിങ്ങി കരയാൻ ആരംഭിച്ചു എന്റെ  ചുമൽ കണ്ണുനീരു കൊണ്ട് നനഞ്ഞൊഴുകി.

 പിന്നെ ചോദിക്കാതെ തന്നെ മനസ്സിലുള്ളതെല്ലാം അവളിരുന്ന് പറയാൻ തുടങ്ങി.

 അവൾക്കൊരു ഓൺലൈൻ റിലേഷൻഷിപ്പ് ഉണ്ട്. എല്ലാ ദിവസവും ഒരുമിച്ചാണ് അവർ. അവൾ ഇപ്പോൾ ബേബി എന്ന് വിളിച്ച അയാൾ തന്നെ. ഭാര്യയും കുട്ടിയും മരിച്ച ഒരു ഓസ്ട്രേലിയയിൽ സെറ്റിൽ ആയിട്ടുണ്ടെന്ന് അവളോട് പറഞ്ഞിട്ടുള്ള ഒരാൾ. 

അവൻ ഓസ്ട്രേലിയയിൽ നിന്ന് ഈ കുട്ടിയെ കാണാനായി മാത്രം ഇന്ത്യയിലേക്ക് വന്നുവത്രെ. ബോംബെ എയർപോർട്ടിൽ വെച്ച് മുംബൈ പോലീസ് അവനെ എന്തോ പറഞ്ഞു തടഞ്ഞു വെച്ചിരിക്കുകയാണ്.  20,000 രൂപ അയച്ചു കൊടുത്താൽ അവരവനെ വിടും.

ആ പൈസ അവന്റെ കയ്യിൽ ഇല്ലാത്തത് കൊണ്ട് അവളോട് അയച്ചു കൊടുക്കാൻ പറഞ്ഞിരിക്കുകയാണ്. അവളുടെ ഒരു മാസത്തെ ശമ്പളം ആണ് ഇരുപതിനായിരം രൂപ, ഇപ്പോൾ അഡ്വാൻസ് ആയി ചോദിച്ചിട്ടും തൊഴിലുടമ പൈസ കൊടുത്തില്ല. അവനെ ജയിലിൽ ഇടുമെന്നു പോലീസ് പറഞ്ഞിരിക്കുകയാണ്. അത് കൊണ്ടാണ് ഈ പെൺകുട്ടി കരയുന്നത്. 

വെള്ളം കുടിച്ച് കുറച്ച് ആശ്വാസമായപ്പോൾ ഞാൻ പറഞ്ഞു ഇത്തരത്തിൽ സ്കാമുകൾ ഇഷ്ടം പോലെ നടക്കുന്നുണ്ട്.

 ഓൺലൈൻ ആയാലും അവൾ അതികഠിനമായ പ്രണയത്തിലാണ്. പ്രണയത്തിൽ ആയിരിക്കുന്നത് എവിടെയാണെങ്കിലും സ്ത്രീകൾ എത്രമാത്രം ആത്മാർത്ഥതയോടെയാണ് അതിനെ എടുക്കുന്നത് അവൾ എനിക്ക് വീണ്ടും തെളിയിച്ചു തന്നു.

അവൾ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.

  ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു ഓൺലൈനിൽ കാണുന്ന എല്ലാ പുരുഷന്മാരെ നമുക്ക് വിശ്വസിക്കാനാവില്ല ഇത് പോലെ വിശ്വസിച്ചവർക്ക് എല്ലാം പണി കിട്ടിയിട്ടുണ്ട്, അതുകൊണ്ട് ആ വേദന എന്തെന്നറിയാം. 

 അതുകൊണ്ടാണ് പറയുന്നത് ഇതൊരു സ്‌കാമാണ്, പൈസ അവൻ വെറുതെ ചോദിക്കുന്നതാണ് അല്ലെങ്കിൽ അവന് ചോദിക്കാൻ വേറെ ആൾക്കാർ ഉണ്ടാവില്ല എന്ന്

അവൻ പറഞ്ഞു  വിശ്വസിപ്പിച്ചിരിക്കുന്നത്  നാട്ടിൽ ആരും ബന്ധുക്കളില്ല,   ആകെയുള്ള ബന്ധം ഈ കുട്ടി മാത്രമാണ് എന്നാണ്. 

'നീ കാണാത്ത ഒരാൾ തന്ന വാഗ്ദാനമല്ലേ കുഞ്ഞേ, ഓരോ നിമിഷവും എത്രയോ സ്ത്രീകൾക്കാണ് ഓൺലൈൻ പ്രണയം കാരണം പണി കിട്ടുന്നതെന്ന് അറിയാമോ' എന്ന് ചോദിച്ചപ്പോൾ അവളെന്നോട് തിരിച്ചു പറഞ്ഞത് "ഞാൻ ഏറ്റവും കൂടുതൽ ഈ ഭൂമിയിൽ പ്രണയിക്കുന്ന,  ജീവനുതുല്യം സ്നേഹിക്കുന്നവനല്ലേ ദീദി, ചിലപ്പോൾ അവൻ ശരിക്കും ഇങ്ങനത്തെ ഒരു അവസ്ഥയിലാണെങ്കിലോ ഇരുപതിനായിരം രൂപ പോയാലും കുഴപ്പമില്ല ഞാനിത് അയച്ചില്ലെങ്കിൽ എനിക്ക് മനസ്സമാധാനം ഇല്ലാതെ ഇനിയുള്ള കാലം ജീവിക്കേണ്ടി വരും" എന്നാണ്. 

 പ്രണയമാണ് പറഞ്ഞാൽ മനസ്സിലാകില്ല, അത് എത്ര വയസ്സുകാരി ആയാലും അവർക്കത് മനസ്സിലാകണമെന്നില്ല, അതെല്ലാം ഞാനും കടന്നു പോയിട്ടുള്ളതാണല്ലോ, അത് കൊണ്ട് തന്നെ ഞാൻ പറച്ചിൽ നിർത്തി.

  ഈ ഇരുപതിനായിരം രൂപ അവൾക്ക് നഷ്ടപ്പെടട്ടെ അവൾക്കൊരു പാഠം പഠിക്കാനുള്ള ഫീസ് ആയിട്ട് ഞാൻ ഇതിനെ കണക്കാക്കി.

അപ്പോഴേക്കും വന്ദേ ഭാരത് വരുന്നുണ്ടെന്നുള്ള അനൗൺസ്മെന്റ് കേട്ടു, 

 അവളുടെ കഴുത്തിൽ കിടക്കുന്ന വെള്ളി നിറമുള്ള കൊന്ത നോക്കി ഞാൻ അവളോട് ചോദിച്ചു 'നിനക്ക് നല്ല വിശ്വാസമില്ലേ, നിനക്ക് നല്ലതിനു വേണ്ടിയാണ് ഇത് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് പറഞ്ഞതൊന്നും മറക്കാതിരിക്കുക. നന്നായി പ്രാർത്ഥിക്കുക,' അവളെ ആശ്വസിപ്പിക്കാൻ അപ്പോൾ അതു മാത്രമേ എന്റെ കയ്യിൽ മറുവഴി ഉണ്ടായിരുന്നുള്ളൂ. അവൾ നിറഞ്ഞു ചുവന്ന ക ണ്ണുകളിൽ പ്രതീക്ഷ നിറയുന്നുണ്ടായിരുന്നു. പതുക്കെ അവൾ കൊന്തയിൽ തൊടുന്നുണ്ടായിരുന്നു. 

എന്നിട്ടും പോലീസിനെ അറിയിക്കണോ എന്നും കൂടെ ചോദിച്ചു. 

'അവൻ ഒരു ചതിയൻ ആണെങ്കിലോ ദീദി, വേണ്ടാ അവനെ ഞാനായിട്ട് ഉപദ്രവിക്കില്ല' എന്നവൾ.  

അവൾ എന്റെ ഫോൺ നമ്പർ വാങ്ങി, പിന്നെ അടുത്ത് വന്നെന്നെ ഇറുകെ കെട്ടിപിടിച്ചു.   അവളൊരിക്കലും എന്നെ  മറക്കില്ലന്ന് പറഞ്ഞപ്പോൾ ഞാൻ  ശ്രീനിവാസന്റെ ഡയലോഗ് പറഞ്ഞു 'എന്നെ ഓർക്കുകയേ വേണ്ട, ഓർത്തു വെക്കാനായി ഞാനിപ്പോൾ ആർക്കും ഒന്നും ചെയ്യാറില്ല' എന്ന്. 

വന്ദേ ഭാരതിലേക്ക് കയറും മുൻപേ ഒരിക്കൽ കൂടെ ഞാൻ പറഞ്ഞു. രണ്ടോ മൂന്നോ തവണ പൈസ വാങ്ങിച്ചു കഴിയുമ്പോൾ അവൻ നിന്നെ ഗോസ്റ്റ് ചെയ്തു പോകും. അന്നും ഇതുപോലെ പാനിക്കറ്റാക്ക്  വരാതെ നോക്കണം. ഇപ്പോഴേ അതിന് തയ്യാറെടുക്കുക. നമ്മുടെ ആരോഗ്യം നമ്മൾ തന്നെയാണ് നോക്കേണ്ടത്. നമ്മളെ ഇട്ടിട്ട് പോകുന്നവർ അതൊന്നും ആലോചിക്കുന്നവർ ആകില്ലല്ലോ. അത് കൊണ്ടല്ലേ ഇങ്ങനെ ഇട്ടിട്ട് പോകാൻ പറ്റുന്നത്. വ്യക്തമായ പ്ലാനോടെ അവർ വരുന്നതേ നമ്മളെ പറ്റിക്കാനാണ്. നിനക്ക് നല്ലതേ വരൂ നിനക്ക് പഠിക്കാനുള്ള ഒരു വലിയ പാഠമാണ്  ഇതെന്ന് കരുതു എന്നും പറഞ്ഞു ട്രെയിനിലേക്ക് കയറുമ്പോൾ  അവൾ വീണ്ടും പറഞ്ഞു 'നല്ല വാർത്ത വല്ലതും വന്നാൽ വിളിക്കും ഇല്ലെങ്കിൽ ഞാൻ ഒരിക്കലും വിളിക്കില്ല.'

ട്രെയിനിൽ ഇരിക്കുമ്പോൾ മുഴുവനും ഹൃദയമുലഞ്ഞു കരയുന്ന ആ പെൺകുട്ടിയായിരുന്നു മനസ്സിൽ. അവളുടെ പേരാണെങ്കിൽ ഞാൻ ചോദിക്കാനും മറന്നു പോയിരുന്നു.

പ്രണയമെന്ന മനോഹരമായ ആ വികാരത്തെ ഉപയോഗിച്ച് എത്രയോ മനുഷ്യരാണ് ഹൃദയങ്ങളെ ഇങ്ങനെ അമ്മാനമാടുന്നത്,  

ഇത്തരം ആണുങ്ങൾക്ക് ഹൃദയം ഇല്ലെ ആവോ? അവരിങ്ങനെ ഇങ്ങനെ കടന്നു പോകുമ്പോൾ ആ സ്ത്രീകളെ കുറിച്ച് ഒരിക്കലെങ്കിലും ഓർക്കുമോ ആവോ?  നൂറായിരം ചോദ്യങ്ങളുമായാണ് ഞാൻ യാത്ര തിരിച്ചത്.

പ്രണയത്തെ സെക്സിനും, പണത്തിനും മാറ്റാവശ്യങ്ങൾക്കും വേണ്ടി ഉപയോഗിച്ച് അപ്പുറത്ത് നിൽക്കുന്ന മഹാപാവം മനുഷ്യരെ ഒരു നിമിഷം പോലും ഓർക്കാതെ പോകുന്നവരുടെ മനസ്സമാധാനത്തിനു ഒരു പ്രശ്നവും ഇല്ലല്ലോ എന്നോർത്തു, അവളെ കണ്ടു കടന്നു പോയ എന്റെ സമാധാനത്തെ തിരിച്ചു പിടിക്കാൻ ബുദ്ധിമുട്ടുമ്പോൾ അതായിരുന്നു ചിന്തിച്ചത്.

ഒരർഹതയുമില്ലാത്ത അയാളെ ഇത്ര മാത്രം ആഴത്തിൽ, കളങ്കമില്ലാതേ സ്നേഹിക്കുന്ന അവളെ കണ്ടിട്ട് എനിക്ക് അയാളോട് കനത്ത ദേഷ്യം തോന്നി.

ഈ ചതി അവൾ അതിജീവിച്ചു   വരുമ്പോഴേക്കും എത്രമാത്രം വേദനകളിലൂടെ, അവിശ്വാസത്തിലൂടെ കടന്നു പോകും! ജീവിതം മുഴുവൻ മാറ്റിമറിക്കുന്ന ഒരു അനുഭവമായി എന്നും ഇതിന്റെ വേദന അവൾക്കൊപ്പം ഉണ്ടാകും. 

ആഴ്ച രണ്ടു കഴിഞ്ഞു ഇപ്പോഴും അവൾക്ക് വരാനുള്ള 'അച്ചി ഖബർ' വന്നിട്ടില്ലെന്നു തോന്നുന്നു. അവൾ എന്നെ വിളിച്ചിട്ടുമില്ല ഞാൻ തിരിച്ചും വിളിച്ചിട്ടില്ല. 

ദ ക്രയിങ് നോർത്ത് ഇന്ത്യൻ ഗേൾ ഇൻ ദി തൃശൂർ റെയിൽവേ സ്റ്റേഷൻ  എന്ന് ഞാൻ സേവ് ചെയ്തിരിക്കുന്ന ആ നമ്പറിൽ നിന്ന് ഞാൻ ആ വിളി പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം.